- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴ ആരോപണത്തിനിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞ് എക്‌സാലോജിക് വിവാദം
തിരുവനന്തപുരം: ബാർകോഴ ആരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയ വേളയിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണം വീണ്ടും ഉയർന്നിരിക്കുന്നത്. അബുദാബിയിലെ വീണ വിജയന്റെ അക്കൗണ്ടിലേക്ക് വിവാദ കമ്പനകളിൽ നിന്നും പണമെത്തി എന്ന ആരോപണം ഷോൺ ജോർജ്ജാണ് ഉയർത്തിവിട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത്യാവശ്യം പുകമറകൾ സൃഷ്ടിക്കാൻ പോന്നതയിരുന്നു ഈ വിവാദം. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം മറുപടി പറയേണ്ട അവസ്ഥ പതിവായതോടെ ഇന്നലെ പതിവുപോലെ വീണയെയും മുഖ്യമന്ത്രിയെയും പ്രതിരോധിക്കാൻ ആരും രംഗത്തുവരാത്തതും ശ്രദ്ധേയമായി.
വിവാദമായ ലാവലിൻ കമ്പനിയിൽ നിന്നാണ് പണമെത്തിയത് എന്നത് അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. എന്നാൽ, പതിവുപോലെ മൗനത്തിലാണ് മുഖ്യമന്ത്രി. പ്രതികരണങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക് നയിക്കുമെന്നതു കൊണ്ട ്തന്നെ രാഷ്ട്രീയമായി മൗനം പുലർത്തുകയാണ് അദ്ദേഹം. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലേക്ക് ശ്രദ്ധ തിരിയുമെന്നും വിവാദം തൽക്കാലം എല്ലാവരും മറക്കുമെന്നുമാണ് കണക്കുകൂട്ടൽ.
അതേസമയം വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽനിന്ന് മോചനമില്ലാത്ത അവസ്ഥയിലാണ് സർക്കാറും സിപിഎമ്മും എന്നതൈാണ് വസ്തുത. വീണാ വിജയൻ കരിമണൽ കമ്പനിയിൽനിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിന്റെ പുകയടങ്ങുംമുമ്പാണ് വേറെയും കമ്പനികളിൽനിന്ന് പണം കിട്ടിയതിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
വീണാ വിജയൻ നിയന്ത്രിച്ച അബൂദബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായി പറയുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പർ (പി.ഡബ്ല്യു.സി) സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട കമ്പനിയാണ്. വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഉയർന്ന കോഴ വിവാദത്തിൽ ഉൾപ്പെട്ട കമ്പനിയാണ് എസ്.എൻ.സി ലാവലിൻ.
ഈ കമ്പനികളിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേക്ക് വൻതോതിൽ പണമൊഴുകിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇക്കാര്യം ഉയർത്തിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നു. സർക്കാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട കമ്പനികൾ എന്തിന് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.
കരിമണൽ കമ്പനി സി.എം.ആർ.എല്ലിൽനിന്ന് എക്‌സാലോജിക് 1.72 കോടി കൈപ്പറ്റിയതിന്റെ വിവരങ്ങൾ പുറത്തുവന്നത് മാസങ്ങളായി സർക്കാറിനെയും സിപിഎമ്മിനെയും പ്രതിരോധത്തലാക്കിയിരുന്നു. പണം കൈപ്പറ്റിയത് സ്ഥിരീകരിച്ച കമ്പനി, വരുമാനത്തിന് ജി.എസ്.ടി നൽകിയതുൾപ്പെടെ രേഖകൾ ഹാജരാക്കി രണ്ടു കമ്പനികൾ തമ്മിലുള്ള നിയമപരമായ ഇടപാടാണെന്ന് വിശദീരിച്ചു.
എന്നാൽ, സേവനം നൽകാതെയാണ് കരിമണൽ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയതെന്ന ആരോപണത്തിന് തൃപ്തികരമായ മറുപടി നൽകാൻ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്.എൻ.സി ലാവലിൻ എന്നീ കമ്പനികളിൽനിന്ന് വീണാ വിജയൻ വൻതുക കൈപ്പറ്റിയെന്ന വിവരത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം സർക്കാറിനെയും സിപിഎമ്മിനെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്.
അതിനിടെ, ഈ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ കേസിലെ പരാതിക്കാരിലൊരാളായ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചു. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്എൻസി ലാവ്ലിൻ കമ്പനികളിൽനിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്ഐഒ വൃത്തങ്ങൾ പറയുന്നത്. ഇതിനു പുറമെയാണ് അധികം കേട്ടുകേൾവിയില്ലാത്ത മറ്റു കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അതു മറ്റു വിദേശ അക്കൗണ്ടുകളിലേക്കു പോയതും.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നിലവിൽ ഹൈക്കോടതിയിലുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിലപാട് കർക്കശമാക്കുന്നതിനു പിന്നിലും ഈ ബാങ്ക് അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്. ഈ അക്കൗണ്ടിലേക്കു പണമയച്ച ചില കമ്പനികൾ മസാല ബോണ്ടിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന നിലയിലായിരുന്നു ഇ.ഡി അന്വേഷണം. മസാല ബോണ്ടിനത്തിൽ ലഭിച്ച തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് മുൻധനമന്ത്രി തോമസ് ഐസക്കിനെ ഈ കേസിൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി നിർബന്ധം പിടിക്കുന്നുമുണ്ട്. ഈ കേസ് ഉച്ചകഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്.