- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്കെതിരായ പ്രതിഷേധത്തിൽ പ്രതികരണങ്ങൾ
കൊച്ചി. ഗവർണർക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇത് തീക്കളിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണറെ വരുതിയിൽനിർത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അത് ആരിഫ് മുഹമ്മദ് ഖാനെ മനസ്സിലാകാഞ്ഞിട്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് തീക്കളിയാണെന്നും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
"സംസ്ഥാന പൊലീസും മുഖ്യമന്ത്രിയും നേരിട്ട് ഇത്തരത്തിൽ ഒരു സാഹചര്യം സൃഷ്ടിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഇത് മനസ്സിലാക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്കെതിരെ പ്രതിഷേധം അരങ്ങേറിയത്. മാധ്യമപ്രവർത്തകരെ അറിയിച്ച് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ടെങ്കിൽ ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചുകാണുമല്ലോ?
സംസ്ഥാന ഇന്റലിജൻസിന് അറിയുമെങ്കിൽ പൊലീസ് ഇടപെട്ട് ഗവർണറുടെ റൂട്ട് മാറ്റണം, ഇല്ലെങ്കിൽ വഴിതിരിച്ചുവിടണം. ഇതു രണ്ടും ചെയ്യാതെ ഗവർണറെ ഈ ഗുണ്ടകളെക്കൊണ്ട് നേരിടാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്തത്. ഗവർണറെ അപായപ്പെടുത്താൻ അടക്കം സാഹചര്യം ഒരുക്കി. അത് മുഖ്യമന്ത്രി അറിയാതെ നടക്കില്ലല്ലോ. ക്രമസമാധാനലംഘനം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ സാധാരണ ഗവർണറോട് പൊലീസ് പറയും. അല്ലെങ്കിൽ കേരളത്തിൽ ക്രമസമാധാനനില തകരാറിലാണ്, സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല എന്ന് അവർ പറയണം." മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗവർണറുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികരണം ആരാഞ്ഞപ്പോൾ മുഖ്യമന്ത്രി ചിരിയിലൊതുക്കി. ഗവർണറുടെ പ്രതിഷേധം 'ഷോ' എന്ന് വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഗവർണർ വല്ലാത്ത മാനസികാവസ്ഥയിലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഗവർണർക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ പൊലീസ് നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അതുതന്നെയാണ് നൽകുന്നത്. ഞങ്ങളൊക്കെ പോകുമ്പോൾ ഒരുപാട് സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടാകാറുണ്ട്. ഞങ്ങളൊന്നും ചാടി റോഡിൽ ഇരുന്നിട്ടില്ല. അദ്ദേഹത്തിന്റെ വല്ലാത്ത മാനസികാവസ്ഥയെ തുടർന്ന് ഷോ ആണ് നടത്തുന്നത്. ഗവർണർ കേരളത്തിനെതിരായ വികാരം ഉണ്ടാക്കാനാണ് നോക്കുന്നത്. ദേശീയ വാർത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഗവർണറുടേത് നാലാമത്തെ ഷോ ആണ്. തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണ് നടത്തുന്നത്. കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം"മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കേരളത്തിന് ഗവർണറെ ആവശ്യമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ദ്രോഹമല്ലാതെ ഗവർണർ സംസ്ഥാനത്തിനായി ഒരു ഉപകാരവും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വരുംദിവസങ്ങളിൽ ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ സംസ്ഥന സെക്രട്ടറി ആർഷോ പറഞ്ഞു.