- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസി ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയെന്ന ഗുരുതര ആരോപണവുമായിഎഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. യുഡിഎഫിന് മുൻതൂക്കമുള്ള ബൂത്തുകളിൽ വോട്ടെടുപ്പ് ബോധപൂർവം വൈകിപ്പിച്ചെന്ന് വേണുഗോപാൽ ആരോപിച്ചു. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയാണ് കെസി.
പോളിംഗ് ശതമാനം കുറയ്ക്കാൻ ബോധപൂർവമായ ഇടപെടലുണ്ടായി. വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേൽക്കൈയുള്ള ഇടങ്ങളാണ്. ഉദ്യോഗസ്ഥർ വോട്ടർമാരെ പീഡിപ്പിച്ച തെരഞ്ഞെടുപ്പാണ് നടന്നത്. ഇവിഎം തകരാറിലായി മൂന്ന് മണിക്കൂറോളം പോളിംഗ് നടക്കാതിരുന്ന ബൂത്തുകളുണ്ട്. അഞ്ചും ആറും മണിക്കൂർ വരി നിന്നവർക്ക് ദാഹജലം കൊടുക്കാൻ പോലും സംവിധാനം ഉണ്ടായില്ല. രാത്രി വൈകി പോളിംഗ് തുടർന്നപ്പോൾ സ്ത്രീകൾ അടക്കം ഇരുട്ടത്താണ് വരി നിന്നത്-കെസി ആരോപിച്ചു.
വോട്ടർ പട്ടിക ഉണ്ടാക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും സിപിഎമ്മിന്റെ ആളുകളായിരുന്നു. പലരും പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളുടെ പേരുകളാണ് പട്ടികയിൽനിന്ന് നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിനെതിരേ നിയമപരമായി നീങ്ങുമെന്ന് വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് 20 സീറ്റും യുഡിഎഫ് നേടുമെന്നും വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആരോപണങ്ങളോട് സിപിഎം പ്രതികരിച്ചിട്ടില്ല. എന്നാൽ അട്ടിമറി നടന്നിട്ടില്ലെന്നതാണ് കമ്മീഷന്റെ നിലപാട്. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും കമ്മീഷൻ അറിയിച്ചു. കേരളത്തിൽ ഏതാണ് അഞ്ചു ശതമാനത്തിൽ അധികം പോളിംഗ് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ.