കൽപറ്റ: എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽഗാന്ധി ആദ്യമായി വയനാട്ടിൽ എത്തി. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്. ഉജ്വല സ്വീകരണമാണ് കോൺഗ്രസ് വയനാട്ടിൽ ഒരുക്കിയിട്ടുള്ളത്. റോഡ്ഷോയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലുമായി പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം ആയിരക്കണക്കിനുപേർ അണിനിരന്നു.

കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ 3.50ഓടെ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. എംപിയായ ശേഷം പലതവണ രാഹുൽ മണ്ഡലത്തിലെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ വരുന്നത് ഏറെ വൈകാരിക പശ്ചാത്തലത്തിലാണ്.

ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാട് ജനത തെരഞ്ഞെടുത്തയച്ച രാഹുൽ ഗാന്ധി എംപി, നിലവിൽ എംപിയല്ല. സൂറത്ത് കോടതി വിധിയുടെ പിന്നാലെ ധൃതിപിടിച്ച് പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായാണ് വയനാടിന്റെ മണ്ണിലെത്തുന്നത്. തങ്ങളുടെ എംപിയോട് നടത്തിയ രാഷ്ട്രീയപകപോക്കലിനോടുള്ള ജനകീയ പ്രതിരോധം കൂടിയാണ് ഇന്നത്തെ സ്വീകരണം.

രാഹുൽ നയിക്കുന്ന 'സത്യമേവ ജയതേ' റോഡ്ഷോയിൽ ആയിരങ്ങൾ അണിനിരക്കുന്നുണ്ട്. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ മൈതാനത്തുനിന്ന് ആരംഭിച്ച റോഡ്ഷോയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുന്നത്. പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പങ്കാളികളാവും. രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോൻസ് ജോസഫ് എംഎ‍ൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി, സി.പി. ജോൺ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.