- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനു തോമസിനെതിരെ പോരാളി ഷാജിയും റെഡ് ആർമിയും
തിരുവനന്തപുരം: മനു തോമസിന്റെ രാജിയുമായുള്ള ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കണ്ണൂർ സിപിഎമ്മിൽ തുടരുന്നു. സൈബറിടത്തൽ പരസ്പ്പരം പോരടിക്കുന്ന സംഭവമായി ഇതിനോടകം ഈ വിഷയം മാറിക്കഴിഞ്ഞു. ഇതിനിടെ മനു തോമസിന് വധഭീഷണിയും ഉണ്ടായി. പി ജയരാജന്റെ മകൻ ജെയിൻ രാജുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നു.
ഇതിനിടെ സൈബർ യുദ്ധം കൊഴുപ്പിച്ചു കൊണ്ട് മനു തോമസിന് എതിരെ പോരാളി ഷാജിയും രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി രംഗത്തെത്തിയത്. മനു തോമസ് മാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണത്തിനെതിരെയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. സിപിഐഎം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം ഛർദ്ദിക്കുന്നതൊക്കെ മാധ്യമങ്ങൾ വാർത്തയാക്കുന്നുവെന്നും ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്നും പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പാർട്ടിയിൽ നിന്നും പുറത്തുപോയ മുൻ പ്രസിഡന്റിന്റെ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു, കോൺഗ്രസ് പ്രതിസ്ഥാനത്ത് വന്നാൽ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച ആരോപണം വാർത്തയാക്കിയില്ലെന്നും പോരാളി ഷാജി പറയുന്നുണ്ട്. പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് അതേപടി പങ്കുവെച്ച് റെഡ് ആർമിയും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ മനു തോമസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു. 'എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട' എന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. മാധ്യമങ്ങൾക്കും ബിസിനസ്സ് പങ്കാളികൾക്കും സംരക്ഷിക്കാൻ കഴിയില്ലെന്നും ആകാശ് തില്ലങ്കേരി പോസ്റ്റിൽ പറഞ്ഞിരുന്നു. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണ് മനു തോമസെന്ന് അർജുൻ ആയങ്കിയും വിമർശിച്ചിരുന്നു.
മനു തോമസിനെതിരെ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഇന്നലെ തലപ്പൊക്കിയത്. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന മുന്നറിയിപ്പുമായി റെഡ് ആർമിയും ഇന്നലെ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തുൾപ്പടെ ജയരാജൻ കച്ചവടങ്ങൾ നടത്തിയന്നുമാണ് കഴിഞ്ഞ ദിവസം മനു തോമസ് ആരോപിച്ചത്.
അതേസമയം മനു തോമസിന്റെ ആരോപണങ്ങൾ തള്ളി പി ജയരാജന്റെ മകൻ ജെയിൻ രാജും രംഗത്തെത്തി. സ്വർണം പൊട്ടിക്കൽ സംഘവുമായി തനിക്ക് ബന്ധമില്ലെന്ന് ജെയിൻ രാജ് പറഞ്ഞു. മനുവിനെതിരെ നിയമനടപടി സ്വീകരിക്കും. ഈ വിഷയത്തിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനില്ലെന്നും ജെയിൻ രാജ് പ്രതികരിച്ചു. പി ജയരാജനും മകനുമെതിരെ ആരോപണവുമായി മനു തോമസ് രംഗത്തെത്തിയിരുന്നു.