- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസപ്പടിയിൽ രാഷ്ട്രീയ ഒത്തുതീർപ്പ്! ആരോപണങ്ങൾക്ക് മൗനത്തിലൂടെ മുഖ്യമന്ത്രിയുടെ മറുപടി; രാഷ്ട്രീയമായ കാര്യങ്ങളിൽ മറുപടി പറയാൻ ബാധ്യതയുണ്ടെന്നും പരസ്യമായി പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസും ഭാര്യയുടെ മാസപ്പടിയിൽ മൗനത്തിൽ; ഗവർണർക്ക് വിഷയത്തിൽ നടപടി എടുക്കാൻ അധികാരമില്ലെന്നത് സർക്കാറിനും ആശ്വാസം; മല പോലെ വന്ന വിവാദം എലി പോലെ പോകുമ്പോൾ!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു മുന്നണിയെയും തീർത്തും വെട്ടിലാക്കുന്ന വിവാദമായിരുന്നു മകൾ വീണ വിജയന് കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും മാസപ്പടി കിട്ടിയ സംഭവം. ഈ വിവാദം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഒഴികെ മറ്റൊരു പ്രതിപക്ഷ നേതാവും ഏറ്റുപിടിക്കാൻ ഇല്ലാത്ത അവസ്ഥ വന്നതോടെ ചായകോപ്പയിലെ കൊടുങ്കാറ്റ് പോലെ കെട്ടടങ്ങുകയാണ്. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടർന്നതോടെ മലപോലെ വന്ന വിവാദം എലിപോലെ പോകുകയാണ്.
മുഖ്യമന്ത്രിക്കൊപ്പം വീണയുടെ ഭർത്താവും മന്ത്രിമായ മുഹമ്മദ് റിയാസും വിഷയത്തിൽ പ്രതികരണത്തിന് മുതിർന്നിട്ടില്ല. റിയാസ് തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിനൊപ്പം നൽകിയത് തെറ്റായ വരുമാനക്കണക്കാണെന്ന ആരോപണം ഉയർന്നിട്ട് അദ്ദേഹത്തിനും മിണ്ടാട്ടമില്ല. പ്രതികരിച്ചാൽ അത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നതിനാൽ മൗനത്തിന്റെ വഴിയിലാണ് റിയാസും. നിയമവിരുദ്ധമായി പണം നൽകിയ രാഷ്ട്രീയനേതാക്കളുടെ പേരെഴുതിയ കരിമണൽ കമ്പനിയുടെ പറ്റുബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷനേതാക്കളുടെയും പേരുകളുണ്ട്. ഇതോടെ രാഷ്ട്രീയ ഒത്തുതീർപ്പിലാണ് നേതാക്കൾ. രാഷ്ട്രീയ നേതാക്കൾക്ക് ഫണ്ട് വാങ്ങിയെന്നെങ്കിലും പറയാം. എന്നാൽ വീണ വിജയന് എന്തിന് പണം നൽകിയെന്ന രാഷ്ട്രീയ ചോദ്യം പൊതുമണ്ഡലത്തിൽ അവശേഷിക്കയാണ്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് വന്നതോടെ മാസപ്പടിവിഷയം ചർച്ചയാകാതിരിക്കാനുള്ള ജാഗ്രത സിപിഎമ്മിലുണ്ട്. വിഷയത്തിൽ ചോദ്യം ഉയർന്നതോടെ സിപിഎം. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പത്രസമ്മേളനം അവസാനിപ്പിച്ചത് ഇതിന്റെഭാഗമാണ്. മന്ത്രിമാർ രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമാണെന്നും അതിനാൽ രാഷ്ട്രീയമായ കാര്യങ്ങളിൽ മറുപടിപറയാൻ ബാധ്യതയുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചയാളാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഭാര്യയുടെ വരുമാനം കുറച്ചുകാണിച്ചെന്ന ആരോപണം ഉയർന്നത്.
ആദായനികുതിവകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ കണ്ടെത്തലുകൾക്ക് വിശദീകരണം നൽകിയത് സിപിഎം. സംസ്ഥാനസെക്രട്ടേറിയറ്റാണ്. വീണയ്ക്ക് പണം നൽകിയത് കരാറിന്റെ അടിസ്ഥാനത്തിലുള്ള സേവനത്തിനാണെന്നും അത് വാർഷികാടിസ്ഥാനത്തിലായതിനാൽ മാസപ്പടിയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് സിപിഎം. ഉന്നയിക്കുന്ന ആദ്യവാദം.
സേവനം ഒന്നും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് ഉത്തരവിലുണ്ട്. ഉന്നതവ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്ന് കമ്പനി പ്രതിനിധികളുടെ മൊഴിയുമുണ്ട്. മുഖ്യമന്ത്രിയുടെ മകൾ ഈരീതിയിൽ പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഗൗരവം വലുതാണ്. അതിൽ ഒന്നും മിണ്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി കരുതുന്നതും അസ്വാഭാവികമായ സാഹചര്യമാണ്.
സേവനം സംബന്ധിച്ച് കമ്പനികൾ തമ്മിൽ തർക്കമില്ലെന്നതാണ് സിപിഎം. ഉന്നയിക്കുന്ന ന്യായീകരണം. ഉന്നതവ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിൽ നൽകിയ പണമാണെങ്കിൽ എങ്ങനെ കൊടുത്തവരും വാങ്ങിയവരും തമ്മിൽ തർക്കമുണ്ടാകുമെന്നത് പ്രധാന ചോദ്യമാണ്. അതിലും പാർട്ടിക്ക് മൗനമാണ്. കമ്പനി പണം നൽകിയത് അക്കൗണ്ടിലൂടെയാണെന്നാണ് മറ്റൊരുവിശദീകരണം. അക്കൗണ്ടിലൂടെ കൈമാറിയ പണം സുതാര്യമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം.
കരിമണൽ കമ്പനി നൽകിയ പണം വീണയുടെ വരുമാനമായി കാണിച്ചിട്ടില്ല. എല്ലാ ഇളവും കഴിച്ചുള്ള അറ്റവരുമാനമാണ് ആദായനികുതി റിട്ടേണിൽ കാണിച്ചിട്ടുള്ളതെന്നാണ് ഇതിനുള്ള പാർട്ടിന്യായീകരണം. മറ്റൊരുവരുമാനവും ഇല്ലാത്ത വ്യക്തിയാണ് വീണ എന്ന് കണക്കാക്കിയാൽപോലും കരിമണൽ കമ്പനി മാസത്തിൽ നൽകിയ പണം അവരുടെ വരുമാനമായി ആദായനികുതി റിട്ടേണിൽ കാണേണ്ടതാണ്. കിട്ടിയവരുമാനത്തിന്റെ പകുതിയോളം ഇളവുകിട്ടുന്നത് എങ്ങനെയാണെന്നതാണ് പ്രശ്‌നം.
തെറ്റായ കണക്കാണ് മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിനൊപ്പം നൽകിയതെങ്കിൽ അത് നിയമപ്രശ്‌നത്തിനും വഴിവെക്കും. ഈ വിഷയത്തിൽ ആരെങ്കിലും നിയമ നടപടിക്ക് ഒരുങ്ങുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. പറ്റുവിഹിതം പറ്റിയവരിൽ തങ്ങൾക്കൊപ്പമുള്ളവരും ഉണ്ടെന്നബോധ്യത്തിൽ മിണ്ടാതിരിക്കുന്ന പ്രതിപക്ഷവും അസാധാരണ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ചിത്രമാണ് കേരളത്തിന് നൽകുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെയുള്ള ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ തീരുമാനം സംബന്ധിച്ചു പരാതി ലഭിച്ചാലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പ്രത്യേകിച്ചു നടപടി ഒന്നും സ്വീകരിക്കാനാവില്ലെന്നതും സർക്കാറിന് ആശ്വാസം പകരുന്നതാണ്. ആദായനികുതി കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതു സംബന്ധിച്ചു പരാതി ലഭിച്ചാൽ അതു റിപ്പോർട്ടിനായി സർക്കാരിലേക്കയച്ചു നടപടി അവസാനിപ്പിക്കാമെന്നല്ലാതെ മറ്റ് അധികാരം ഒന്നും ഗവർണർക്കില്ല. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അദ്ദേഹം ഇന്നലെ കൂടുതൽ വിശദീകരിച്ചത്.
അതേസമയം, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ നിയമനം അംഗീകരിക്കുന്നതു നീട്ടിക്കൊണ്ടു പോകാൻ ഗവർണർക്കു സാധിക്കും. സംശയങ്ങളും മറ്റും ചോദിച്ച് ഫയലിൽ ഒപ്പു വയ്ക്കാതിരിക്കാം. എന്നാൽ ഗവർണറുടെ നിലപാടിനെതിരെ സർക്കാരോ മറ്റാരെങ്കിലുമോ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയാൽ അദ്ദേഹത്തിനു നിയമനം അംഗീകരിക്കേണ്ടി വരും. മണികുമാറിന്റെ നിയമനത്തെക്കുറിച്ചു ഗവർണർ നിയമ വിദഗ്ധരോട് ഉപദേശം തേടിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഫയൽ ഇതുവരെ രാജ്ഭവനിൽ എത്തിയിട്ടില്ല. ഫയൽ പഠിച്ച ശേഷമേ എന്തു വേണമെന്നു ഗവർണർ അന്തിമ തീരുമാനം എടുക്കൂ.
പിഎസ്‌സി അംഗങ്ങളായി 2 പേരെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനവും ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇവർക്കെതിരെ ലഭിച്ച പരാതികൾ സംബന്ധിച്ച് സർക്കാരിനോടു വിശദീകരണം തേടിയിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നു രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന വിരുന്നു സൽക്കാരത്തിലേക്ക് (അറ്റ് ഹോം) മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ അറ്റ് ഹോമിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. എന്നാൽ ഏതാനും ചില മന്ത്രിമാരേ എത്തിയുള്ളൂ.


