- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം വ്യാപിക്കുന്നു
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം വ്യാപിക്കുന്നു. മലബാറിൽ ഒതുങ്ങി നിന്ന സമരം തലസ്ഥാനത്തേക്കും വ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവർത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിശദീകരണവുമായി മന്ത്രി
മലപ്പുറം ജില്ലയിലടക്കം പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയന്ന് എസ്എഫ്‌ഐയും ശരിവച്ചതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകൾ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അൺ എയ്ഡഡ് ഒഴികെ 11,083 സീറ്റുകൾ ജില്ലയിൽ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്‌മെന്റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാന്തമായ അന്തരീഷത്തിൽ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്നും മന്ത്രി ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുമായി ചർച്ചക്ക് തയ്യാറാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.
പ്ലസ് വണ്ണിലേക്ക് മൂന്ന് അലോട്ട്‌മെന്റുകളാണ് കഴിഞ്ഞത്. ജൂൺ മാസം 24ന് ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്‌മെന്റുകൾ കൂടി ഇനി ഉണ്ടാകും. ജൂലൈ മാസം രണ്ടിന് ഇതിനായി അപേക്ഷ ക്ഷണിക്കും. ആകെ 4,21,661 പേർ പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചു. 2,68,192 പേർക്ക് മെറിറ്റിൽ അഡ്‌മിഷൻ ലഭിച്ചു. 18,850 കമ്മ്യൂണിറ്റി കോട്ട, 15474 മാനേജ്‌മെന്റ് ക്വാട്ട, 9049 അൺ എയ്ഡഡ്, 4336 സ്‌പോർട്ട് ക്വാട്ട, 868 മോഡൽ പ്രസിഡൻഷ്യൽ സ്‌കൂൾ എന്നിങ്ങനെയും അഡ്‌മിഷനായി. ആകെ 3,16,669 സീറ്റുകളിൽ അഡ്‌മിഷൻ നൽകി കഴിഞ്ഞു.
77,997 പേർ അലോട്ട്‌മെന്റ് നൽകിയിട്ടും അഡ്‌മിഷൻ എടുക്കാത്തവരാണ്. മലപ്പുറം ജില്ലയിൽ ഇതുവരെ 49,906 സീറ്റുകളിൽ പ്രവേശനം നൽകിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്‌മിഷൻ നേടാത്തവരുടെ എണ്ണം 10,897 ആണ്. മെറിറ്റിൽ ഇനി 5745 സീറ്റുകളുടെ ഒഴിവാണുള്ളത്. കമ്മ്യൂണിറ്റി കോട്ട 3759, മാനേജമെന്റ് ക്വാട്ട 50091, അൺ എയ്ഡഡ് 10467 എന്നിങ്ങനെയും ഒഴിവുകളുണ്ട്.
മലപ്പുറത്ത് ആകെ 21,550 സീറ്റുകളുടെ ഒഴിവാണ് ഇനി ബാക്കിയുള്ളത്. അൺ എയ്ഡഡ് ഒഴിവാക്കിയാൽ തന്നെ 11,083 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം ലഭിക്കാനുള്ളത് 14037 പേർക്ക് മാത്രമാണ്. 2954 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. രണ്ട് അലോട്ട്‌മെന്റുകൾ കൂടി കഴിയുമ്പോൾ കുറച്ചു കുട്ടികൾക്കു കൂടി അഡ്‌മിഷൻ ലഭിക്കും. വിഎച്ച്എസ്‌സി, അൺ എയ്ഡഡ് പ്ലസ് ടു, മറ്റ് കോഴ്സുകൾ എന്നിവ തിരഞ്ഞെടുക്കാൻ താത്പര്യമുള്ളവർക്ക് അതിനും അവരമുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഗുരുതര പ്രതിസന്ധിയെന്ന് എസ്എഫ്‌ഐയും
മലപ്പുറം ജില്ലയിലടക്കം പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു ഇന്നലെ വിമർശിച്ചിരുന്നു. മലബാറിലെ പ്ലസ് വൺ സീറ്റുകളിൽ പ്രതിസന്ധിയില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് തള്ളിയാണ് എസ്.എഫ്.ഐ രംഗത്തെത്തിയത്.
പുതിയ ബാച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയെന്നും പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും വി പി സാനു പറഞ്ഞു. മന്ത്രി ഉറപ്പ് പാലിച്ചില്ലെങ്കിൽ എസ്എഫ്‌ഐയും സമര രംഗത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്‌ഐ നിലപാട് ശരിയല്ലെന്ന് എംഎസ്എഫ്
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്എഫ്ഐ നിലപാട് ശരിയല്ലെന്ന് വിമർശിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ആമസോൺ കാടുകളിൽ തീപിടുത്തം ഉണ്ടായാൽ സമരം ചെയ്യുന്ന എസ്എഫ്ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നൽകി നടക്കുകയാണ്. ആത്മാർഥതയുണ്ടെങ്കിൽ അവർ എംഎസ്എഫിനൊപ്പം സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉടൻ നടപടി കണ്ടില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് ഉൾപ്പെടെ സമരം നടത്തുമെന്നും നവാസ് പറഞ്ഞു.