തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്താൻ സിപിഎം. സീറ്റ് ആവശ്യപ്പെട്ട പാർട്ടികളുമായി ഉടൻ തന്നെ വേവ്വേറെ ചർച്ച നടത്തും. സിപിഐക്ക് പുറമെ കേരള കോൺഗ്രസ് എം, ആർജെഡി, എൻസിപി പാർട്ടികൾ സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഉഭയകക്ഷി ചർച്ച. ജോസ് കെ മാണി തനിക്ക് സീറ്റ് കൂടിയേ തീരു എന്ന സമ്മർദ്ദത്തിലാണ് അതുകൊണ്ട് തന്നെ വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായി. എന്നാൽ, ജോസ് കെ മാണിക്ക് സീറ്റ് നൽകാൻ സാധിക്കില്ലെന്നും തങ്ങൾക്ക് സീറ്റു വേണമെന്ന് സിപിഐയും കടുംപിടുത്തത്തിലാണ്.

രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പരസ്യമായതോടെയാണ് ഉഭയകക്ഷി ചർച്ച നടത്താൻ സിപിഐ.എം തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ ചർച്ച തുടങ്ങും. പാർട്ടികളെ അനുനയിപ്പിച്ച് ഈയാഴ്ച തന്നെ ധാരണയിലെത്താനാണ് സിപിഐ.എം നീക്കം.സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഇത്തവണ ഒഴിവു വരുന്നത്. മൂന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടേത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി എന്നിവരുടെ കാലാവധിയാണ് പൂർത്തിയാകുന്നത്.

നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിൽ എൽ.ഡി.എഫിനും ഒരു സീറ്റിൽ യു.ഡി.എഫിനും ജയിക്കാൻ കഴിയും. ഇതിൽ ഒരു സീറ്റ് സിപിഐ.എമ്മിനാണ്. ബാക്കിയുള്ള ഒരു സീറ്റിനെച്ചൊല്ലിയാണ് ഇടതുമുന്നണിയിൽ തർക്കം. സീറ്റ് തങ്ങളുടേതാണെന്ന് വളരെ മുമ്പു തന്നെ സിപിഐ വ്യക്തമാക്കിയിരുന്നു. രാജ്യസഭാംഗത്വവുമായാണ് കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായത്. പിന്നീടിത് രാജിവച്ചെങ്കിലും 2021 നവംബറിൽ ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലെത്തി.

ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണൊണ് കേരളകോൺഗ്രസിന്റെ വാദം. ഇതോടൊപ്പമാണ് ആർ.ജെ.ഡിയും എൻ.സി.പിയും സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എൻസിപി സീറ്റുചോദിക്കുന്ന പി സി ചാക്കോയ്ക്ക് വേണ്ടിയാണ്. അതേസമയം സിപിഎമ്മിന് ലഭിക്കുന്ന സീറ്റിൽ ജെയ്ക്ക് സി തോമസ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചനകൾ.

അതേസമയം മറുവശത്ത് യുഡിഎഫിന് ലഭിക്കുന്ന ഏക സീറ്റിൽ ആര് മത്സരിക്കണം എന്ന ചോദ്യവും ഉയരുന്നുണ്ട്. മുൻധാരണ പ്രകാരം ലീഗിനാണ് സീറ്റ് ലഭിക്കുക. ഇവിടെ തെരഞ്ഞെടുപ്പു ഫലം കൂടി പരിഗണിച്ചാകും തീരുമാനം ഉണ്ടാകുക. ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ പി കെ കുഞ്ഞാലിക്കുട്ടി തന്നെ രാജ്യസഭാ സീറ്റിൽ മത്സരിച്ചേക്കും.

രാജ്യസഭയിലേക്ക് താനില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, ആവശ്യത്തിന് എടുക്കാനുള്ള പണി ഇവിടെയുണ്ടെന്നും അതിൽ വ്യാപൃതനാണെന്നും പറഞ്ഞു. ലീഗ് ഇപ്പോൾ ആ ചർച്ചയിലേക്ക് കടന്നിട്ടില്ല. തങ്ങൾക്ക് ഒഴിവ് കിട്ടിയാൽ ആ ചർച്ചയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി പറഞ്ഞതിനോട് അനുകൂലമായാണ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചത്. രാജ്യസഭയിലേക്ക് താത്പര്യം ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ യു ഡി എഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. അതിന് കുഞ്ഞാലിക്കുട്ടിയാണ് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനം കേരളത്തിലാണെന്നും തങ്ങൾ പറഞ്ഞു. അതേസമയം, നിരവധി പേരുകളാണ് ലീഗിന്റെ രാജ്യസഭാ സീറ്റിലേക്ക് പറഞ്ഞുകേൾക്കുന്നത്. സീറ്റ് മോഹവുമായി നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ്, ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു, കെ എം ഷാജി എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്.

കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുടെ ചർച്ചയിലുള്ളത് പി എം എ സലാം ആണ്. സലാമിനോട് ലീഗിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. നിയമസഭയിലേക്ക് മത്സരിച്ച് കയറുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

യൂത്ത് ലീഗ് മുന്നോട്ടുവെക്കുന്നത് പി കെ ഫിറോസ്, ഫൈസൽ ബാബു എന്നിവരെയാണ്. എം കെ മുനീർ അടക്കമുള്ള ലീഗിലെ കോഴിക്കോട് വിഭാഗം നേതാക്കൾ ഉയർത്തിക്കാട്ടുന്നത് കെ എം ഷാജിയെയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ യൂത്ത് ലീഗ്, യുവ നേതാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. അന്ന് ലീഗ് ഉന്നയിച്ച മൂന്നാം സീറ്റിൽ യുവത്വത്തെ പരിഗണിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കൾ സംസ്ഥാന പ്രസിഡന്റിനെ കണ്ടിരുന്നു. എന്നാൽ മൂന്നാം സീറ്റ് രാജ്യസഭയിൽ ഒതുങ്ങിയതോടെ യൂത്ത് ലീഗിന്റെ ഈ ആവശ്യം അപ്പോൾ പരിഗണിക്കാമെന്നാണ് പറഞ്ഞിരുന്നത്. ഈ വിശ്വാസത്തിലാണ് യൂത്ത് ലീഗ് ഇപ്പോൾ സീറ്റിനായി നീക്കം നടത്തുന്നത്.

അതേസമയം, രാജ്യസഭയിലേക്ക് പുതുമുഖത്തിന് അവസരം നൽകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യൂത്ത് ലീഗ് അടക്കം ഈ ആവശ്യം നേരത്തേ ഉന്നയിച്ചതിനാൽ യുവാക്കൾക്ക് പരിഗണന നൽകിയുള്ള പുതുമുഖ പരീക്ഷണം നടത്താനാകും ലീഗ് നേതൃത്വം തീരുമാനമെടുക്കുക.