തിരുവനന്തപുരം: ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്ക് പല കമ്പനികളിലും നിയമപരമായ നിക്ഷേപങ്ങൾ ഉണ്ടെന്നും അവർ ആരൊക്കെയായിട്ടാണ് ബിസിനസ് ചെയ്യുന്നതെന്ന് താൻ അറിയേണ്ട കാര്യമില്ലെന്നും രാജീവ് പ്രതികരിച്ചു.

'ഇ പി ജയരാജനുമായി എനിക്ക് ബിസിനസ് ബന്ധമില്ല. അങ്ങനെ ബിസിനസ് ചെയ്യേണ്ട ആവശ്യമില്ല. അത്തരം ബിസിനസിന് താൽപര്യവും ഇല്ല. 'വൈദേഹി റിസോർട്ട് ഏറ്റെടുത്തത് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയല്ല. രാജീവ് ചന്ദ്രശേഖർ പല കമ്പനികളിൽ നിയമപരമായി ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം കമ്പനികൾക്ക് പ്രത്യേക മാനേജ്മെന്റുകളാണ്. അവർ ആരൊക്കെയായിട്ട് ബിസിനസ് ചെയ്യുന്നുവെന്നത് താൻ അറിയേണ്ട കാര്യമില്ല. അത് അവരോട് ചോദിക്കണം', ആരോപണങ്ങൾക്ക് മറുപടിയായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാഷ്ട്രീയം പറയാൻ ഇല്ലാത്തതു കൊണ്ടാണ് വ്യക്തിഹത്യ നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ഒരു ചാനലിനോട് പറഞ്ഞു. തന്റേത് സുതാര്യമായ പ്രവർത്തനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.

രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുള്ള ഇ പി ജയരാജൻ അദ്ദേഹത്തെ വിജയിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. എൽഡിഎഫ് കൺവീനർ കുറേ ദിവസങ്ങളായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നു. തങ്ങളുടെ സ്ഥാനാർത്ഥികൾ മികച്ചതാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല. പക്ഷെ ഇ പി ജയരാജൻ പറയുന്നു ബിജെപിയുടെ അഞ്ചു സ്ഥാനാർത്ഥികൾ മികച്ചതാണെന്ന്. ബിജെപിക്ക് വേണ്ടിയാണ് ഇ പി ജയരാജൻ വോട്ട് പിടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.