കോട്ടയം: മാർത്തോമ്മൻ സംഗമത്തെ അട്ടിമറിക്കാൻ ചിലർ ശ്രമിച്ച കഥ പറഞ്ഞ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വി.ഐ.പി.കളെ വിലക്കാൻ ചിലർ ശ്രമിച്ചെന്നാണ് ഗവർണർ ശ്രീധരൻ പിള്ളയുടെ ആരോപണം. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി ശ്രീധരൻപിള്ള മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമാണ്. ഇതിനിടെയാണ് സഭയുടെ വേദിയിൽ ശ്രീധരൻ പിള്ള ചിലത് പറഞ്ഞത്. സഭയെ ചേർത്ത് നിർത്താൻ കൂടിയുള്ള ശ്രമാണ് ഇത്.

രണ്ട് ഗവർണർമാർ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടികൾക്ക് സാങ്കേതിക തടസ്സങ്ങളുണ്ട്. ഉപരാഷ്ട്രപതി ഈ പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചെങ്കിലും ദൗർഭാഗ്യവശാൽ നടന്നില്ല. ഈ സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളെ ക്രിമിനൽക്കേസിൽപ്പെടുത്തിയിരുന്നു. അതിന്റെ എഫ്.ഐ.ആർ. കോപ്പികൾ ഉപരാഷ്ട്രപതിയുടെ ഓഫീസിലെത്തിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ വരവ് തടഞ്ഞു. കേരള ഗവർണറുടെ ഓഫീസിലും ഈ എഫ്.ഐ.ആറിന്റെ കോപ്പികളെത്തിക്കാൻ ശ്രമിച്ചു. ഉറുമ്പിനെപ്പോലും നോവിക്കാത്തയാളെയാണ് കള്ളക്കേസിൽപ്പെടുത്തിയത്.-ശ്രീധരൻ പിള്ള പറഞ്ഞത് ഇങ്ങനൊണ്.

കാരുണ്യമെന്നാണ് ദൈവത്തിന്റെ പേരെന്ന് വിശ്വസിക്കുന്നയാളാണ് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ജാതി-മത ചിന്തകൾക്കതീതമായ കാരുണ്യപ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഗവർണറായശേഷം 28 ദീനദയാപദ്ധതികൾ (ചാരിറ്റി) ഉദ്ഘാടനം ചെയ്തു. പൈതൃകവും വിശ്വാസവും പരസ്പര പൂരകങ്ങളായി ബാവ പുതിയ തലമുറയ്ക്ക് കൈമാറുന്നു, -ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. എല്ലാ അർത്ഥത്തിലും സഭയുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമമാണ് ശ്രീധരൻ പിള്ള നടത്തിയതെന്നാണ് വിലയിയിരുത്തൽ.

ഇതേ വേദിയിൽ ചർച്ച് ബിൽ കൊണ്ടുവന്ന് സഭാ സ്വാതന്ത്ര്യവും തനിമയും നഷ്ടപ്പെടുത്താമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞതും ചർച്ചയിലുണ്ട്. സമാധാന ചർച്ചകൾക്ക് സഭ തയ്യാറാണ്. എന്നാൽ സഭയുടെ അസ്തിവാരം തോണ്ടുന്ന തരത്തിലുള്ള ചർച്ചകൾക്ക് കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന മാർത്തോമ പൈതൃക സംഗമ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു കാതോലിക്കബാവ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിൽ ഇരുത്തിയായിരുന്നു ആ ആവശ്യം ഉന്നയിക്കൽ.

സുപ്രിംകോടതി വിധിക്കുമേൽ സർക്കാർ നിയമം കൊണ്ടുവന്നാൽ അംഗീകരിക്കരുതെന്ന് കാതോലിക്കാ ബാവ ഗവർണറോട് ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭക്ക് കീഴിലെ 1662 പള്ളികളും 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം. ഈ വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യത്തിനായി 145 വർഷം നിയമയുദ്ധം നടത്തിയവരാണ് വിശ്വാസികൾ. ഇതിൽ വെള്ളംചേർക്കുന്ന നടപടികൾ അനുവദിക്കില്ലെന്നും ബാവ പറഞ്ഞു. മന്ത്രിമാരായ വി.എൻ വാസവനും വീണാ ജോർജും വേദിയിലിരിക്കുമ്പോഴായിരുന്നു ഗവർണറോടുള്ള കാതോലിക്കാ ബാവയുടെ അഭ്യർത്ഥന.

നിയമം പാലിക്കുമെന്നായിരുന്നു കാതോലിക്കാ ബാവയുടെ ആവശ്യത്തോട് ഗവർണറുടെ പ്രതികരണം. നിയമം അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. നിയമവും ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണറായ തനിക്ക് പോലും ഉത്തരവാദിത്തമുണ്ട്. ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തവർക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ പറഞ്ഞു.

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ തന്നെയാരും സമീപിച്ചിട്ടില്ലെന്നും അക്കാര്യം ആരോടും സംസാരിച്ചിട്ടില്ലെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നേരത്തെ പ്രതികരിച്ചിരുന്നു. "പത്തനംതിട്ടയിലെ ക്രൈസ്തവസഭാപ്രതിനിധികൾ ഇങ്ങനെയൊരു ആവശ്യം ഡൽഹിയിൽപോയി ഉന്നയിച്ചുവെന്ന് കേട്ടു. പ്രധാന ഹിന്ദുസംഘടനകളും അത് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഞാൻ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന് ഇതുവരെ എന്റെ പാർട്ടിയിലെ പഴയകാല സഹപ്രവർത്തകർ ആരും ആവശ്യപ്പെട്ടിട്ടില്ല.

ഗവർണർക്ക് രാഷ്ട്രീയമില്ല. ജീവിതത്തിൽ ഇന്നുവരെ ഏതെങ്കിലും പാർട്ടിസ്ഥാനമോ അധികാരപദവിയോ വേണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്റെ പ്രസ്ഥാനം നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചിട്ടേയുള്ളൂ" - ഇതായിരുന്നു മറുപടി.