ന്യൂഡൽഹി: രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് പാർട്ടി വിട്ടു. ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. വയനാടുമായി രാഹുൽ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാർട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. രാഹുൽ ഗാന്ധിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

പഴയശൈലിയിൽ പോകാനാണ് ശ്രമിക്കുന്നതെങ്കിൽ വലിയ ബുദ്ധിമുട്ടാകും. പ്രധാനമന്ത്രിക്ക് മുന്നോട്ട് പോകാനുള്ള ജനവിധിയല്ല. കേവല ഭൂരിപക്ഷം ഇല്ലാത്തപ്പോഴും ഏകാധിപത്യരീതിയിലുള്ളതാണ് സർക്കാരിന്റെ തീരുമാനങ്ങളെങ്കിൽ വകവെക്കില്ല. ഒരു ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സഭയായിരുന്നു കഴിഞ്ഞ അഞ്ച് വർഷം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണത്. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി കണ്ട് കോൺഗ്രസിന് തിരിച്ചടി എന്ന് വിലയിരുത്തേണ്ട. തൃശ്ശൂർ പൂരം പ്രശ്‌നം ബിജെപിയെ സഹായിച്ചു. സുരേഷ് ഗോപിക്ക് വ്യക്തിപരമായ വോട്ടുകളും കിട്ടി. സഹതാപ വോട്ടുകൾ സുരേഷ് ഗോപിക്ക് ലഭിച്ചു. കെ മുരളീധരൻ സജീവമാകണം എന്നാണ് പാർട്ടി നിലപാടെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇന്ത്യമുന്നണിയിലെ പല പാർട്ടികൾക്കും ഇപ്പോഴും ക്ഷണം ലഭിച്ചിട്ടില്ല.പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഗെ പങ്കെടുക്കണമെന്നത് ചർച്ചയിലുണ്ട്. പ്രതിപക്ഷത്തിന് ക്ഷണമില്ലെന്ന വിമർശനം വന്നതിനുശേഷമാണ് പല പാർട്ടി നേതാക്കൾക്കും ക്ഷണം കിട്ടിയത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യ സഖ്യത്തിലുള്ള എല്ലാവരുമായി ചർച്ച നടത്തി എടുക്കുമെന്നും കെ സി കൂട്ടിച്ചേർത്തു.