- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ ധർമ സങ്കടത്തിലാണ് താനെന്ന് രാഹുൽ ഗാന്ധി
മലപ്പുറം: വയനാട്ടിൽ തുടരണോ, റായ്ബറേലിയിൽ തുടരണോ എന്നുള്ള വലിയ ധർമ സങ്കടത്തിലാണ് താനെന്ന് രാഹുൽ ഗാന്ധി. ഇരു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിൽ വൻസ്വീകരണം ഏറ്റുവാങ്ങി കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. ഭരണഘടന കൈയിൽ പിടിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
തുറന്ന ജീപ്പിൽ നടത്തിയ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ പ്രസംഗവേദയിൽ എത്തിയത്. പ്രധാമമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉയർത്തിയത്. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് മോദിക്ക്.
പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. താനൊരു സാധാരണ മനുഷ്യനാണ്. താൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുത്തതെന്നും പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം എയർപോർട്ടുകളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തെന്നും രാഹുൽ പരിഹസിച്ചു.
ഭരണഘടനയുടെ പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ നടന്നതെന്ന് രാഹുൽ പറഞ്ഞു. ഈ രാജ്യത്തെ ഓരോ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. കേരളത്തിലെ ജനങ്ങൾക്ക് കഥകളി ആസ്വദിക്കാൻ സാധിക്കും, മലയാളം സംസാരിക്കാൻ സാധിക്കും, ഇഷ്ടമുള്ളത് ചെയ്യാൻ സാധിക്കും- ഈ അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ്. ഭരണഘടന രാജ്യത്ത് ഇല്ലാതായാൽ കേരളത്തിലേക്ക് ആർക്കുവേണമെങ്കിലും വന്ന് മലയാളം സംസാരിക്കാൻ പാടില്ലെന്ന് ആജ്ഞാപിക്കാൻ സാധിക്കും. കേരളത്തിന്റെ ഒരു പ്രത്യേക പാരമ്പര്യം പാടില്ലെന്ന് പറയാൻ കഴിയും. എല്ലാ ജനങ്ങളുടെയും ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്ന ഇന്ത്യൻ പോരാട്ടത്തിൽ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ, വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെയും കെ.എസ്.യുവിന്റെയും എംഎസ്എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്. എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുൽ കല്പറ്റയിൽ എത്തിച്ചേരും. കല്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി.