- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മട്ടന്നൂരിലേത് വലിയ പരിപാടിയായിരുന്നു; ചെറുതായി പോയെന്ന ഒരു പരിഭവവും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു; മാധ്യമങ്ങൾ ചില ആലോചനയുടെ ഭാഗമായി പ്രവർത്തിക്കുന്നു; മട്ടന്നൂരിലെ വാവിട്ട വാക്കിന് കൽപ്പറ്റയിൽ തിരുത്തുമായി മുഖ്യമന്ത്രി പിണറായി
കൽപറ്റ: മട്ടന്നൂരിലെ നവകേരള സദസ്സിന്റെ വേദിയിൽ കെ കെ ശൈലജ ടീച്ചറെ ശാസിക്കുന്ന വിധത്തിൽ മഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഈ സംഭവത്തിൽ മാധ്യമങ്ങളെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു. മാധ്യമങ്ങൾ ചില ആലോചനകളുടെ ഭാഗമായി വാർത്ത കൊടുക്കുന്ന നിലയുണ്ടെന്ന് പിണറായി കുറ്റപ്പെടുത്തി. അതിന്റെ ഭാഗമായി മട്ടന്നൂരിൽനിന്ന് ചില വാർത്തകൾ വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൽപറ്റയിൽ നവകേരള സദസ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ വലിയ പരിപാടികൾ നടത്താൻ സാധിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മട്ടന്നൂർ. ആ നിലയിൽ ഒരുപാട് ജനങ്ങൾ അവിടേക്കെത്തി. ഞങ്ങൾക്കുള്ള വിഷമം എന്താണെന്ന് വച്ചാൽ ഏത് പരിപാടിയാണ് വലുതെന്ന് പറയാൻ ഞങ്ങൾക്ക് സാധിക്കില്ല എന്നതാണ്. എല്ലാ പരിപാടികളും വലുതാണ്. മട്ടന്നൂരിലെ പരിപാടി ചെറുതായി പോയെന്ന ഒരു പരിഭവവും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു.
പഴയ ചില സ്വഭാവങ്ങൾ നമ്മൾ തിരിച്ചെടുക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഒരു ചെറിയ ആലോചനയുടെ ഭാഗമായി വാർത്തകൾ കൊടുക്കുന്ന നില. അതിന് ഞാൻ പണ്ടിട്ട ഒരു പേരുണ്ട്, അത് ഇപ്പോൾ വിളിക്കുന്നില്ല. ആ വാർത്ത വന്നതുകൊണ്ട് ഞാൻ ഒരു കാര്യം ആവർത്തിച്ച് പറയുകയാണ്, വലിയ പരിപാടികളിൽ ഒന്നായിരുന്നു മട്ടന്നൂരിലെ പരിപാടി. അതിനെ ഞങ്ങൾ ചെറുതായി കണ്ടിട്ടില്ല.
വയനാട് നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിന് വേണ്ടിയാണ് സ്ഥലത്തെ പ്രകൃതിയേയും ജനങ്ങളെയുമെല്ലാം സംരക്ഷിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ച് പോകുന്നത്. വികസന-ക്ഷേമപ്രശ്നങ്ങളിലെ സവിശേഷതകൾ ഉൾക്കൊണ്ടുതന്നെയാണ് പരിഹാരം കാണാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത് വാർത്തയായിരുന്നു. ''സൗഹൃദ സംഭാഷണത്തിനിടെ ഭാസ്‌കരൻ മാഷ് എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാൻ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോൾ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാൻ പറഞ്ഞു'', മുഖ്യമന്ത്രി ഇന്നലെ മട്ടന്നൂരിൽ പറഞ്ഞു. എല്ലായിടത്തും ജനങ്ങൾ തിങ്ങിനിറയുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.




