- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിജയൻ കാണാൻ പോകുന്നതേയുള്ളൂ': രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നവകേരള സദസ്സിനെതിരായ പ്രക്ഷോഭത്തിന് ശേഷം യൂത്ത് കോൺഗ്രസിന് വീണ്ടും ഊർജ്ജം പകരുന്ന കാര്യമായി മാറുന്നു. ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തപ്പോൾ മുതൽ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നു. രാഹുൽ പൂജപ്പുര ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ പൊലീസ് നടപടിക്കെതിരെ നാളെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് ഉയർത്തുന്നു.
മുഖ്യമന്ത്രിക്കെതിരെ ഉശിരൻ വാക്കുകളുമായാണ് രാഹുൽ ജയിലിലേക്ക് പോയത്. റിമാൻഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മടങ്ങിയത്. വിജയൻ കാണാൻ പോകുന്നതേയുള്ളൂവെന്നാണ് ചാനലുകാരോട് പറഞ്ഞത്.
20 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് താനെന്നും അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമാണെന്നും രാഹുൽ പറഞ്ഞു. പിണറായിക്ക് ചെയ്യാൻ കഴിയുന്നത് അയാൾ ചെയ്യട്ടേ. ബാക്കി നമുക്ക് നോക്കാം. പൊലീസ് പിണറായി വിജയന്റെ സെക്യൂരിറ്റി ഗാർഡുകളായി മാറിയിരിക്കുന്നു. സിഐ ഏരിയ സെക്രട്ടറിയെ പോലെയാണ് പെരുമാറിയതെന്നും രാഹുൽ പറഞ്ഞു.
രാഹുലിനെ കോടതിയിൽ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. പൂജപ്പുര ജയിലിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്. 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ത്രണ്ട് മണിക്കാണ് മാർച്ച്. അറസ്റ്റ് ചെയ്തയുടൻ കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
സർക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിന് മുന്നിൽ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുലിന്റെ ഹർജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി വിധി. രാഹുലിന്റെ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.
നിയമവിരുദ്ധമായി സംഘം ചേർന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങി ഗുരുതര കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.