- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശങ്കരാചാര്യരുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും അറിയില്ല; 210 പേജുകളുള്ള പ്രബന്ധത്തിൽ മൂവായിരത്തോളം വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളും; പ്രിൻസി കുര്യാക്കോസിന്റെ പി.എച്ച്.ഡി. പ്രബന്ധം പിൻവലിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: നിയുക്ത പി.എസ്.സി. അംഗവും ഡിവൈഎഫ്ഐ നേതാവുമായ പ്രിൻസി കുര്യാക്കോസിന്റെ ഗുരുതര പിശകുകളുള്ള പി.എച്ച്.ഡി. പ്രബന്ധം യുജിസിയുടെ നിയന്ത്രണത്തിലുള്ള 'ശോധ്ഗംഗ' വെബ്സൈറ്റിൽനിന്ന് ഉടൻ പിൻവലിക്കണമെന്നും പ്രബന്ധം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം. പ്രബന്ധം തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിച്ച സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ധർമ്മരാജ് അടാട്ടിന്റെ ഡീൻ പദവി റദ്ദാക്കണമെന്നും പ്രബന്ധ പരിശോധകരെ മൂല്യനിർണയത്തിൽനിന്ന് സ്ഥിരമായി ഡീബാർ ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി.
പ്രിൻസി ഗവേഷണ ബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നും പ്രബന്ധത്തിൽ ശ്രീശങ്കരാചാര്യരെ കുറിച്ച് തെറ്റായ പരാമർശവും ഗുരുതരപിശകുകളും വരുത്തിയിട്ടുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. ആദിശങ്കരാചാര്യരുടെ ജീവിത കാലഘട്ടം പോലും തെറ്റായി കാണിച്ച് തയ്യാറാക്കിയ ഒരു പ്രബന്ധത്തിന് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സർവ്വകലാശാല ഡോക്ടറേറ്റ് ബിരുദം നൽകുന്നത് സർവകലാശാലയ്ക്ക് അപമാനമാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
2018ലാണ് 'ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളെക്കുറിച്ചുള്ള താരതമ്യപഠനം' എന്ന വിഷയത്തിൽ പ്രിൻസി ഗവേഷണ ബിരുദം നേടിയത്. കാലടി സർവകലാശാല മുൻ വിസി ഡോ. ധർമരാജ് അടാട്ടിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
പൊതുവർഷം എട്ട്-ഒൻപത് നൂറ്റാണ്ടുകളിലാണ് ശങ്കരാചാര്യർ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. എന്നാൽ പ്രിൻസി കുര്യാക്കോസിന്റെ പ്രബന്ധത്തിലെ അധ്യായം രണ്ട് പേജ് എട്ട് അനുസരിച്ച്, ശങ്കരാചാര്യർ ജീവിച്ചിരുന്നത് പതിനെട്ട്-പത്തൊൻപത് നൂറ്റാണ്ടുകളിലാണ്. 19-ാം നൂറ്റാണ്ടിലാണ് അയിത്തം നിലവിൽ വന്നതെന്നും പ്രബന്ധത്തിലുണ്ട്.
അബദ്ധജടിലമായ ഇംഗ്ലീഷ് പ്രയോഗം, അക്ഷരത്തെറ്റുകൾ, വ്യാകരണപ്പിശക് എന്നിവയും പ്രബന്ധത്തിലുണ്ട്. ഓപ്പൺ ഡിഫൻസിൽ പിശകുകൾ ചൂണ്ടിക്കാട്ടിയിട്ടും അതിനെ അവഗണിച്ചാണ് പിഎച്ച്ഡി നൽകാൻ അന്നത്തെ വിസി ശുപാർശ ചെയ്തതെന്നും പരാതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ശങ്കരാചാര്യരുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും അറിയില്ല എന്നതിന് പുറമെ 210 പേജുകളുള്ള പ്രബന്ധത്തിൽ മൂവായിരത്തോളം വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളുമുണ്ടെന്നും ക്യാമ്പയിൻ കമ്മിറ്റി പറയുന്നു. പ്രബന്ധത്തിൽ അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും വ്യാപകമായതുകൊണ്ട് കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പ്ലാജറിസം കണ്ടെത്താനാവില്ല.
ഇംഗ്ലീഷ് ഭാഷയിൽ പ്രബന്ധം തയ്യാറാക്കിയ ഗവേഷകയ്ക്ക് ഇംഗ്ലീഷ് വ്യാകരണത്തിൽ അടിസ്ഥാനജ്ഞാനം പോലുമില്ല. സംസ്‌കൃത സാഹിത്യത്തിൽ എം.എ. ബിരുദം നേടിയ പ്രിൻസി കുര്യാക്കോസിനോ മേൽനോട്ടം വഹിച്ച ധർമ്മരാജ് അടാട്ടിനോ സംസ്‌കൃത വേദാന്ത വിഷയത്തിൽ ഗവേഷണം നടത്താനുള്ള അടിസ്ഥാന യോഗ്യത ഇല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.
എട്ട് -ഒൻപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നതായി കരുതുന്ന ശങ്കരാചര്യർ, പതിനെട്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്നും ജാതി വിവേചനവും അയിത്തവും നിലനിന്നിരുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യേയാണെന്നുമുള്ള പ്രബന്ധത്തിലെ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു.
സംസ്‌കൃത സർവകലാശാല യൂണിയൻ ചെയർമാൻ ആയിരുന്ന പ്രിൻസി കുര്യാക്കോസ് 2018-ലാണ് പി.എച്ച്.ഡി. ബിരുദം നേടിയത്. ചിന്താ ജെറോമിനോടൊപ്പം യുവജന കമ്മിഷൻ അംഗമായിരുന്ന പ്രിൻസി, എറണാകുളം ജില്ല ഡിവൈഎഫ്ഐ. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഒരു വിദ്യാർത്ഥി യുവജന സംഘടനാ നേതാവിനെ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ അംഗമായി നിയമിക്കുന്നത് ആദ്യമായാണ്. രണ്ടര ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന പ്രിൻസി, 38-ാമത്തെ വയസ്സ് മുതൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷന് അർഹയാകുമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പറയുന്നു.




