- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജെയോട് കാണിച്ചത് ഇരട്ട നീതിയെന്ന് ആരോപണം
കണ്ണൂർ : തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒരാഴ്‌ച്ച പിന്നിടും മുൻപെ ലോക്‌സഭയിലേക്ക് മത്സരിച്ച ജില്ലാ സെക്രട്ടറിമാർക്ക് തൽസ്ഥാനം തിരിച്ചു നൽകിയത് കണ്ണൂരിലെ സിപിഎമ്മിൽ ചർച്ചയാകുന്നു. 2019ൽ വടകര ലോക്‌സഭയിലേക്ക് മത്സരിച്ച പി.ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകാത്തത് ഇരട്ട നീതിയാണെന്ന വാദമാണ് പാർട്ടി അണികളിൽ നിന്നും ഉയരുന്നത്.
വടകരയിൽ ചാവേറായി മത്സരിച്ച പി.ജയരാജൻ വൻ മാർജിനിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളിധരനോട് തോറ്റത്. എന്നാൽ ഫലം വന്നിട്ടും പി.ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല പി.ജെയ്ക്കു പകരം നിയോഗിച്ച എം വിജയരാജൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു.
വ്യക്തി പൂജാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും അപ്രീതിക്കിരയായ പി.ജയരാജനെ പാർട്ടി നേതൃത്വം ഒതുക്കിയെന്ന ആരോപണം അന്നേ പാർട്ടിക്കുള്ളിലും പുറത്തും ഉയർന്നിരുന്നു. ഇതു സാധൂകരിക്കുന്ന വിധത്തിലാണ് അഞ്ചു വർഷം ഇപ്പുറം കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ച എം.വിജയരാജന് ഒരാഴ്‌ച്ച പിന്നിടും മുൻപെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകിയതെന്നാണ് വിമർശനം.
കഴിഞ്ഞ ദിവസമാണ് ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐഎം ജില്ലാ സെക്രട്ടറിമാർ ചുമതലയിൽ തിരിച്ചെത്തിയത്. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കാസർകോട് എം വി ബാലകൃഷ്ണനും കണ്ണൂരിൽ എം വി ജയരാജനും തിരുവനന്തപുരത്ത് വി ജോയിയും തിരിച്ചെത്തി ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. കാസർകോട് സി എച്ച് കുഞ്ഞമ്പുവിനും കണ്ണൂരിൽ ടി വി രാജേഷിനും തിരുവനന്തപുരത്ത് സി ജയൻ ബാബുവിനുമായിരുന്നു താൽകാലിക ചുമതല.
തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി ജയിച്ചാൽ പുതിയ സെക്രട്ടറിമാരെ തീരുമാനിക്കുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നൽകുന്ന സൂചന എന്നാൽ ഇവർ പരാജയപ്പെട്ടാൽ ജില്ലാ സെക്രട്ടറിയായി തന്നെ തുടരാനാണ് ധാരണ. 2019ൽ പി ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായപ്പോഴാണ് കണ്ണൂരിൽ എം വി ജയരാജൻ താൽക്കാലിക ജില്ലാ സെക്രട്ടറിയായത്. എന്നാൽ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പി ജയരാജന് ചുമതല തിരികെ നൽകാതെ എം വി ജയരാജനെ സെക്രട്ടറിയാക്കിയത് ഇപ്പോൾ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
കണ്ണൂരിലും കാസർകോടും ആറ്റിങ്ങലിലും എൽ.ഡി.എഫ് ജയിക്കുമെന്നു പ്രഖ്യാപിച്ച പാർട്ടി നേതൃത്വം പിന്നെ എന്തിനാണ് മത്സരിച്ചവരെ വീണ്ടും ചുമതല ഏൽപ്പിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉഗ്രകോപത്തിനിരയായ പി.ജയരാജൻ ഇപ്പോൾ സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമാണ്. 2019ലെ തോൽവിക്കു ശേഷം പാർട്ടി മുഖ്യധാരയിലേക്ക് കടന്നുവരാൻ പി. ജയരാജന് കഴിഞ്ഞിട്ടില്ല.