- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി കോട്ടകളിൽ പോലും വോട്ടുചോർച്ചയെന്ന് സിപിഎം
തിരുവനന്തപുരം: 'നല്ലപോലെ തോറ്റു.തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ? ഇല്ല തോറ്റു. അപ്പോൾ ഇനി എന്താ നമ്മൾ വേണ്ടത്. എന്തുകൊണ്ട് തോറ്റു എന്നത് നല്ലതുപോലെ കണ്ടുപിടിക്കണം. ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ട്. ആളുകൾ ഫോൺ വിളിച്ച് പറയുന്നുണ്ട്, കത്തെഴുതിയിട്ടുണ്ട്, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്, വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എല്ലാം സ്വീകരിക്കുന്നു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ ഏതൊക്കെ രീതിയിലാണ് തോൽവിക്ക് അടിസ്ഥാനമായ കാര്യങ്ങൾ കണ്ടെത്തി തിരുത്തും.-കഴിഞ്ഞ ദിവസം മലപ്പുറത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകാണിത്.
തിരഞ്ഞെടുപ്പ് തോൽവി ഗൗരവമായി കണ്ടു കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഎം കടക്കുന്നത്. പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് സെക്രട്ടേറിയറ്റിലെ വിലയിരുത്തൽ.
തിരുത്തൽ നടപടികൾക്ക് മാർഗരേഖ ഉണ്ടാക്കാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റിയിലെ ചർച്ച വിശദമായി കേട്ട ശേഷമാവും തുടർനടപടി. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗ്ഗ രേഖ അന്തിമമാക്കും.
പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.
പെൻഷൻ അടക്കം സാധാരണക്കാരായ ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് സാധിക്കാത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എം വി ഗോവിന്ദൻ തുറന്നുപറഞ്ഞിരുന്നു. 62 ലക്ഷം ആളുകൾക്ക് കൊടുക്കേണ്ട പെൻഷൻ കൊടുത്തു തീർക്കാനായിട്ടില്ല. മറ്റുവിവിധ മേഖലയിലെ ആളുകൾക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ പൂർണമായും കൊടുത്തു തീർക്കാനായിട്ടില്ല.അദ്ധ്യാപകർക്കുള്ള ഡി.എ. പൂർണമായും കൊടുത്തില്ല. പെൻഷൻകാർക്കുള്ള പണം മുഴുവനും കൊടുത്തിട്ടില്ല. അംഗണവാടിമേഖലയിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ദുർബല ജനവിഭാഗം ഉൾപ്പെടെയുള്ള ആളുകൾക്ക് ലഭിക്കേണ്ടുന്ന, കൈത്തറിത്തൊഴിലാളി, കശുവണ്ടിത്തൊഴിലാളി നെയ്ത്ത് തൊഴിലാളി, അതുപോലെ വിവിധ മേഖലയിലുള്ള തൊഴിലാളികൾ കൃത്യമായിട്ട് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ ഈ സാമ്പത്തിക പരാതീനതയുടെ ഭാഗമായി കൊടുത്തുതീർക്കാനായിട്ടല്ല. അവർ സംതൃപ്തരല്ല. അതൊക്കെ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. തുറന്ന മനസ്സോടെ തുറന്ന കണ്ണോടെ ഇതൊക്കെ ഞങ്ങൾ കാണുന്നുണ്ട്- എം വി ഗോവിന്ദൻ പറഞ്ഞു. ചുരുക്കി പറഞ്ഞാൽ പിണറായി വിജയൻ പറഞ്ഞത് പോലെ കേന്ദ്രസർക്കാരിന് എതിരായ വിധി മാത്രമല്ല, സംസ്ഥാന ഭരണത്തിന് എതിരായ വികാരം കൂടിയാണെന്നാണ് ഗോവിന്ദൻ പരോക്ഷമായി വ്യക്തമാക്കിയത്.
അതിനിടെ, തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതാക്കൾക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ എളമരം കരീമിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജി സുധാകരൻ ഉന്നയിക്കുന്നത്. സ്വന്തം നാട്ടിൽ ഒന്നര ലക്ഷം വോട്ടിന് തോറ്റ വ്യക്തിയാണ് കരീം. എന്നാൽ ഇതിൽ ഒരു അന്വേഷണവും വേണ്ടേ എന്നാണ് സുധാകരൻ ചോദിക്കുന്നത്. അമ്പലപ്പുഴയിൽ 2021ൽ 11,000ൽപ്പരം വോട്ടിന് പാർട്ടി വിജയിച്ചപ്പോൾ സുധാകരനെതിരെ അന്വേഷണം നടത്തിയ കമ്മീഷനിലെ അംഗമായിരുന്നു കരീം.