മലപ്പുറം: കോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ ഫലസ്തീൻ അനുകൂല റാലിയിൽ ഹമാസ് ഭീകര സംഘടനയാണെന്ന ശശി തരൂർ എം പിയുടെ പരാമർശം വിവാദമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് കൺവീനർ എം എം ഹസ്സനും. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. അതിന് ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അതാരാണെന്ന് ഞങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യാന്തര തലത്തിൽ ഫലസ്തീന് അനുകൂലമായി പൊതുജന അഭിപ്രായം ഉണ്ടാക്കാനാണു ശശി തരൂരിനെ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫലസ്തീനൊപ്പമാണെന്ന് അദ്ദേഹം ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനിയാണു വിലയിരുത്തേണ്ടത്. ഒരു വരിയിൽ പിടിച്ചു വിവാദമാക്കുന്നവർ ഫലസ്തീൻ ജനതയെ പരാജയപ്പെടുത്താനാണു ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ അദ്ദേഹത്തോട് ചോദിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വരിയിൽ പിടിച്ച് ഫലസ്തീൻ വിഷയത്തെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ട. എംകെ മുനീറും സമദാനിയുമടക്കം എല്ലാവരും പറഞ്ഞത് മുസ്ലിം ലീഗിന്റെ വിഷയത്തിലെ നിലപാടാണ്. അതിനെക്കുറിച്ച് ഇനി അധികം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഫലസ്തീൻ അനുകൂല റാലിക്ക് വലിയ ലക്ഷ്യമുണ്ട്. ആ ലക്ഷ്യം കൈവരിച്ചു എന്ന വലിയ സംതൃപ്തിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ''ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലി നടത്തുക എളുപ്പമല്ല. റാലിയുടെ വലുപ്പവും ഗാംഭീര്യവും കണ്ടു ലീഗ് ഒരു കേഡർ പാർട്ടിയായി മാറിയെന്നു നിരീക്ഷണം നടത്തിയവരുണ്ട്. വളരെ ഗൗരവമുള്ള വിഷയത്തിൽ തികഞ്ഞ അച്ചടക്കത്തോടെ വലിയ റാലി നടത്തി. ഞങ്ങളത് രാജ്യാന്തര വാർത്തയാക്കി മാറ്റി''കുഞ്ഞാലിക്കുട്ടി പറഞ്ഞു.

''ഫലസ്തീൻ റാലിയുടെ ആവശ്യമെന്താണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുണ്ട്. ഇസ്രയേൽ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രയും ആക്രമണം നടത്തുന്ന വേറെയൊരു രാജ്യം ലോകത്തില്ല. ഇസ്രയേലിന് ലോകരാഷ്ട്രങ്ങൾ ശക്തി പകരുന്നത് മോശമാണെന്നാണ് സാദിഖലി തങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ പഞ്ഞത്. അതാണ് ഞങ്ങളുടെ നിലപാട്''കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേ സമയം ഇസ്രയേൽ അതിർത്തി മറികടന്ന് ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതികരിച്ചു. ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളാണ്. കോൺഗ്രസ് എന്നും ഫലസ്തീനൊപ്പമാണ് നിലകൊണ്ടത്. അത് ഇന്നത്തെ നിലപാടല്ല, പണ്ട് മുതലേ അതാണ് പാർട്ടി നയമെന്നും ഹസ്സൻ പറഞ്ഞു. മുസ്ലിം ലീഗ് വേദിയിൽ ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ നിലപാട് തള്ളുന്നതാണ് യുഡിഎഫ് കൺവീനറും കോൺഗ്രസ് നേതാവുമായ എംഎം ഹസ്സന്റെ നിലപാട്.

മുസ്ലിം ലീഗ് വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം അടർത്തിയെടുത്ത് വിവാദമാക്കേണ്ടെന്ന് ശശി തരൂർ വിശദീകരിച്ചതിന് പിന്നാലെയാണ് ഹസൻ ഹമാസിനെ അനുകൂലിച്ച് രംഗത്ത് വന്നത്. ഇന്ന് നടത്തിയ വിശദീകരണ പ്രതികരണത്തിൽ ഹമാസ് ഭീകരസംഘടനയെന്ന നിലപാട് തരൂർ തിരുത്തിയിരുന്നില്ല. വിവാദം ആളിക്കത്താതെ അവസാനിപ്പിക്കാനാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. ഫലസ്തീൻ ഐക്യദാർഢ്യ നിലപാടുകൾ ലോകത്തെവിടെ നടന്നാലും പിന്തുണക്കുമെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. തരൂർ പറഞ്ഞത് യാഥാർത്ഥ്യമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ എല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് വിമർശിച്ച് കെ സുരേന്ദ്രനും രംഗത്ത് വന്നു.

ഹമാസ് ഭീകര സംഘടനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി നേരത്തെ രംഗത്ത് വന്നിരുന്നു. താൻ എന്നും ഫലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്.

ഫലസ്തീൻകാർക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണിൽ വേണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു. വെള്ളം, വൈദ്യുതി, ഇന്ധനം ഒന്നും ഗസ്സയിൽ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാന ഉടമ്പടികളെയെല്ലാം റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ 15 വർഷത്തെ മരണത്തേക്കാൾ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. 'ഇരുമ്പ് വാൾ' എന്നു പേരിട്ട ഓപ്പറേഷൻ നിർത്താൻ ഇനി എത്ര കുഞ്ഞുങ്ങളുടെ ചോരയിൽ വാൾ മുക്കണം എന്നും തരൂർ ചോദിച്ചു.