- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് മുസ്ലിംകളെ മാത്രമാണെന്ന് കരുതരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയിലൂടെ മുസ്ലിംകളെ മാത്രമാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നതെന്ന് കരുതരുതെന്നും, അവർ ലക്ഷ്യമിടുന്നത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയുമാണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശകാര്യങ്ങൾ നേടാൻ ശ്രമം നടത്തുമെന്നും ആ കെണിയിൽ വീഴാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അത് ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെ അജണ്ടയാണ്. ആ അജണ്ടയുടെ ഭാഗമായി മാറാതിരിക്കണം -മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ എവിടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. പച്ചനുണ ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ കാര്യങ്ങൾ സൃഷ്ടിച്ച് അവതരിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദർശൻ പ്രദർശിപ്പിച്ചതോടെയാണ് വീണ്ടും വിവാദം ആരംഭിച്ചത്. തുടർന്ന് ഇടുക്കി രൂപതയിലെ പള്ളികളിൽ സിനിമ പ്രദർശിപ്പിച്ചു. സിനിമ പ്രദർശിപ്പിക്കുമെന്ന് താമരശ്ശേരി രൂപതയും അറിയിച്ചിരിക്കുയാണ്.
രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലും ശനിയാഴ്ചയാണ് സിനിമ പ്രദർശിപ്പിക്കുക. 'കേരള സ്‌റ്റോറി' നിരോധിച്ചിട്ടില്ലെന്നും സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനങ്ങളെന്നും കെ.സി.വൈ.എം-എസ്.എം.വൈ.എം താമരശ്ശേരി യൂനിറ്റ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.
ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദ്ദേശം നൽകി.
ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു. ദൂരദർശൻ കഴിഞ്ഞ ദിവസം സിനിമ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദർശിപ്പിച്ചത്. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദർശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടർ ജിൻസ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.
പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. അതിൽ വർഗീയത കലർത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.
കഴിഞ്ഞ മാസം നാലാം തിയതിയാണ് വിദ്യാർത്ഥികൾക്കുമുന്നിൽ കേരള സ്റ്റോറിയുടെ പ്രദർശനം നടന്നത്. വചനോത്സവത്തിന്റെ ഭാഗമായാണ് വിവാദചിത്രത്തിന്റെ പ്രദർശനം നടന്നത്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിപാടിയിൽ സംസാരിച്ചത്. ലൗ ജിഹാദിനെക്കുറിച്ചും പരിപാടിയിൽ പരാമർശങ്ങളുണ്ടായിരുന്നു.
കുട്ടികൾക്ക് മുന്നിൽ ഒരിക്കലും ഒരു വർഗീയ ആശയത്തെക്കുറിച്ച് പറയാൻ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് അതിരൂപതയുടെ മീഡിയ ഡയറക്ടർ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും ദി കേരള സ്റ്റോറിയെക്കുറിച്ച് പറയുമ്പോഴും ഒരു തരത്തിലുള്ള വർഗീയ പരാമർശങ്ങളും നടത്തിയിട്ടില്ലെന്നും അതിരൂപത വിശദീകരിച്ചു. അതേസമയം, സംസ്ഥാനത്ത് ലൗജിഹാദില്ലെന്നാണ് കണ്ണൂർ രൂപതയുടെ പരസ്യ നിലപാട്.