റാന്നി: പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല എന്ന കെ.ആർ. പ്രകാശ് അപൂർഭ ഭാഗ്യത്തിന് ഉടമയാണ്. ആദ്യം പ്രസിഡന്റാകാൻ നോക്കിയപ്പോൾ ബിജെപിയും എൽഡിഎഫും ചേർന്ന് കേരളാ കോൺഗ്രസ് (എം) അംഗത്തെ പ്രസിഡന്റാക്കി. വിവാദമുയർന്ന് അവർ രാജി വച്ചപ്പോൾ യുഡിഎഫ്-ബിജെപി പിന്തുണയിൽ സ്വതന്ത്രാംഗമായ പ്രകാശ് പ്രസിഡന്റായി. ഉപതെരഞ്ഞെടുപ്പിൽ സിപിഎം അംഗം വിജയിച്ചതോടെ രാജി വച്ചു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ പ്രകാശ് വീണ്ടും പ്രസിഡന്റായി. ഇത്തവണ പിന്തുണ എൽഡിഎഫ് വക. പക്ഷേ, സിപിഐ ഇടയുന്നു. കോൺഗ്രസ്-ബിജെപി സഖ്യത്തിനൊപ്പം പ്രസിഡന്റായ പ്രകാശിനെ എൽഡിഎഫ് വീണ്ടും പ്രസിഡന്റാക്കിയത് മുന്നണിയിൽ ആലോചിക്കാതെയാണെന്ന് സിപിഐ നേതാക്കൾ തുറന്നടിച്ചു.

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആർക്കൂം ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു. 13 അംഗ പഞ്ചായത്തിൽ സിപിഎം നാല്, കേരളാ കോൺഗ്രസ് (എം) ഒന്ന്, ബിജെപി-രണ്ട്, കോൺഗ്രസ്-4 , കേരളാ കോൺഗ്രസ്-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച കെ.ആർ. പ്രകാശിനെ പ്രസിഡന്റാക്കാൻ യുഡിഎഫ് പിന്തുണ നൽകി. എന്നാൽ, എൽഡിഎഫിന്റെ അപ്രതീക്ഷിത നീക്കത്തിൽ കേരളാ കോൺഗ്രസ് (എം) അംഗം ശോഭാ ചാർളിയാണ് പ്രസിഡന്റായത്.

എൽഡിഎഫിന് പുറമേ ബിജെപിക്കുണ്ടായിരുന്ന രണ്ട് അംഗങ്ങളും കൂടി ചേർന്നാണ് ശോഭയെ പ്രസിഡന്റാക്കിയത്. പിന്നീട് ഇത് വിവാദമായതോടെ ശോഭ രാജി വച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും യുഡിഎഫിന്റെയും പിന്തുണയോടെ കെ.ആർ. പ്രകാശ് പ്രസിഡന്റായി. ഇതിനിടെ യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് അംഗം സച്ചിൻ വയല എൽഡിഎഫിലേക്ക് മാറി. വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപി അംഗം വിനോദിനെതിരേ നേതൃത്വം നടപടിയെടുത്തതോടെ ഇദ്ദേഹം രാജി വച്ചു. പുതുശേരിമല വാർഡിൽ വിനോദിന്റെ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചു. ഇതോടെ നിലവിലുള്ള പ്രസിഡന്റ് പ്രകാശിനെതിരേ അവിശ്വാസത്തിന് നോട്ടീസ് വന്നു. അവിശ്വാസം വിജയിക്കുമെന്ന് കണ്ടതോടെ പ്രകാശ് രാജി വച്ചു.

വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നലെ നടക്കുമ്പോൾ അവിശ്വാസം കൊണ്ടു വന്ന എൽഡിഎഫിന്റെ പിന്തുണയിൽ പ്രകാശ് വീണ്ടും പ്രസിഡന്റാകുന്നതാണ് കണ്ടത്. സ്വന്തം അടക്കം ഒമ്പതു വോട്ട് പ്രകാശിന് കിട്ടി. സിപിഎമ്മിലെ ഗീതാ സുരേഷ് പ്രകാശിന്റെ പേര് നിർദ്ദേശിച്ചു. സന്ധ്യാദേവി പിന്താങ്ങി. കോൺഗ്രസിൽ നിന്ന് മത്സരിച്ച മിനി തോമസിന് നാലു വോട്ടു കിട്ടി. വൈസ് പ്രസിഡന്റായ കോൺഗ്രസിലെ സിന്ധു സഞ്ജയനെതിരേ സിപിഎം നൽകിയ അവിശ്വാസം ഇന്നലെ ഉച്ച കഴിഞ്ഞ് ചർച്ച ചെയ്യാനിരുന്നതാണ്. എന്നാൽ, സിന്ധു രാജി വച്ചതു കാരണം അതു വേണ്ടി വന്നില്ല. യുഡിഎഫിൽ നിന്ന് വിട്ടു പോയ സച്ചിൻ വയലയും ബിജെപി പുറത്താക്കിയ അംഗം മന്ദിരം രവീന്ദ്രനും പ്രകാശിന് വോട്ടു ചെയ്തു.

എതിർപ്പുമായി സിപിഐ

കോൺഗ്രസ് ബിജെപി സഖ്യത്തിന്റെ പ്രസിഡന്റായി മത്സരിക്കുകയും ഭരണം നടത്തുകയും ചെയ്തയാളെ മുന്നണിയിൽ ആലോചിക്കാതെ പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയിൽ എതിർപ്പുമായി സിപി.ഐ റാന്നി ലോക്കൽ കമ്മറ്റി. രംഗത്തു വന്നു. റാന്നി ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ കെ.ആർ പ്രകാശിനെ പ്രസിഡന്റാക്കിയ നടപടിയിലാണ് സിപിഐ അഭിപ്രായവ്യത്യാസം തുറന്നടിച്ചത്. ഇടതുമുന്നണിയുടെ പഞ്ചായത്ത് കമ്മറ്റി ചേരാതെ ഇത്തരം തീരുമാനം സിപിഎം എടുത്തത് മര്യാദ അല്ലെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. ആദ്യ തവണ കോൺഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിച്ച പ്രകാശ് അന്ന് പരാജയപെട്ടിരുന്നു.

പിന്നാലെ ഇദേഹം സംഘപരിവാറിനൊപ്പം ചേർന്നതായി സമൂഹ മാധ്യമങ്ങളിൽ ചിത്രം വന്നു. ബിജെപി പിന്തുണയുടെ പേരിൽ ആദ്യം വിജയിച്ച ശോഭാചാർളി പ്രസിഡന്റു സ്ഥാനം രാജി വച്ച ശേഷം കോൺഗ്രസ്, ബിജെപി പിന്തുണയിൽ പ്രകാശാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയച്ചതോടെ ഒറ്റയ്ക്ക് പഞ്ചായത്ത് ഭരിക്കാനുള്ള ഭൂരിപക്ഷം ആയിരുന്നു. തുടർന്ന് അവിശ്വാസം വരുന്നതിനു മുമ്പ് രാജി വെച്ച പ്രകാശ് അപ്രതീക്ഷിതമായാണ് ഇടതു സ്ഥാനാർത്ഥിയായി ഇന്നലെ രംഗത്തു വന്നത്. മാത്രമല്ല ബിജെപിയുടെ ടിക്കറ്റിൽ വിജയിച്ച മന്ദിരം രവീന്ദ്രനും പ്രകാശിന് ഇന്നലെ വോട്ടു ചെയ്തിരുന്നു.

ഇത്തരം തെറ്റായ നടപടികൾ ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കാൻ നേതൃത്വത്തിന് ലജ്ജയില്ലേയെന്നും സിപിഐ ഇറക്കിയ പ്രസ്താവനയിൽ ചോദിക്കുന്നു. വിഷയം പഞ്ചായത്ത് എൽ.ഡി.എഫ് ചേർന്ന് ചർച്ച ചെയ്യണമെന്നും നേതൃത്വത്തിന് പരാതി നൽകുമെന്നും റാന്നി ലോക്കൽ സെക്രട്ടറി തെക്കേപ്പുറം വാസുദേവൻ അറിയിച്ചു.

പ്രകാശ് സിപിഎമ്മുകാരൻ

സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കെആർ പ്രകാശ് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതാവായിരുന്നു. സിപിഎമ്മിലെ ഒരു പ്രമുഖ നേതാവുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് പ്രകാശിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നത്. തെക്കേപ്പുറം വാർഡിൽ പ്രകാശിന് സീറ്റ് കൊടുക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ, പ്രകാശിനെ ഒഴിവാക്കി റോഷനാണ് സീറ്റ് നൽകിയത്. ഇവിടെ സ്വതന്ത്രനായി മത്സരിച്ച പ്രകാശ് വിജയിച്ചു. അതോടെ യുഡിഎഫ് ഇദ്ദേഹത്തെ നോട്ടമിടുകയും ചെയ്തു. പ്രസിഡന്റായ ശേഷം പ്രകാശ് പഞ്ചായത്തിനെ മുന്നോട്ടു നയിച്ച രീതി ജനങ്ങൾക്കിടയിൽ ചർച്ചയായി. ഇതോടെ പ്രകാശിനെ തങ്ങൾക്കൊപ്പം ചേർക്കാൻ സിപിഎം നിർബന്ധിതമാവുകയായിരുന്നു.