- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏലയ്ക്കയിൽ ഗുരുതര വിഷാംശം: ശബരിമലയിൽ അരവണ നിർമ്മാണം നിർത്തിവച്ചു; പരാതിക്കു പിന്നിൽ കരാറുകാരുടെ കിടമത്സരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; പരാതിക്കാരന്റെ ഏലക്കയ്ക്കും ഗുണനിലവാരമില്ലായിരുന്നുവെന്നും പ്രതികരണം
കൊച്ചി: ഏലക്കയിൽ ഗുരുതരമായ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അരവണ നിർമ്മാണം ദേവസ്വം ബോർഡ് താൽകാലികമായി നിർത്തിവച്ചു. ഏലക്ക ഇല്ലാതെയും അരവണ നിർമ്മിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പ്രതികരിച്ചു.
അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അഥോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് അരവണ വിതരണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടത്. ഇത്തരം അരവണയുടെ സാംപിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കിൽ ഏലയ്ക്ക ഇല്ലാതെയോ അരവണ നിർമ്മിക്കാം. ഇക്കാര്യത്തിൽ സ്‌പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ശബരിമല അരവണയിലെ ഏലക്കയിൽ ഗുരുതരമായ വിഷാംശമുണ്ടെന്ന കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കരാറുകാരുടെ കിടമത്സരമാണ് പരാതിക്കു പിന്നിൽ. പരാതിക്കാരന്റെ ഏലക്കയ്ക്കും ഗുണനിലവാരമില്ലായിരുന്നെന്നും അനന്തഗോപൻ പറഞ്ഞു.
കോടതി നിർദ്ദേശപ്രകാരം അരവണ വിതരണം നിർത്തിവെച്ചു. ഏലക്ക ഉപയോഗിക്കാത്ത അരവണ ലഭ്യമാക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കും. സന്നിധാനത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യമായവയെല്ലാം പരിശോധന പൂർത്തിയായി തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാണ് സാധാരണ ഉപയോഗിക്കുക. കോടതിയെ സമീപിച്ചത് ഒരു കാരാറുകാരനാണെന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ ലക്ഷ്യം മകരവിളക്ക് നന്നായി നടത്തുക മാത്രമാണ്. കൂടുതൽ പ്രതികരണങ്ങൾ ആവശ്യമെങ്കിൽ അതിന് ശേഷം മാത്രം. ഇനിമേലിൽ ഇത്തരത്തിലൊരു സംഭവമുണ്ടാവാതിരിക്കാൻ ദേവസ്വം ബോർഡ് പ്രത്യേകം ശ്രദ്ധിക്കും-അനന്തഗോപൻ പറഞ്ഞു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഏലക്കയിൽ ഗുരുതരമായ കീടനാശിനിയുള്ളതായി വ്യക്തമാക്കിയത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധിച്ച ഏലക്കയിൽ ഗുരുതരമായ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. പതിന്നാലിനം കീടനാശിനികൾ അനുവദനീയമായതിലുമധികം അളവിൽ ഈ ഏലക്കയിലുണ്ടായിരുന്നു. കുമിളനാശിനികൾ, കളനാശിനികൾ തുടങ്ങിയവയാണ് പരിശോധനയിൽ കൂടുതലായി കണ്ടെത്തിയത്. ഇവ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കൊച്ചിയിലെ സ്‌പൈസസ് ബോർഡ് ലാബിലായിരുന്നു ഏലയ്ക്ക പരിശോധിച്ചത്. ഇതിൽ 14 ഇനങ്ങളിൽ അനുവദനീയമായതിന്റെ പത്തിരട്ടിയോളം കീടനാശിനിയുണ്ടെന്ന് കണ്ടെത്തി. ഇന്ന് തന്നെ ഇത്തരം അരവണ കണ്ടെയ്‌നറുകൾ സീൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഇവ വിൽപ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ശബരിമല ഭക്ഷ്യ സുരക്ഷാ ഓഫീസറോട് ആവശ്യപ്പെട്ടു.
ശബരിമലയിലെ ഏലം ടെണ്ടറിൽ പങ്കാളിയായിരുന്ന അയ്യപ്പ സ്‌പൈസസ് കമ്പനിയാണ് കീടനാശിനിയുള്ള അരവണ നിർമ്മാണത്തിനെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലത്തിൽ അനുവദനീയമായ അളവിൽ മാത്രമാണ് കീടനാശിനിയുള്ളതെന്നായിരുന്നു ദേവസ്വം നിലപാട്. ഈ വാദം തള്ളിയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം ചെറിയ കാര്യമായി കാണാനാകില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ