- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎമ്മിന്റെ ക്ഷണം ലഭിച്ചെന്ന് പിഎംഎ സലാം; ക്ഷണത്തിൽ മുസ്ലിം ലീഗിന്റെ തീരുമാനം നാളെ; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ലീഗ് ജനറൽ സെക്രട്ടറി; വിഷയത്തിൽ രണ്ടു തട്ടിൽ ലീഗ് നേതാക്കൾ
കോഴിക്കോട്:സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന് ക്ഷണം ലഭിച്ചതായി സ്ഥിരീകരിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പരിപാടിയിൽ പങ്കെടുക്കണോ എന്നതു സംബന്ധിച്ച് പാർട്ടിയിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സലാം അറിയിച്ചു. പാർട്ടിയിൽ കൂടിയാലോചനകൾക്ക് ശേഷമാകും മുസ്ലിംലീഗ് തീരുമാനം പ്രഖ്യാപിക്കുക. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് ഫലസ്തീൻ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീർ പ്രതികരിച്ചു. വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നു.
വിഷയം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീർ, പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തണോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം.
മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീർ വ്യക്തമാക്കി. പാർട്ടി ആലോചനാ യോഗം നടത്തിയില്ല. പാർട്ടിയിൽ ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ല. കെ സുധാകരന് മറുപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം ലീഗെന്നും യുഡിഎഫിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. സിപിഎം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും എംകെ മുനീർ പറഞ്ഞു. പൊതുപരിപാടി കോൺഗ്രസ് തീരുമാനിക്കേണ്ടതാണ്. വ്യക്തിപരമായ തീരുമാനം അല്ല ഇവിടെ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ സിപിഎം ക്ഷണിച്ചാൽ സഹകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ലീഗ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും അഭിപ്രായപ്പെട്ടു. ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ലീഗിനെ മുമ്പ് സിപിഎം ക്ഷണിച്ചിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയിൽ മുന്നണി തീരുമാനത്തിനെതിരായ തീരുമാനം വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് പങ്കെടുക്കാതിരുന്നത്. മുൻ സമീപനത്തിൽ നിന്ന് ഇപ്പോൾ ലീഗ് മാറിയിരിക്കുകയാണ്.
ഫലസ്തീൻ വിഷയത്തിൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് സെമിനാർ സംഘടിപ്പിക്കുന്നതിനെ പോലും കോൺഗ്രസ് എതിർക്കുകയാണ്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സമീപനത്തോട് യോജിക്കാനാവാത്ത സാഹചര്യമാണ് ലീഗിൽ വന്നു ചേർന്നിട്ടുള്ളത്. ഇതിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സിപിഎം നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്ത ഉൾപ്പെടെയുള്ള ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് കോൺഗ്രസിനെ മാറ്റി നിർത്തി ലീഗിനെ ക്ഷണിക്കാനാണ് സിപിഎം നീക്കം.
അതേസമയം ലീഗ് -സിപിഎം ബന്ധം കൂടുതൽ അടുക്കുമ്പോൾ കോൺഗ്രസിനുള്ളിൽ കടുത്ത എതിർപ്പാണ് ഉയരുന്നത്. മുന്നണി മാറ്റം ലക്ഷ്യമിട്ടാണോ ലീഗിന്റെ ശ്രമങ്ങളെന്ന ആശങ്ക ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുണ്ട്.




