ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽത്തന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അതേസമയം, രണ്ടാമതൊരു മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുകയില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. ഇതോടെ വയനാട്ടിലേക്ക് ദേശീയ രാഷ്ട്രീയം വീണ്ടും എത്തും. യുപിയിലെ മണ്ഡലങ്ങളിൽ രാഹുൽ മത്സരിക്കില്ലെന്ന സൂചനയാണ് ഇതോടെ പുറത്തു വരുന്നത്.

കേരളത്തിൽ നിലവിലുള്ള എംപിമാർ എല്ലാവരും മത്സരിക്കും. എന്നാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയും അൻവർ വ്യക്തമാക്കി. അതേസമയം, പാർട്ടി ചുമതലയുള്ളതിനാൽ കെ.സി. വേണുഗോപാൽ മത്സരിക്കാൻ സാധ്യതയില്ലെന്നും അൻവർ വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നമുള്ളതിനാൽ സോണിയാ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ പ്രിയങ്കാ ഗാന്ധി റായ് ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ആരും മത്സരിക്കാനും സാധ്യത കുറവാണ്.

ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും സഖ്യത്തിന്റെ കെട്ടുറപ്പിന് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നും സിപിഐ നേതാവ് ബിനോയി വിശ്വം എംപി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം മത്സരിക്കേണ്ടത് ഉത്തരേന്ത്യയിലാണ്. രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഉത്തരേന്ത്യയാണ്. രാഷ്ട്രീയ മത്സരവേദി ഉത്തരേന്ത്യയാണെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടതു മുന്നണിക്ക് വേണ്ടി വയനാട് മത്സരിക്കുന്നത് സിപിഐയാണ്. ഈ സാഹചര്യത്തിലാണ് ബിനോയ് വിശ്വം നിലപാട് പറഞ്ഞത്.

രാഷ്ട്രീയ എതിരാളികളെ തിരിച്ചറിയാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. രാജ്യസ്‌നേഹത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ വിറ്റ് തുലക്കുകയാണ് ബിജെപി. പൊതു ശത്രുവിനെതിരെ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ വയനാട് ജില്ലാ കൗൺസിൽ ഓഫീസ് (എംഎൻ സ്മാരകം) ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം. ഇതിന് പിന്നാലെയാണ് കോൺഗ്രസ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് അറിയിക്കുന്നതും. കേരളത്തിൽ പരമാവധി സീറ്റുകളിൽ ജയിക്കാൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

അതിനിടെ വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തി. ഇന്നലെ രാത്രി ഒമ്പതിന് എത്തിയ അദ്ദേഹം മൂന്ന് ദിവസം കൊണ്ട് നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം കൂടിയാകും ഈ യാത്ര.

ഡിസംബർ ഒന്നിന് രാവിലെ 9ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കെപിസിസിയുടെ പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈൻ ഡ്രൈവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗൺഹാളിൽ സുപ്രഭാതം ദിനപത്രത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് രാഹുൽ ഗാന്ധിക്ക് ഒരുക്കിയത്. കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.കെ. രാഘവൻ എംപി, എംഎ‍ൽഎമാരായ എ.പി. അനിൽകുമാർ, പി.കെ. ബഷീർ, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് വി എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.