- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് തരൂരിനെ നേരിടാൻ രാജീവ് ചന്ദ്രശേഖർ തന്നെ സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരും. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ ലിസ്റ്റിൽ പെടുത്തിയ ഇടങ്ങളിലാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഇന്നത്തെ പ്രഖ്യാപനങ്ങളിൽ സുപ്രധാനമായി വരുന്നത് തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനമാണ്. കരുത്തനായി ശശി തരൂരിനെ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തന്നെ കളത്തിൽ ഇറങ്ങും. രാജീവിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
ആഗോള പൗരനെന്ന ഇമേജിൽ മത്സരിക്കാൻ എത്തി തരൂർ മൂന്ന് തവണ കൈയടക്കി വെച്ച മണ്ഡലമാണ് തിരുവനന്തപുരം. ഈ മണ്ഡലത്തിൽ തരൂർ ഓരോ തവണയും കരുത്തനായി മാറിയിട്ടേയൂള്ളൂ. ഒ രാജഗോപാലും കുമ്മനം രാജശേഖരനും മത്സരിച്ചു പരാജയപ്പെട്ട ഇടത്തേക്കാണ് രാജീവ് ച്ന്ദ്രശേഖർ എത്തുന്നത്. ഇതോടെ ഇവിടുത്തെ രാഷ്ട്രീയ പോരാട്ടം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്. കേന്ദ്ര ഐ ടി മന്ത്രിയെന്ന നിലയിലും കേരളത്തിലെ എൻഡിഎ രൂപീകരണത്തിലും അടക്കം നിർണായക റോൾ വഹിച്ച വ്യക്തിയാണ് രാജീവ്.
കർണാടകയിൽ നിന്നും രാജ്യസഭയിൽ എത്തിയ അദ്ദേഹത്തിന് ഇക്കുറി ബിജെപി സീറ്റ് നൽകിയിരുന്നില്ല. ഇതോടെ രാജീവ് മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിരുന്നു. കേരള ബിജെപി ഘടകം നേരത്തെ നിർമല സീതാരാമനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമായിരുന്നു ഉന്നയിച്ചിരുന്നത്. പിന്നീട് എസ് ജയശങ്കറിന്റെ പേരും പറഞ്ഞു കേട്ടു. കേന്ദ്ര നേതൃത്വം ഈ ആവശ്യം നിരാകരിച്ചു. തിരുവനന്തപുരത്ത് നടത്തിയ രഹസ്യ സർവേകളിലൊക്കെ തന്നെ തിരിച്ചടി നേരിടുമെന്ന കണ്ടെത്തൽ വന്നതോടെയായിരുന്നു ഇത്. ഒടുവിൽ രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രാജീവ് എത്തുന്നതോട് മത്സരം കടുക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.
തൃശൂർ കഴിഞ്ഞാൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ. നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു. കഴിഞ്ഞ തവണ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31% വോട്ടുകളാണു നേടിയത്. കോൺഗ്രസിന് 41% വോട്ടു കിട്ടി.
ഇന്ന് രാജീവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. ഇത് കൂടാതെ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളായേക്കുക. ഇവർ ഇതിനോടകം തന്നെ മണ്ഡലത്തിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് എം ടി രമേശ് ആയിരിക്കും മത്സരിച്ചേക്കുക എന്നാണ് സൂചനകൾ.
വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകൾക്കായി ഇന്ന ഡൽഹിയിൽ എത്തും. കേരളത്തിൽ 14 സീറ്റുകളിൽ ബിജെപിയും, 4 സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് നിലവിൽ ധാരണ.
പ്രധാനമന്ത്രി വാരാണസിക്കുപുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽകൂടി മത്സരിക്കുമോ എന്നതിലാണ് ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോനോവാൾ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഒ.ബി.സി. മോർച്ച ദേശീയ അധ്യക്ഷൻ ഡോ. കെ. ലക്ഷ്മണൻ, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഡോ. ഇഖ്ബാൽ സിങ് ലാൽപുര, ഡോ. സുധാ യാദവ്, ഡോ. സത്യനാരായൺ ജതിയ, ഓം പ്രകാശ് മാഥൂർ, മഹിളാ മോർച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസൻ എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ.
2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ തോൽക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്ത മണ്ഡലങ്ങളാണ് വ്യാഴാഴ്ച സമിതി പരിഗണിക്കുന്നത്. ഈ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടാനാണ് നീക്കം. പ്രകടനപത്രിക തയ്യാറാക്കാനായി ജനങ്ങളിൽനിന്ന് അഭിപ്രായം തേടിക്കൊണ്ടുള്ള പ്രചാരണ പരിപാടികളും പാർട്ടി ആരംഭിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ബിജെപി. കോർ ഗ്രൂപ്പ് കമ്മിറ്റിയുടെ യോഗം ഡൽഹിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി. ആസ്ഥാനത്ത് ബുധനാഴ്ചയാണ് യോഗം ചേർന്നത്. ബിജെപി. അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി അമിത് ഷായും നഡ്ഡയും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയവും മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയായി.