- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ എൻട്രിയിൽ കേരളത്തിലെ കോൺഗ്രസുകാർ ഹാപ്പി
കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായി വയനാടിനെ കോൺഗ്രസ് കണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനം. റായ്ബറേലിയിൽ ഇക്കുറി സഖ്യകക്ഷി കരുത്തുത്തിലാണ് രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയത്. ബിജെപിയുടെ സാന്നിധ്യം കൊണ്ട് വേണമെങ്കിൽ റിസ്‌ക്കിലാകാവുന്ന മണ്ഡലമാണ് അത്. എന്നാൽ, വയനാട്ടിൽ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. പൂർണമായും യുഡിഎഫിന് വിജയം ഉറപ്പിക്കാവുന്ന മണ്ഡലം. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് പ്രിയങ്കയ്ക്ക് ഇറങ്ങാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് മണ്ഡലത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ വരവ് കോൺഗ്രസുകാരെ ആവേശഭരിതരാക്കിയിട്ടുണ്ട്.
രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചർച്ച. രാഹുൽ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്റെ മേൽവിലാസം തൽക്കാലം മാറില്ല. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടർമാരും സ്വാഗതം ചെയ്യുകയാണ്. വയനാട്ടിൽ ആദ്യം രാഹുൽ ജയിച്ചപ്പോൾ 4,31000 ൽ അധികം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോട്ടുകളുടെ ഭൂരിപക്ഷവും നേടാനായി.
ഇനി പ്രിയങ്ക ഗാന്ധി എത്തുമ്പോഴും ആകാംക്ഷ ഭൂരിപക്ഷത്തിൽ തന്നെയാണ്. പ്രിയങ്ക മത്സരിക്കുമ്പോൾ ഭൂരിപക്ഷം നാല് ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടൽ. രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടിൽ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോൾ ഒഴുകിയെത്തിയ ആൾക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയർത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നൽകുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കുറവായിരുന്നു പ്രചാരണത്തിന്. എന്നാൽ, ഇത്തവണ ആ പ്രശ്‌നമുണ്ടാകില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയുണ്ടാകുമെന്നുറപ്പ്. ആനിരാജ തന്നെ വരുമോ എന്ന് കാത്തിരിക്കണം. മണ്ഡലത്തിൽ ബിജെപി വോട്ടുവിഹിതം കൂട്ടിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അതാവർത്തിക്കാൻ ആരെ നിയോഗിക്കുമെന്നതും ഇനി അറിയാനുണ്ട്. കെ സുരേന്ദ്രൻ മത്സരിച്ചേക്കില്ല.
അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. രാഹുൽ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഇറങ്ങാനുമാകും. രാഹുൽ ഗാന്ധി വയനാട്ടിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസുകാർ ആഗ്രഹിച്ച സ്ഥാനാർത്ഥിയാണ്. രാഹുൽ ഒഴിഞ്ഞാൽ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉൾപ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് യുഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. ഇന്ത്യാമുന്നണിയെ സംബന്ധിച്ചയിടത്തോളം വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ആവേശം കൊള്ളിക്കുന്നതാണ്. തൃശ്ശൂരിലെ തോൽവിയിലുണ്ടായ നിറംമങ്ങൽ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിലൂടെ ജ്വലിപ്പിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാർട്ടി നേതൃത്വം ഇപ്പോഴേ പറയുന്നത്.
നെഹ്‌റു കുടുംബം കേരളത്തെ ചേർത്തുപിടിക്കുന്നുവെന്ന വൈകാരികതയാണ് കോൺഗ്രസ് പ്രവർത്തകർ പങ്കുവെക്കുന്നത്. വയനാട് രാഹുൽ ഒഴിഞ്ഞതിൽ കടുത്ത വിമർശനം എതിർപാർട്ടികൾക്കുണ്ട്. പ്രിയങ്കയാണെങ്കിലും സ്ഥാനാർത്ഥിയെ നിർത്താനാണ് സിപിഐ നീക്കം. പക്ഷെ പ്രചാരണത്തിൽ എന്തൊക്കെ പറയുമെന്നത് ഇടത് പാർട്ടികൾക്ക് ആശങ്കയുണ്ടാക്കുന്നു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരായ കടന്നാക്രമണം പ്രിയങ്കക്കെതിരെ ആവർത്തിച്ചാൽ കൂടുതൽ കൈപൊള്ളാനിടയുണ്ടെന്ന പ്രശ്‌നം എൽഡിഎഫിന് മുന്നിലുണ്ട്. ശക്തികുറച്ചാൽ ബിജെപി കൂടുതൽ ശക്തിപ്പെടുമെന്ന പ്രശ്‌നവും ബാക്കിയാണ്. വയനാടിനൊപ്പം പാലക്കാടും ചേലക്കരയും കൂടി ഉപതെരഞ്ഞെടുപ്പ് വന്നാൽ പ്രിയങ്ക ഫാക്ടർ ഗുണമാകുമെന്നാണ് കോൺഗ്രസ് കണക്കൂകൂട്ടുന്നത്. ചേലക്കരയിൽ വിജയിക്കാൻ സാധിച്ചാൽ അത് കോൺഗ്രസിന് വൻ നേട്ടമായി മാറുമെന്ന കാര്യം ഉറപ്പാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ പ്രിയങ്കയുടെ സാന്നിധ്യം ഗുണകരമാകുമെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസ് നേതാക്കളും ഏറെയാണ്.
മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലവും കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലവും വയനാട് ജില്ലയിലെ മൂന്ന് മണ്ഡലവും ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലം രൂപീകൃത കാലം മുതൽ കോൺഗ്രസിന്റെ കുത്തക സീറ്റാണ്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാവുന്ന മണ്ഡലത്തിൽ ആദ്യം പ്രാദേശിക നേതാക്കളെ പരിഗണിക്കാമെന്ന ചർച്ച ഉയർന്നുവന്നിരുന്നുവെങ്കിലും ഇത് പാർട്ടിക്കുള്ളിൽ അസ്വാരസ്യത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രിയങ്കയിലേക്ക് തന്നെ കാര്യങ്ങൾ എത്തിയത്. രാഹുൽ അല്ലെങ്കിൽ പ്രിയങ്ക വേണമെന്ന മുസ്ലിം ലീഗ് അടക്കമുള്ളവരുടെ താൽപര്യവും പരിഗണക്കപ്പെടുകയായിരുന്നു.
രാഹുൽ വയനാട്ടുകാരെ വഞ്ചിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനും പ്രിയങ്കയിലൂടെ മറുപടി കൊടുക്കാനായി എന്നത് കോൺഗ്രസിനെ സംബന്ധിച്ച് നേട്ടമായി. 2004-ൽ റായ്ബറേലിയിൽ മത്സരിച്ച സോണിയാഗാന്ധിയുടെ കാമ്പയിൻ മാനേജറായിട്ടായിരുന്നു പ്രിയങ്കയുടെ തുടക്കം. സഹോദരൻ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചരണങ്ങളിലും സജീവമായിരുന്നു. 2017-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി സംസ്ഥാനത്തെ മൊത്തം രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെട്ട സമയത്ത് അമേഠിയും റായ്ബറേലിയും അടക്കമുള്ള പത്തോളം മണ്ഡലങ്ങളുടെ പൂർണ ചുമതലയായിരുന്നു പ്രിയങ്കാ ഗാന്ധിക്ക്. 2019 ഓടെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും എ.ഐ.സി.സി ജനറൽ
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉത്തർപ്രദേശിന്റെ ചുമതലക്കാരിയായിട്ടായിരുന്നു പാർട്ടി നിയോഗിച്ചത്.
വയനാടിനെ സംബന്ധിച്ചും പ്രിയങ്ക പുതുമുഖമല്ലെന്നതാണ് പ്രത്യേകത. 2019-ൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയപ്പോൾ തിരഞ്ഞെടുപ്പ് കാമ്പയിനുകളിൽ സജീവമായിരുന്നു പ്രിയങ്ക. ഇതിന് പുറമെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യത വന്നപ്പോൾ ജനങ്ങളെ കാണാൻ വയനാട്ടിലെത്തിയപ്പോഴും പ്രിയങ്ക കൂടെയുണ്ടായിരുന്നു. അന്ന് ഒരു ജനത മുഴുവൻ രാഹുലിനും പ്രിയങ്കയ്ക്കും പിന്നിൽ അണിനിരന്നിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതിന്റെ പ്രതിഷേധം കൽപറ്റയിലെ തെരുവിൽ ആർത്തിരമ്പുകയും ചെയ്തിരുന്നു. ഒടുവിൽ വയനാട്ടിൽ രണ്ടാം വട്ടവും രാഹുൽ മത്സരിക്കാനെത്തിയപ്പോഴും കാമ്പയിനുകളിൽ പ്രിയങ്ക സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് കത്തിക്കയറിയ പ്രിയങ്കയ്ക്ക് അന്ന് വൻ വരവേൽപ്പാണ് വയനാട്ടുകാർ നൽകിയത്.
രണ്ട് മണ്ഡലത്തിലും വിജയിച്ച ശേഷം വയനാട്ടുകാരുമായി ആജീവനാന്ത ബന്ധം തുടരുമെന്നും വയനാട്ടുകാർക്ക് സന്തോഷം നൽകുന്ന തീരുമാനമെടുക്കുമെന്നും പറഞ്ഞ രാഹുൽ തന്നെ പ്രതിസന്ധികാലത്ത് സഹായിച്ച് ജനതയ്ക്ക് നൽകുന്ന ഏറ്റവും നല്ല മറുപടിയുമായി പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ വയനാട്ടിൽനിന്ന് പ്രിയങ്ക ജനവിധി തേടുന്നതോടെ വലിയൊരു ചരിത്രത്തിന് കൂടിയാണ് വയനാട് സാക്ഷിയാവാൻ പോവുന്നത്. വിജയിച്ചാൽ ഒരു കുടുംബത്തിൽ നിന്ന് ഒരേസമയം മൂന്ന് പേർ പാർലമെന്റിലെത്തുന്നുവെന്ന ചരിത്രമാണ് കുറിക്കപ്പെടുക.