ബെംഗളൂരു: ജെഡിഎസ് കേരള ഘടകത്തെ വെട്ടിലാക്കി കൊണ്ട് ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ മന്ത്രി കൃഷ്ണൻ കുട്ടിയുടെയും മാത്യൂ ടി. തോമസ് എംഎ‍ൽഎയുടെയും ചിത്രങ്ങൾ. ബംഗളൂരു റൂറൽ മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ഡോ. സി.എൻ. മഞ്ജുനാഥിന് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കും നരേന്ദ്ര മോദിക്കും ഒപ്പം കേരളത്തിലെ ജെ.ഡി.എസ് നേതാക്കളും പ്രത്യക്ഷപ്പെട്ടത്.

ജെഡിഎസ്സിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ എൽഡിഎഫിനൊപ്പമാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും നിലവിൽ ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്.

വ്യാഴാഴ്ച ബംഗളുരുവിലെ റെയിൽവേ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. പോസ്റ്ററിനെ കുറിച്ച് ജെ.ഡി.എസ് കേരള ഘടകം പ്രതികരിച്ചിട്ടില്ല.

ബിജെപിക്ക് കൈ കൊടുക്കാനുള്ള ദേവഗൗഡയുടെ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് ജെ.ഡി-എസ് കേരള ഘടകം ദേശീയ കമ്മിറ്റിയിൽ നിന്ന് മാറി നിന്നിരുന്നു. ഇതിനിടെ, ദേശീയ ജനറൽ സെക്രട്ടറി സി.കെ. നാണുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സമാന്തര നീക്കവും നടത്തി. സി.കെ. നാണു അടക്കമുള്ളവരെ പുറത്താക്കിയ ദേവഗൗഡ, മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയുമടങ്ങുന്ന കേരളഘടകത്തെ പാർട്ടിയുടെ ഭാഗമായിത്തന്നെ കണ്ടു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ പെടാതിരിക്കാൻ കൃഷ്ണൻകുട്ടി ഇടതു മന്ത്രിസഭയിൽനിന്ന് രാജിവെച്ചതുമില്ല. ജെ.ഡി-എസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് കേരള ഘടകം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദേശീയതലത്തിലെ ഭാരവാഹിത്വം കേരള അംഗങ്ങൾ രാജിവെക്കാൻ തീരുമാനിച്ചപ്പോഴും മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും ദേശീയ ഭാരവാഹിത്വത്തിൽതന്നെ തുടർന്നു.

സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചെങ്കിലും, കെ കൃഷ്ണൻകുട്ടിയുടെയും മാത്യു ടി തോമസിന്റെയും ചിത്രങ്ങൾ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത് എൽഡിഎഫിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്.