- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞങ്ങൾ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപെടലുകൾ ഓർക്കുന്നു; പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾക്കായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം; വി എസിന് നൂറാം പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. എക്‌സിലാണ് നരേന്ദ്ര മോദി ആശംസകൾ പോസ്റ്റ് ചെയ്തത്. വിഎസിനും ഉമ്മൻ ചാണ്ടിക്കും ഒപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.
' കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് 100 ാം പിറന്നാളിന്റെ സവിശേഷാവസരത്തിൽ ആശംസകൾ നേരുന്നു. പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾക്കായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം. ഞങ്ങൾ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപെടലുകൾ ഓർക്കുന്നു. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസും നേരുന്നു', മോദി കുറിച്ചു.
Greetings to former Kerala CM Shri VS Achuthanandan Ji on the special occasion of his 100th birthday. He has been working for the people of Kerala for decades. I recall my interactions with him, particularly when we both were serving as Chief Ministers of our respective states.… pic.twitter.com/zrIAxeuKOb
- Narendra Modi (@narendramodi) October 20, 2023
നിലവിൽ മകൻ വി എ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് വി എസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകൻ അരുൺ കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശ്രമജീവിതം നയിക്കുന്ന വി എസ് ഏറെക്കാലമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. വി.എസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മകൻ അരുൺ കുമാർ പങ്കുവെച്ചു. സാർഥകമായ 100 വർഷങ്ങൾ, ഇന്ന് തനിക്ക് ഏറെ സന്തോഷമുള്ള ദിനമാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ചാണ് മകൻ വി.എസിന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.
വി എസിന് മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസകൾ നേർന്നു.തലസ്ഥാനത്തെ വീട്ടിൽ നേരിട്ടെത്തിയാണ് ആശംസ നേർന്നത്.
ഇന്ന് വൈകിട്ട് നാലോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി എസ് അച്യുതാനന്ദന്റെ വീട്ടിൽ പിണറായി വിജയൻ നേരിട്ടെത്തി പിറന്നാൾ ആശംസ അറിയിച്ചത്. മറ്റൊരു പരിപാടിക്കായി പോകുന്നതിനിടെയാണ് വി.എസിന്റെ വീട്ടിൽ പിണറായി വിജയൻ എത്തിയത്.
അൽപ നേരം അവിടെ ചിലവഴിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. പിണറായി വിജയൻ വീട്ടിലെത്തിയപ്പോൾ വി എസ് ഉറക്കത്തിലായിരുന്നുവെന്ന് മകൻ ഡോ.വി.എ അരുൺ കുമാർ പറഞ്ഞു. ഉറക്കമായതിനാൽ വിളിക്കണ്ടെന്നും ആശംസ അറിയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളോട് ആശംസ അറിയിച്ചശേഷമാണ് പിണറായി വിജയൻ മടങ്ങിയത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ അനിഷേധ്യ പങ്ക് വഹിച്ച നേതാവാണ് വി എസ് എന്ന് പിണറായി വിജയന്റെ പിറന്നാൾ ആശംസ സന്ദേശത്തിൽ പറയുന്നു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ആയിരുന്നു വിഎസിന്റെ ജനനം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ് 1940ൽ പതിനേഴാം വയസ്സിലാണ് നിരോധിത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. സഖാവ് പി കൃഷ്ണപിള്ളയാണ് വിഎസിനുള്ളിലെ കമ്യൂണിസ്റ്റുകാരനെയും അദ്ദേഹത്തിന്റെ നേതൃപാടവവും തിരിച്ചറിഞ്ഞത്. സഖാവിന്റെ നിർദ്ദേശാനുസരണം ബ്രിട്ടീഷ് ഭരണത്തിൽ കയർ-കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഉജ്വല സമരങ്ങൾക്ക് നേതൃത്വം നൽകി. കൊടിയ മർദനങ്ങൾക്കും ജയിൽവാസത്തിനും വിധേയനായി.
സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവർത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. പുന്നപ്ര വയലാർ സമരനായകൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സംസ്ഥാന സെക്രട്ടറി. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1964 ൽ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാൾ.




