തിരുവനന്തപുരം: കോൺഗ്രസ് ഇനിയും പയറ്റരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കോൺഗ്രസ് ഇനിയും മൃദുഹിന്ദുത്വം പയറ്റാനാണ് ശ്രമിക്കുന്നതെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് സലാം പറഞ്ഞു. തീവ്രഹിന്ദുത്വത്തിനെതിരെ ഉത്തരേന്ത്യയിൽ മൃദുഹിന്ദുത്വം പരീക്ഷിച്ചതാണ് കോൺഗ്രസ് ദയനീയമായി പരാജയപ്പെടാൻ കാരണം. ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസ് എൻഎഎസ നിലപാട് തള്ളണമെന്നുമാണ് സലാമിന്റെ ആവശ്യം. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സലാം തന്റെ നിലപാട് വ്യക്തമാക്കിയത്. സമസ്തയുമായുള്ള സംഘർഷത്തിന്റെ പേരിൽ സലാം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ.

'കേരളത്തിൽ ജനസംഖ്യാനുപാതികമായി മുസ്ലിം സമുദായത്തിന് ഒരു കാലത്തും ഒരു പാർട്ടിയിലും പ്രാധാന്യം കിട്ടിയിട്ടില്ല. മുസ്ലിം ലീഗ് സീറ്റ് ചോദിക്കുമ്പോൾ മാത്രമാണ് സാമുദായിക പ്രശ്നം ഉണ്ടാകുന്നത്. അങ്ങനെ ഒരു സംസ്‌കാരം വളർത്തിയെടുത്തതിൽ രാഷ്ട്രീയക്കാർക്ക് മാത്രമല്ല സംസ്‌കാരിക നായകന്മാർക്കും പങ്കുണ്ടെന്നും സലാം പറഞ്ഞു.

മുസ്ലിം ലീഗ് മൂന്നാമതൊരു സീറ്റ് കൊടുത്താൽ അത് സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ അതെങ്ങനെ ബാധിക്കും. മുസ്ലിം ലീഗിന് ആറ് സീറ്റ് കൊടുത്താലും സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കില്ല. അത് തിരിച്ച് പറയുമ്പോൾ ലീഗ് വർഗീയത പറയുന്നു എന്ന് പറയും. ന്യായമായി അർഹതപ്പെട്ടത് ഭാഗിക്കുമ്പോൾ ഈ പ്രശ്‌നം ഉണ്ടാവില്ലല്ലോ. 20 പാർമെന്റ് മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്. അതിൽ ജനസംഖ്യാനുപാതികമായി സമുദായത്തിനും മുസ്ലിം ലീഗിനും എത്ര കിട്ടുന്നു. മറ്റു സമുദായം വരുമ്പോൾ ചർച്ച അതിലേക്ക് പോകുന്നില്ല. മുസ്ലീ ലീഗ് ചേദിക്കുമ്പോൾ മാത്രമാണ് ചർച്ചയുണ്ടാകുന്നത്'- പിഎംഎ സലാം പറഞ്ഞു.

ജാതി സെൻസസിന്റെ കാര്യത്തിൽ എൻഎസ്എസ് പറയുന്നത് കേട്ട് കേരളത്തിലെ കോൺഗ്രസ് പിറകോട്ട് പോകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സലാം പറഞ്ഞു. ജാതി സംവരണം സംബന്ധിച്ച് സമുദായങ്ങൾ തമ്മിൽ തർക്കമില്ലെങ്കിൽ പിന്നെ കണക്കെടുക്കുന്നതിൽ എന്താണ് പ്രശ്നം. കേന്ദ്രത്തിൽ ജാതി സെൻസസിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസാണ്. ഇന്ത്യ മുന്നണിയുടെ ഘടക കക്ഷിയാണ് കോൺഗ്രസ്. അതിനൊപ്പം മുസ്ലിം ലീഗ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസ്ലിം ആയാൽ സ്ത്രീകൾ തട്ടം ഉപയോഗിക്കണമെന്നും സലാം പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽ കുമാറിന്റേത് മതപരമായ വിശ്വാസത്തിൻ മേലുള്ള കടന്നു കയറ്റമാണ്. 'അത് രാഷ്ട്രീയമായി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്നു പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചെറിയ ആളല്ല. എന്നാൽ എംവി ഗോവിന്ദൻ പിന്നീട് ഒരു പ്രസ്താവനയിലൂടെ അത് പാർട്ടിയുടെ നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ചൂണ്ടിക്കാട്ടി അതിനെ മായിച്ചു കളഞ്ഞു. എന്നാൽ അതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. പാർട്ടി അതിന് വേണ്ടി ശ്രമിച്ചിരുന്നോ എന്ന് സഖാവ് പറഞ്ഞിട്ടില്ല.

തട്ടം ഇടാതിരിക്കാനുള്ള പ്രചോദനം മാക്സിസ്റ്റ് പാർട്ടി കൊടുത്തു എന്നാണ് അനിൽ കുമാർ പറഞ്ഞത്. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് തട്ടം നിർബന്ധമല്ല. മുസ്ലിം ലീഗിൽ മുസ്ലിം അല്ലാത്ത സ്ത്രീകളും ഉണ്ട്. അവർ അവരുടെ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പോകുന്നത്. പക്ഷേ മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം മുസ്ലിം സ്ത്രീകൾ തല മറയ്ക്കുക എന്നത് നിർബന്ധമാണ്.

മുസ്ലിം പേരുള്ള ഒരുപാട് പേർ അത് ചെയ്യുന്നില്ല. അതു കൊണ്ട് അതാണ് മുസ്ലീമിന്റെ രീതിയെന്ന് പറയാൻ പറ്റുമോ. ഒരു സ്ത്രീ മുസ്ലിം ആണെങ്കിൽ അവർ തട്ടം ധരിച്ചിരിക്കണം. മുസ്ലിം ലീഗിലെ മുസ്ലിം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഞങ്ങൾ ഉപദേശിക്കാറുണ്ട്'- പിഎംഎ സലാം പറഞ്ഞു.