- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള നേതാക്കൾ അഭ്യർത്ഥനയുമായി എത്തി; ഒടുവിൽ തിരുത്തി രാജഗോപാലും
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂരിനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന നിലപാട് തിരുത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ രംഗത്ത് വരുന്നത് ബിജെപി ഇടപെടലിന് പിന്നാലെ. പ്രസ്താവന വാർത്തയായതിന് പിന്നാലെ പാർട്ടി നേതൃത്വം രാജഗോപാലിനെ അതൃപ്തി അറിയിച്ചു. ബിജെപി ദേശീയ നേതൃത്വവും ഇടഞ്ഞു.
ഇതോടെയാണ് ഒ രാജഗോപാൽ തിരുത്തിയത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങളെ പഴിച്ചാണ് ഒ രാജഗോപാലിന്റെ തിരുത്ത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശശി തരൂരിനെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച തിരുത്തിൽ പറയുന്നു. നേരത്തെ സർക്കാർ നടത്തിയ കേരളീയത്തിൽ രജാഗോപാൽ പങ്കെടുത്തിരുന്നു. നവകേരള സദസിലും രാജഗോപാലിനെ എത്തിക്കാൻ സിപിഎം ശ്രമിച്ചിരുന്നു. എന്നാൽ രാജഗോപാൽ പോയില്ല. ഇത് ബിജെപിക്ക് ആശ്വാസവുമായി. ഇതിനിടെയാണ് ശശിതരൂരിനെ പുകഴ്ത്തിയുള്ള പ്രസംഗമെത്തിയത്.
മുതിർന്ന നേതാവായതു കൊണ്ട് തന്നെ ബിജെപിക്ക് നേതൃത്വം രാജഗോപാലിനെ പരസ്യമായി തള്ളി പറയില്ല. നടപടികളും എടുക്കില്ല. നിയമസഭയിൽ ബിജെപിക്കായി അക്കൗണ്ട് തുറന്ന നേതാവാണ് രാജഗോപാൽ. ജനകീയനായ ഈ നേതാവ് തരൂരിനെ പുകഴ്ത്തിയത് ബിജെപിക്ക് എല്ലാ അർത്ഥത്തിലും തലവേദനയാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം. ദേശീയ നേതാക്കൾ പോലും മത്സരിക്കുമെന്ന വിലയിരുത്തലെത്തി. നിലവിൽ നടൻ കൃഷ്ണകുമാറിനാണ് സ്ഥാനാർത്ഥിയാകാനുള്ള കൂടുതൽ സാധ്യത.
കഴിഞ്ഞ രണ്ട് ലോക്സഭാ തിരിഞ്ഞെടുപ്പിലും ബിജെപിയായിരുന്നു രണ്ടാമത്. ഇതിൽ ആദ്യ തവണ രാജഗോപാലാണ് തരൂരിനെതിരെ മത്സരിച്ചത്. അന്ന് വീറോടെയാണ് ബിജെപി മത്സരിച്ചത്. അവസാന റൗണ്ടിലാണ് രാജഗോപാൽ പിന്നിൽ പോയതും. അതുകൊണ്ട് തന്നെ തരൂർ ജയിക്കുമെന്ന രാജഗോപാലിന്റെ പ്രസ്താവനയ്ക്ക് പല തലമുണ്ടായി. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പോലും അസ്വസ്ഥരാക്കി. ഇത് കേരളാ നേതൃത്വത്തേയും ധരിപ്പിച്ചു. തുടർന്നാണ് രാജഗോപാൽ തിരുത്തൽ നടത്തിയത്
രാജഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെ
ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്.എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.
മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....