- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ഡി സതീശന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി തനിക്ക് ബിസിനസ് ഡീൽ ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 18 കൊല്ലമായി രാഷ്ട്രീയത്തിലുള്ളയാളാണ് താൻ. ഇത്തരം മടിയന്മാരായ രാഷ്ട്രീയ നേതാക്കളെ കുറെ കണ്ടിട്ടുണ്ട്. ആരോപണങ്ങൾക്ക് പിന്നാലെ പോകാൻ ഇല്ലെന്നും തനിക്ക് വെറെ പണിയുണ്ടെന്നും നുണക്കും അർധ സത്യങ്ങൾക്കും പിന്നാലെ പോകാൻ ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇ.പി. ജയരാജന്റെ ഭാര്യയും തന്റെ ഭാര്യയും തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബിജെപി സിപിഎം രഹസ്യ ധാരണയാണോയെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ബിസിനസ് ബന്ധം എന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
'ജയരാജനും ഞാനും തമ്മിൽ ഡീൽ ഉണ്ടെന്നു പറയുന്നതു ശരിയല്ല. വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള നുണക്കഥകൾ എല്ലാവർക്കുമറിയാം കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷ വോട്ടിനുവേണ്ടി കേരളത്തിൽ തമ്മിലടിക്കുകയാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ വിലയിരുത്തലല്ല ലോക്‌സഭാ തിരഞ്ഞെടുപ്പ്. 5 വർഷം നാടിനുവേണ്ടി എന്തുചെയ്തു എന്നതിന്റെ വിലയിരുത്തലാണ്. വികസനം പറയാതെ സിഎഎയും ബിജെപി വിരോധവും പറഞ്ഞു വോട്ടു തേടുന്നത് ശരിയല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാകണം. അല്ലാതെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തിയല്ല വോട്ടു തേടേണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആ കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടവരെ ഞാൻ കാണാറുണ്ട്. ഭിന്നത പടർത്താനുള്ള ഈ ആശയം അവർക്കിടയിൽ പ്രചരിപ്പിക്കാൻ അനുവദിക്കില്ല.
15 വർഷം ഇവിടുത്തെ എംപി എന്തുചെയ്‌തെന്ന് എല്ലാവർക്കുമറിയാം. അതാരും മറക്കാൻ പോകുന്നില്ല. എയിംസിനെക്കുറിച്ച് 15 വർഷം എംപിയായിരുന്ന വ്യക്തിയോടാണ് ചോദിക്കേണ്ടത്. എയിംസ് കേരളത്തിന് ആവശ്യമുണ്ട്. ഞാൻ എംപിയായി മന്ത്രിയായിക്കഴിഞ്ഞാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കും. തലസ്ഥാനത്തെ പ്രശ്‌നങ്ങളെപ്പറ്റി മനസ്സിലായിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിനുകീഴിൽ ഇവയ്‌ക്കൊക്കെ പരിഹാരം കാണാൻ സാധിക്കും" രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
പരാതിയുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ. എന്നാൽ, അത് ചെയ്യാതെ ഇങ്ങനെ പുകമുറ ഉണ്ടാക്കാൻ മാത്രമാണ് അവർക്ക് അറിയുക. അതുകൊണ്ടാണല്ലോ നല്ല ആളുകൾ മുഴുവൻ കോൺഗ്രസിൽ നിന്ന് പോകുന്നതെന്നും ആരോപണങ്ങളിൽ വിഡി സതീശനെതിരെ നിയമ നടപടിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി മാർഗ രേഖ ഉടൻ ഇറക്കും. യുഡിഎഫിനും എൽഡിഎഫിനുമെതിരെയും രാജീവ് ചന്ദ്രശേഖർ വിമർശനം ഉന്നയിച്ചു. ഒരു മത സമൂഹത്തെ പേടിപ്പെടുത്താൻ രണ്ടു മുന്നണികളും ശ്രമിക്കുകയാണെന്നും ഒരു മത സമൂഹത്തിന്റെ വോട്ട് നേടാനുള്ള തെരഞ്ഞെടുപ്പ് അല്ല ഇതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.