തിരുവനന്തപുരം: ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ ഈ സർക്കാറിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും മുന്നിൽ തലകുനിക്കേണ്ടിവരില്ല. ഈ മന്ത്രിസഭക്കും ഞങ്ങൾക്കെല്ലാവർക്കുമുള്ള പ്രത്യേകത അതുതന്നെയാണ്. അഴിമതിയുടെ കാര്യം വരുമ്പോൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല.

ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കുമുണ്ടാക്കാനാവണം. ഞങ്ങൾ മാത്രമുണ്ടാക്കിയാൽ പോരാ. എല്ലാവരും ആ നിലയിലേക്കെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കവടിയാറിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനമായി നിർമ്മിക്കുന്ന റവന്യൂ ഭവന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരുതരത്തിലും കമീഷൻ ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തീർത്തും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഏഴരവർഷമായി താൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആരെങ്കിലും മനഃസമാധാനം തകർക്കാൻ ശ്രമിച്ചാൽ തകരില്ല. കുറ്റം ചെയ്താൽ മാത്രമേ മനഃസമാധാനം തകരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല ശമ്പളം പറ്റുന്ന ഒരാളാണ് ഒരു ന്യായമായ കാര്യത്തിന് അയാളെ ഒരാൾ സമീപിച്ചപ്പോൾ പണം ചോദിക്കുന്നത്. അപ്പോൾ വിജിലൻസ് പിടികൂടുന്ന അവസ്ഥയാണ് വന്നത്. ഇത്തരമൊരു നിലയിലേക്ക് നാം അധഃപതിക്കാതിരിക്കണം. നല്ലതോതിൽ സംസ്ഥാനം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവർത്തനം നമുക്ക് നടത്താനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.