- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള അതിർത്തിയിൽ രാഹുലിനെ സുധാകരനും സതീശനും ചേർന്ന് സ്വീകരിച്ചു; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ശശി തരൂരും അടക്കമുള്ളവർ എത്തിയത് അണികൾക്ക് ആവേശമായി; ഭാരത് ജോഡോ യാത്ര കേരളത്തിൽ; 19 ദിവസം കൊണ്ട് ഏഴു ജില്ലകളിലൂടെ രാഹുൽ കേരളത്തിലൂടെ നടക്കുക 450 കിലോമീറ്റർ; പാറശ്ശാലയിൽ 'ഗ്രൂപ്പ്' മറന്ന് നേതാക്കൾ ഒരുമിച്ചു; കെപിസിസി ആവേശത്തിൽ
തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിൽ. രാവിലെ പാറശാലയിൽ നിന്നാണ് കേരള യാത്ര ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ സ്വീകരിച്ചു. രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്ര. വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.
കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ പ്രധാന നേതാക്കളെല്ലാം യാത്രയെ സ്വീകരിക്കാൻ എത്തിയിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരും എത്തി. ഗ്രൂപ്പ് ഭിന്നതകളോ സംഘടനാ പ്രശ്നങ്ങളോ ഒന്നും ഭാരത് ജോഡോ യാത്രയെ പ്രതിസന്ധിയിലാക്കില്ല. എല്ലാ നേതാക്കളും ഒറ്റമനസ്സായാണ് നിൽക്കുന്നത്. രാഹുലിന്റെ യാത്ര കേരളത്തിലെ കോൺഗ്രസിന് പുത്തനുണർവ്വാകുമെന്നാണ് വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനെ കേരളത്തിലെ യാത്രയിൽ അനുഗമിക്കുന്നുണ്ട്.
പാറശാലയിൽ നിന്ന് ആരംഭിച്ച യാത്ര നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തിൽ ഉച്ചയോടെ സമാപിക്കും. പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുൽഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം അദ്ദേഹം സന്ദർശിക്കും. വൈകീട്ട് നിംസ് ആശുപത്രി വളപ്പിൽ ഗാന്ധിയന്മരായ ഗോപിനാഥൻ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകീട്ട് യാത്ര നേമത്ത് സമാപിക്കും. 12-ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. കേരളത്തിൽ 19 ദിവസങ്ങളിലായി നടക്കുന്ന പദയാത്ര 450 കിലോമീറ്റർ സഞ്ചരിക്കും. സാംസ്കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹർ ബാൽമഞ്ചിലെ വിദ്യാർത്ഥികളുമായും രാഹുൽഗാന്ധി സംവദിക്കും.
കന്യാകുമാരി ജില്ലയിലെ അവസാന ദിന പര്യടനത്തിൽ രാഹുലിനൊപ്പം നടക്കാൻ ഇന്നലെ തമിഴകം കടൽ പോലെ അലയടിച്ചു വന്നു. വലിയ ആവേശമാണ് യാത്രയ്ക്കുള്ളത്. കേരളത്തിലെ കോൺഗ്രസിനും സംഘടനാ പരമായി ഉയർച്ചയാകും രാഹുൽ ഗാന്ധിയുടെ യാത്ര. എല്ലാ മണ്ഡലങ്ങളിലേയും പ്രവർത്തകർ രാഹുലിനൊപ്പം യാത്രയിൽ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കും. കന്യാകുമാരി കടൽത്തീരത്തെ ഗാന്ധിമണ്ഡപത്തിൽ ദേശീയ പതാകയേറ്റുവാങ്ങി ആരംഭിച്ച ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം വൈകിട്ട് തക്കലയ്ക്ക് സമീപം മുളകുമൂട്ടിൽ അവസാനിച്ചിരുന്നു. മുളകുമൂട്ടിലെ മൈതാനത്ത് ദേശീയപതാക ഉയർത്തിയതിനു ശേഷം രാവിലെ 7ന് രാഹുൽ വീണ്ടും പര്യടനം തുടങ്ങി. അതിനിടെ ഓടിയെത്തിയ സ്കൂൾ കുട്ടികൾക്കൊപ്പം സെൽഫിക്കും പോസ് ചെയ്തു. യാത്രയ്ക്കിടെ കാട്ടാത്തുറയ്ക്കു സമീപത്തുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനികളുമായും സംവദിച്ചു. സ്വാമിയാർമഠത്തും വെള്ളിക്കോട്ടും വൻജനാവലിയാണു തടിച്ചുകൂടിയത്. ഇരവിപുതൂർക്കടയിൽ ശരീരത്തിൽ ചായം കൊണ്ട് വെൽക്കം രാഹുൽ എന്നെഴുതി വരിയായി നിന്ന് പ്രവർത്തകർ വരവേറ്റു. രാവിലെ 9.30നു മാർത്താണ്ഡം നേശമണി ക്രിസ്ത്യൻ കോളജിൽ രാഹുൽ എത്തി. വൈകിട്ട് 5ന് അവിടെ നിന്ന് തിരിച്ച യാത്ര വൈകിട്ട് കേരള അതിർത്തിക്കു സമീപം ചെറുവാരക്കോണത്തു സമാപിച്ചു.
പാറശാലയിൽ കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും യാത്രയെ വരവേറ്റു. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിഷ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം. 15,16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂർത്തിയാക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂർ വഴി കർണാടകത്തിൽ പ്രവേശിക്കും.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. രാവിലെ ഏഴ് മുതൽ 11 വരെയും വൈകന്നേരം നാല് മുതൽ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നപോകുന്നത്. 3570 കിലോമീറ്റർ പിന്നിട്ട് ജനുവരി 30ന് സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ