കോഴിക്കോട്: സംസ്ഥാന ബിജെപിയിൽ വീണ്ടും പോര് മുറുകുന്നു. ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. ശോഭയെ അനുകൂലിക്കുന്നവരും ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകും. പാർട്ടി നേതാക്കളെയും പാർട്ടിയേയും ശോഭാ സുരേന്ദ്രൻ അവഹേളിക്കുന്നു എന്ന് കാണിച്ചാണ് ഔദ്യോഗിക വിഭാഗം പരാതി നൽകിയത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രൻ പരോക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് പരാതി. എന്നാൽ പാർട്ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ശോഭയുടെ പക്ഷം.

പരസ്യപ്രസ്താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാർട്ടി വേദികളിൽ പറയണമെന്നും കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണ് ഈ സുധീർ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. ഇത്തരത്തിലുള്ള പ്രസ്താവനകൾ പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്. ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നതാണ് ഈ വിഭാഗത്തിന്റെ നിലപാട്. ദേശീയ നേതൃത്വത്തെ തെളിവുകളിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നാണ് അവകാശ വാദം. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഏതായാലും ബിജെപി നേതൃത്വത്തിൽ ഭിന്നത രൂക്ഷമാകുകയാണ്.

ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷും പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനുമായി ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. പ്രകാശ് ജാവദേകറിനോടും സുഭാഷനോടും ഔദ്യോഗിക പക്ഷത്തിന് താൽപ്പര്യക്കുറവുണ്ട്. കെ ഗണേശായിരുന്നു ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി. അടുത്ത കാലത്താണ് ഗണേശിനെ തിരിച്ചു വിളിച്ച് സുഭാഷിനെ സംഘടനാ സെക്രട്ടറിയാക്കിയത്. മുതിർന്ന ആർഎസ്എസ് പ്രചാരകൻ കൂടിയായ സുഭാഷിന് ശോഭയെ പാർട്ടിയിൽ സജീവമാക്കണമെന്ന താൽപ്പര്യമാണുള്ളത്.

ഗണേശിനെ മാറ്റി സുഭാഷിനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കിയത് സുരേന്ദ്രന്റെ നിലപാടിന് വിരുദ്ധമായാണ്. ആർഎസ്എസ് തീരുമാനം തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടത്. പികെ കൃഷ്ണാദാസും കുമ്മനം രാജശേഖരനും അടക്കം പ്രശ്‌നങ്ങളിൽ കൃത്യമായ അകലം പാലിച്ചിരുന്നവരായിരുന്നു. സംഘടനാ സെക്രട്ടറി മാറിയതോടെ ഇവരും ശോഭാ സുരേന്ദ്രനുമായി അടുത്തു. കോഴിക്കോട്ട് പാർട്ടി പരിപാടികളിൽ ശോഭയെ എത്തിച്ചു. ഇതിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയ വിവാദവും ഉണ്ടായി.

ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ നേതാക്കൾക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം. കൊടകര കുഴൽപ്പണക്കേസ് പ്രതി ധർമരാജുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാകും ഉന്നയിക്കുക.

സുരേന്ദ്രൻ ഉൾപ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായതെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കൂടിയെന്നും പരാതിയിലുണ്ട്. ഈ വിഷയത്തിൽ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം ആവശ്യപ്പെടാനാണ് മറുപക്ഷത്തെ നേതാക്കളുടെ നീക്കം.

'പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ ആ വെള്ളം വാങ്ങിവെച്ചേക്കണം' എന്ന് കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രൻ കോഴിക്കോടുവെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ഇത് എന്റെ കൂടി പാർട്ടിയാണ്. അല്ലെന്ന് വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ആ വെള്ളം വാങ്ങിവെച്ചേക്കണം. ബിജെപി ഉയർത്തിപ്പിടിക്കുന്ന ആശയത്തോടാണ് എനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ട് പോകുന്നത്. ആ വഴിയിൽ ആരെങ്കിലും തടസം സൃഷ്ടിച്ചാൽ അത് എടുത്തുമാറ്റി മുന്നോട്ടുപോകാൻ അറിയാം', ശോഭാ സുരേന്ദ്രൻ പറഞ്ഞു. 'ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികൾ കേരളത്തിൽ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഞാൻ. അത് തുടരുകയും ചെയ്യും. ഇനി ഞാൻ റോഡിലാണ്, ബൂത്തുതല പ്രവർത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ', ശോഭ പറഞ്ഞു.

നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ കോഴിക്കോട്ട് നടക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 'ബിജെപി കോഴിക്കോട് ഡിസ്ട്രിക്ട്' എന്ന എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നു. 'സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവർത്തിക്കുന്നവർക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുമോ? എതിരാളികൾക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവർത്തകരുടെ ആത്മവീര്യം തകർക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം' എന്നിങ്ങനെയാണ് ശോഭ പങ്കെടുക്കുന്ന പരിപാടിയുടെ സന്ദേശത്തോടുള്ള പ്രതികരണമായി ഗ്രൂപ്പിൽ വന്ന വിമർശനങ്ങൾ.