തിരുവനന്തപുരം: പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടി?

പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. അവരുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടായിരിക്കാം. സർക്കാരിന്റെ പോക്ക് എങ്ങോട്ടെന്നും അദ്ദേഹം ചോദിച്ചു. കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്. കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. ദളിത് വിഭാഗത്തിൽ നിന്നുള്ളതുകൊണ്ടാണോ കണക്കിലെടുക്കാത്തത്. പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ബിജെപി സർക്കാർ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു.പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു