- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിന് രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: തനിക്ക് എതിരെ വ്യാജ പ്രസ്താവന നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസ്. തനിക്കെതിരെ ശശി തരൂർ അസത്യ പ്രചാരണം നടത്തുന്നുവെന്നും പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ മാപ്പു പറയണമെന്നുമാണ് വക്കീൽ നോട്ടിസിലെ ആവശ്യം.
കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ശശി തരൂർ, രാജീവ് ചന്ദ്രശേഖറിന് എതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതായി നോട്ടീസിൽ പറയുന്നു. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്‌തെന്നും ക്രിസ്ത്യൻ വിഭാഗത്തിന് ഇടയിൽ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞതായി നോട്ടിസിലുണ്ട്. ശശി തരൂർ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്നും തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നും നോട്ടിസിൽ പറയുന്നു. നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ തരൂർ മാപ്പ് പറയണമെന്നാണ് ആവശ്യം.
രാജീവ് ചന്ദ്രശേഖർ വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. പ്രസ്താവനയ്ക്ക് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അല്ലാത്ത പക്ഷം അപമാനിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. വ്യാജ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നിപ്പിന് ശ്രമിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം, തിരുവനന്തപുരത്ത് ത്രികോണമത്സരമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പ്രതികരിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് വെല്ലുവിളി നേരിടുന്നതെന്നും, പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്ന് തരൂർ പറഞ്ഞു. 'പ്രചാരണം തുടങ്ങിയ സമയത്ത് ത്രികോൺ മത്സരം എന്ന പ്രതീതി തോന്നിയിരുന്നു. പക്ഷേ രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞതോടെ കാര്യങ്ങൾ മനസിലായി. ഇവിടെ എൽഡിഎഫ് വലിയ മത്സരം കാഴ്ചവയ്ക്കുന്നില്ല. പന്ന്യൻ എന്റെ വലിയ സുഹൃത്താണ്, അദ്ദേഹം നല്ല മനുഷ്യനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രചാരണം വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ല. എന്തിനാണ് അദ്ദേഹം മത്സരിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എൻഡിഎയിൽ നിന്നുതന്നെയാണ് വെല്ലുവിളി. എനർജെറ്റിക്കും പ്രൊഫഷണൽപരവുമാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ അവർ പറയുന്ന പല കാര്യങ്ങളും സത്യമല്ല"-ശശി തരൂർ പറഞ്ഞത്.