തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്തയ്ക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെ? കെ കരുണാകരൻ പത്മജയോട് എന്ത് പാതകമാണ് ചെയ്തത്? കരുണാകരന്റെ പാരമ്പര്യം മറ്റെവിടെയെങ്കിലും ഉപയോഗിച്ചാൽ പത്മജയെ യൂത്ത് കോൺഗ്രസ് തെരുവിൽ തടയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പത്മജയെ പിതൃ ഘാതകയായി ചരിത്രം അടയാളപ്പെടുത്തും. പത്മജയെ കേരളത്തിന്റെ മുഖ്യമന്ത്രി ആകാമായിരുന്നു. പക്ഷേ നിയമസഭയിൽ ജയിച്ചില്ലല്ലോ. മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി ആകാമായിരുന്നു. പത്മജ എത്തുമ്പോൾ ബിജെപിക്ക് ലഭിക്കാൻ പോകുന്നത് ഒരു വോട്ട്, അതും പത്മജ ചെയ്താൽ മാത്രം. എം.വി ഗോവിന്ദന്റെ ആശങ്ക ശരിയാണ്. ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിൽ പോയ അനുഭവം അദ്ദേഹത്തിന് ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

പത്മജ വേണുഗോപാൽ സിപിഎമ്മിലേക്കാണ് പോയതെങ്കിൽ പരിഗണന കിട്ടിയില്ലെന്ന അവരുടെ വാദം പേരിനെങ്കിലും അംഗീകരിക്കാമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നേതാക്കൾ എന്തിനാണോ ബിജെപിയിൽ പോയത് അതിന് തന്നെയാണ് പത്മജയും പോയത്.

പശ്ചിമബംഗാളിൽ പാർട്ടി ഓഫീസോട് കൂടിയാണ് സിപിഎം അംഗങ്ങൾ ബിജെപിയിലേക്ക് പോയത്. അതുകൊണ്ട് എം.വി ഗോവിന്ദൻ കോൺഗ്രസിനെ വിമർശിക്കാൻ നിൽക്കണ്ട. ബിജെപിയുടെ അത്താഴ വിരുന്നിൽ പങ്കെടുത്തവരാണ് സിപിഎം നേതാക്കളെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സ്വന്തം സ്ഥാനാർത്ഥികളെ പോലും നിർത്താൻ കഴിയാത്ത ഗതികേടിലാണ് ബിജെപിയുള്ളത്. അവർക്ക് ഏറ്റവും സാധ്യതയുണ്ടെന്ന് പറയുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ലോക്‌സഭ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല. നാളെ പിണറായി വിജയൻ ബിജെപിയിൽ പോയാൽ സുരേന്ദ്രന്റെ കസേര പോലും ചിലപ്പോൾ നഷ്ടപ്പെടും. പിണറായി വിജയനെ ചിലപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനാക്കുമെന്നും രാഹുൽ പറഞ്ഞു.