- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ രാഹുലിനെ മത്സരിപ്പിക്കാൻ അഖിലേഷിന്റെ സമ്മർദ്ദം
തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽനിന്ന് വീണ്ടും മത്സരിക്കാൻ സാധ്യത കുറയുന്നതിന് പിന്നിൽ എസ് പിയുടെ അഖിലേഷ് യാദവിന്റെ ഇടപടൽ. പകരം കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ എവിടെനിന്നെങ്കിലും മത്സരിച്ചേക്കും. പരമ്പരാഗതമായി മത്സരിച്ചുപോരുന്ന അമേഠിയെക്കൂടാതെയാണ് ദക്ഷിണേന്ത്യയിൽനിന്ന് ഏതെങ്കിലും സീറ്റിൽകൂടി മത്സരിക്കുക. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. യുപിയിൽ രാഹുൽ മത്സരിക്കണമെന്നത് അഖിലേഷിന്റെ ആവശ്യമാണ്. ഇത് ഏതാണ്ട് അംഗീകരിച്ചു. ഇതോടെയാണ് യുപിയിൽ എസ് പിയുമായി സീറ്റ് ധാരണയുണ്ടാതെന്നാണ് സൂചന. പക്ഷേ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.
വയനാട് സുരക്ഷിതമണ്ഡലമാണെങ്കിലും പ്രതിപക്ഷകക്ഷികൾ ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയായി നിൽക്കുകയും കോൺഗ്രസ് അതിന് നേതൃത്വംനൽകുകയും ചെയ്യുമ്പോൾ അതേ മുന്നണിയിലെ കക്ഷിയുമായി രാഹുൽ മത്സരിക്കുന്നത് ഉചിതമാകില്ലെന്ന അഭിപ്രായവും ദേശീയ നേതൃത്വത്തിനുണ്ടായി. ഇതിന് പിന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഇടപെടലുകളായിരുന്നു. സിപിഐയുടെ ദേശീയ നേതാവ് ഡി രാജയും ഈ വിഷയം കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തി. രാജയുടെ ഭാര്യ ആനി രാജയാണ് വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥി. ഇതിനൊപ്പം അഖിലേഷിന്റെ നിലപാടും നിർണ്ണായകമായി. വയനാട്ടിലെ മത്സരമാണ് അമേഠിയിൽ കഴിഞ്ഞ തവണ രാഹുലിന് തോൽവിയൊരുക്കിയതെന്ന വിലയിരുത്തലും സജീവമാണ്.
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മാറുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഓരോതവണയും മണ്ഡലം മാറുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഉത്തരേന്ത്യയിൽ മൽസരിച്ചാലും നൂറുശതമാനം ജയം ഉറപ്പില്ല. ഈ പശ്ചാത്തലത്തിലാണ് രാഹുൽ തീരുമാനം എടുക്കൽ വൈകിപ്പിക്കുന്നത്. അഖിലേഷിന്റേയും സിപിഐയുടേയും ആവശ്യം തള്ളിക്കളയാനും കഴിയില്ല. അതുകൊണ്ടാണ് കർണ്ണാടകയിലേയും തെലുങ്കാനയിലേയും സീറ്റുകൾ കൂടി പരിഗണിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യ ചർച്ചകളിൽ കോൺഗ്രസ് വിട്ടു വീഴ്ച ചെയ്തില്ല എന്ന വിമർശനം സിപിഐയ്ക്കുണ്ട്.
അക്കാര്യത്തിൽ രാഹുൽ ഗാന്ധിയടക്കം നേതാക്കൾ താൽപര്യം കാട്ടിയില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് , തെലങ്കാന എന്നിവിടങ്ങളിൽ മൽസരിച്ച സിപിഐയുമായി ഒരു സീറ്റിൽ മാത്രമാണ് സഖ്യത്തിന് കോൺഗ്രസ് തയാറായത്. രാഹുൽ ഗാന്ധിയുടെ ദക്ഷിണേന്ത്യയിലെ മൽസരം ബിജെപിക്ക് ഉത്തരേന്ത്യയിൽ കരുത്തേകുമെന്ന വിമർശനവും സിപിഐയ്ക്കുണ്ട്. ഇതെല്ലാം രാഹുൽ ഗൗരവത്തോടെ എടുക്കുന്നുണ്ട്. ഏതായാലും ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം അതിവേഗ തീരുമാനം എടുക്കും. കേരളത്തിൽ ഇടതുപക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.
രാഹുൽ ബിജെപി.യുമായി നേരിട്ടുള്ള മത്സരംനടത്തി വർഗീയവിരുദ്ധ പോരാട്ടത്തിന്റെ സന്ദേശം നൽകണമെന്ന വാദം ശക്തമാണ്. കർണാടക, തെലങ്കാന പി.സി.സി.കൾ രാഹുലിനായി സുരക്ഷിതമണ്ഡലങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വയനാട് ഒഴിവാക്കാനുള്ള ആലോചന. കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. സാമുദായിക സന്തുലനം ഉറപ്പാക്കിയാൽ ആലപ്പുഴയിൽ മത്സരിക്കുന്ന കാര്യം അവിടെനിന്നുള്ള മുൻ എംപി.യായ വേണുഗോപാലിന്റെ പരിഗണനയിലുണ്ട്.
നേരത്തേ കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ അവിടെ മുസ്ലിം പരിഗണനകൂടി കണക്കിലെടുത്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, സുധാകരൻ വീണ്ടും മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതോടെ ഈവഴിയുള്ള ചർച്ചയടഞ്ഞു. അതുകൊണ്ട് തന്നെ വയനാട്ടിൽ മുസ്ലിം സ്ഥാനാർത്ഥി എത്തും.