കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരെയുള്ള പി.വി അൻവർ എംഎ‍ൽഎയുടെ മോശം പരാമർശം വയനാട് മണ്ഡലത്തിൽ കൂടുതൽ തിരിച്ചടിക്ക് കാരണമായി എന്ന് സിപിഐ വയനാട് ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. ചൊവ്വാഴ്ച എക്‌സിക്യൂട്ടീവും ചേർന്നിരുന്നു. തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം രണ്ട് യോഗങ്ങളിലും ചർച്ചയായി. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറച്ചെങ്കിലും മികച്ച പ്രകടനം സാദ്ധ്യമായില്ല. ആനി രാജ എന്ന മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയിട്ടും വോട്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിന് കാരണമായ അൻവറിന്റെ മോശം പരാമർശമാണെന്നാണ് പൊതുവേ ഉയർന്ന വിലയിരുത്തൽ. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്താനും തീരുമാനിച്ചു.

സർക്കാരിനെതിരെയുള്ള ജനവികാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായി സിപിഐ വയനാട് ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. സപ്ലൈകോയിൽ സാധനങ്ങളില്ലാത്തതും ക്ഷേമപെൻഷനുകൾ മുടങ്ങിയതും വലിയ തിരിച്ചടിയായി. ഇതിനൊപ്പമാണ് വയനാട്ടിലെ തോൽവിയുടെ കാരണം പ്രത്യേകമായി പരിശോധിച്ചത്. പ്രചരണത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി.അൻവർ എംഎൽഎ രംഗത്തു വന്നിരുന്നു. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ ജയിലിൽ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അൻവർ.

"രാഹുൽ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. ഞാൻ മാത്രമല്ല ഇത് പറയുന്നത്. നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. എനിക്കാ കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. " -ഇതായിരുന്നു അൻവറിന്റെ പ്രസ്താവന. ഇത്തരെ വില കുറഞ്ഞ പരാമർശങ്ങൾ കേരളത്തിലാകെ ഇടതുപക്ഷത്തിന് വോട്ടു കുറച്ചുവെന്ന വിലയിരുത്തൽ ശക്തമാണ്. രാഹുൽ രാജിവച്ച വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധിയാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് സിപിഐ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എടുക്കുന്നത്.

അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് സ്ഥാനാർത്ഥിയായി വന്നത്, മടങ്ങുന്നതും അങ്ങനെതന്നെ എന്ന് സിപിഐ തിരിച്ചറിയുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വയനാട് തന്റെ കുടുംബമാണെന്ന സന്ദേശം വീണ്ടും നൽകിയാണ് രാഹുലിന്റെ മടക്കം. വയനാട്ടിലെ ജനങ്ങൾക്കൊപ്പം താൻ ഇനിയുമുണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് വയനാട് വിടാൻ വ്യക്തിപരമായി താൽപര്യമില്ലായിരുന്നെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാണു തീരുമാനമെടുത്തത്.

വയനാട് ഉപതിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നുള്ള നേതാക്കളുടെ പേരുകൾ ഉയർന്നെങ്കിലും ജനങ്ങൾ ഈ ഘട്ടത്തിൽ അത് സ്വീകരിക്കുമോ എന്ന തരത്തിൽ ചർച്ചകളുണ്ടായി. രാഹുൽ മറ്റൊരു മണ്ഡലത്തിനായി വയനാട് ഉപേക്ഷിച്ചെന്ന തോന്നൽ ഒഴിവാക്കാൻ ഗാന്ധി കുടുംബത്തിൽനിന്നും ഒരാൾ വരണമെന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ തീരുമാനിച്ചത്. ഇതെല്ലാം സിപിഐയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ വീറോടെ മത്സരിക്കാനാണ് സിപിഐ തിരൂമാനം.