- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോക്സോ കേസ് പ്രതിയായ തിരുവള്ളൂർ മുരളിയെ ഡിസിസി ഭാരവാഹിയാക്കാൻ നീക്കം; കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു; മുമ്പ് പുറത്താക്കിയത് ചെന്നിത്തലയെ അധിക്ഷേപിച്ചതിന്; മുരളിക്ക് തുണയായത് കെ സുധാകരനുമായി ഉള്ള അടുപ്പം; ബഹിഷ്കരണ ഭീഷണിയുമായി ഒരുവിഭാഗം
കോഴിക്കോട്: പോക്സോ കേസ് പ്രതിയും നിരവധി സംഭവങ്ങളിൽ ആരോപണവിധേയനുമായ തിരുവള്ളൂർ മുരളിയെ ഡിസിസി ഭാരവാഹിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. രമേശ് ചെന്നിത്തലയെ മോശം ഭാഷയിൽ അധിക്ഷേപിച്ചതിനെ തുടർന്നായിരുന്നു അഞ്ച് വർഷം മുമ്പ് ഡിസിസി ജനറൽ സെക്രട്ടിയായിരുന്ന മുരളിയെ കോൺഗ്രസ് പുറത്താക്കിയത്.
എന്നാൽ കെ സുധാകരന്റെ അടുത്തയാളായ മുരളിയെ അടുത്തിടെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാണ് അംഗത്വം പുനഃസ്ഥാപിച്ചതെന്ന് ആരോപിച്ച് പ്രവർത്തകർ രംഗത്തെത്തിയത്. ഡിസിസി നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം കോൺഗ്രസ്, യു ഡി എഫ് യോഗങ്ങൾ ബഹിഷ്ക്കരിക്കുകയും ചെയ്തു. നിരവധി നേതാക്കൾ ജില്ലാ നേതാക്കളെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുരളിയെ തിരിച്ചെടുത്ത നടപടി പിൻവലിച്ചില്ലെങ്കിൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
കെ സുധാകരന്റെ നിർദ്ദേശത്തെ തുടർന്ന് കുറച്ചു നാൾ മുമ്പ് തിരുവള്ളൂർ മുരളിയെ അംഗത്വ സസ്പെൻഷൻ പിൻവലിച്ച് പാർട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു. എന്നാൽ പ്രാദേശികമായി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അംഗത്വം സസ്പെന്റ് ചെയ്തു. ഈ സസ്പെൻഷൻ പിൻവലിച്ചതായി കാണിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ കുറച്ചു ദിവസം മുമ്പ് വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനും തിരുവള്ളൂർ മണ്ഡലം പ്രസിഡന്റിനും കത്തയയ്ക്കുകയായിരുന്നു.
രമേശ് ചെന്നിത്തലയ്ക്കെതിരെ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു നേരത്തെ മുരളിയെ കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്തത്. പിന്നീട് കാമരാജ് കോൺഗ്രസിൽ ചേർന്ന് എൻ ഡി എയുടെ സഖ്യകക്ഷിയുമായി. അടുത്തിടെ കാമരാജ് കോൺഗ്രസ് വിട്ട മുരളി കോൺഗ്രസിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലായിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് നീക്കം വൈകുകയായിരുന്നു. തിരുവള്ളൂരിൽ കോൺഗ്രസ് മേഖലാ കമ്മിറ്റി എന്ന പേരിൽ ബദൽ കമ്മിറ്റി രൂപീകരിച്ച് പൊതുപരിപാടികളും തിരുവള്ളൂർ മുരളി സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ കെ സുധാകരന്റെ പിന്തുണയോടെ വീണ്ടും ഡിസിസി ഭാരവാഹിയാക്കാനുള്ള നീക്കം നടക്കുകയാണ് എന്നാൽ പ്രവർത്തകർ വ്യക്തമാക്കുന്നത്.
നിരവധി ആരോപണങ്ങൾ മുരളിക്കെതിരെ ഉയർന്നിരുന്നു. 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എ ഐ സി സി നൽകിയ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കാണാതായ സംഭവത്തിൽ ആരോപണ വിധേയനായിരുന്നു മുരളി. 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി നൽകിയ ഫണ്ടുമായി കേരളത്തിലേക്ക് വന്നത് മുരളിയായിരുന്നു. ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന അമ്പത് ലക്ഷത്തിൽ നിന്നാണ് 25 ലക്ഷം രൂപ കാണാതെ പോയത്.
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മുരളിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പേരാമ്പ്രക്കടുത്ത് എരവട്ടൂർ കുണ്ടുങ്കര മുക്കിൽ നിർമ്മിക്കുന്ന ഫ്ളോർ മില്ലിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. ഇത് കാണാനെത്തിയ കുട്ടിയെ മുരളി ബലമായി കാറിൽ കയറ്റി ലൈംഗിക വൈകൃതങ്ങൾക്കിരയാക്കിയെന്നാണ് പരാതി. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസിൽ പോക്സോ കേസിൽ പ്രതിയായ മുരളിയെ ഭാരവാഹിയാക്കുന്നത് പാർട്ടിക്ക് കളങ്കമേൽപ്പിക്കുമെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അയൽവാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയിലും മുരളി അറസ്റ്റിലായിരുന്നു. ഒരു സ്ത്രീയ്ക്കൊപ്പം അനാശാസ്യം ആരോപിച്ച് നാട്ടുകാർ ഒരു കെട്ടിടത്തിൽ നിന്ന് ഇയാളെ പിടികൂടിയത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.