- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭാ സീറ്റ് വേണമെന്ന് സിപി ജോണും ദേവരാജനും
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ പൂർത്തിയായി. സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായിട്ടായിരുന്നു കോൺഗ്രസ് നേതൃത്വം ഇന്നലെ ചർച്ച നടത്തിയത്. ഇതോടെ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കോൺഗ്രസ് ആശയവിനിമയം നടത്തി.
മുസ്ലിം ലീഗുമായും കേരള കോൺഗ്രസ്(ജോസഫ്)മായും കോൺഗ്രസ് നേതൃത്വം വീണ്ടും ചർച്ച നടത്തും. ഒരു ലീഗ് ഒരു സീറ്റു കൂടി ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ലീഗിനെ അനുനയിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോട്ടയം സീറ്റുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളും പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും.
ലോക്സഭാ സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമാണ് സിഎംപി ജനറൽ സെക്രട്ടറി സി പി ജോണും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനും ചർച്ചകളിൽ ആവശ്യപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഉചിതമായ അവസരത്തിൽ ഈ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസിന് പരമാവധി സീറ്റുനേടുകയെന്ന ലക്ഷ്യത്തിൽ മൂന്നാംസീറ്റ് ലീഗിന് അനുവദിക്കാൻ സാധ്യതയില്ല. ലീഗിന്റെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യമായിരിക്കും കോൺഗ്രസ് മുന്നോട്ടുവെക്കുക. മാണി സി. കാപ്പന്റെ കെ.ഡി.പി., ജെ.എസ്.എസ്. തുടങ്ങിയ കക്ഷികളുമായും ഉഭയകക്ഷി ചർച്ച നടന്നു. കഴിഞ്ഞദിവസം ആർ.എസ്‌പി.യുമായി നടത്തിയ ചർച്ചയിൽ കൊല്ലം സീറ്റ് അവർക്കുതന്നെ നൽകാൻ ധാരണയായി.
ഈമാലം അഞ്ചിന് യു.ഡി.എഫ്. നേതൃയോഗം ചേരുന്നുണ്ട്. ഇതിൽ സീറ്റുസംബന്ധിച്ച ധാരണ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യോഗത്തിനുമുമ്പ് അനൗപചാരിക കൂടിയാലോചനകളും നടക്കും.