- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയൻ ഏറ്റവും സ്വേച്ഛാധിപതിയായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി: രാമചന്ദ്ര ഗുഹ
കോഴിക്കോട്: രാജ്യത്തെ ഏറ്റവും സ്വേച്ഛാധിപതിയും ഏകാധിപതിയുമായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചരിത്രകാരനും ആക്ടിവിസ്റ്റുമായ രാമചന്ദ്രഗുഹ. മാതൃഭൂമി സംഘടിപ്പിച്ച എംപി. വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണത്തിൽ 'ഇന്ത്യ എങ്ങോട്ട്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രകാരനെന്ന നിലക്ക് ആത്മവിശ്വാസത്തോടുകൂടിയാണ് താൻ ഇക്കാര്യങ്ങൾ പറയുന്നതെന്ന് വ്യക്തമാക്കിയാണ് ഗുഹ മുഖ്യമന്ത്രി പിണറായി വിജയനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചത്.
ഇ.കെ. നായനാരേക്കാളും ജ്യോതി ബസുവിനേക്കാളും മണിക് സർക്കാറിനേക്കാളും സ്വേച്ഛാധിപതിയാണ് പിണറായി വിജയൻ. ഇവരെല്ലാം മോദിയെപ്പോലെത്തന്നെയാണ്. മുണ്ടുടുത്ത മോദിയാണ് കേരള മുഖ്യമന്ത്രി. നിങ്ങൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജി പൂർണമായും സ്വേച്ഛാധിപതിയാണ്. സാരിയുടുത്ത മോദിയാണ് മമത ബാനർജി. കെജ്രിവാൾ ബുഷ് ഷർട്ടിട്ട മോദിയാണ്. നവീൻ പട്‌നായിക് വെള്ള ദോത്തിയുടുത്ത മോദിയാണ് എന്നും അദ്ദേഹം പറഞ്ഞു. മമതയും ജഗൻ മോഹനും ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നേർവഴിക്ക് നയിക്കുകയും ഇന്ത്യയെ ലോകത്തെ പ്രധാന ശക്തിയാക്കുകയും ചെയ്ത പ്രധാനപ്പെട്ട രണ്ടു നേതാക്കൾ നെഹ്‌റുവും പട്ടേലുമായിരുന്നു. അവർ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് എന്ന് കരുതുന്നവരുണ്ടാകും. അങ്ങനെയല്ല, നെഹ്‌റു വികാരപരമായ സമഗ്രതയാണ് ഇന്ത്യക്ക് നൽകിയതെങ്കിൽ പട്ടേൽ ഇന്ത്യക്ക് നൽകിയത് കരുത്താണെന്നും അദ്ദേഹം പറഞ്ഞു.
നേതൃബിംബത്തെ കൂടാതെ കുടുംബാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേലെയുള്ള അധികാരപ്രയോഗവും നയങ്ങളിലെ അസമത്വവും രാജ്യം നേരിടുന്ന വെല്ലുവിളിയായി രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി. അഭിഭാഷകരുടെയും ഡോക്ടർമാരുടെയും മക്കൾ അഭിഭാഷകരും ഡോക്ടർമാരും ആകുന്നത് പോലെ നേതാക്കളുടെ മക്കളും നേതൃത്വത്തിലേക്ക് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രിയങ്കാ ഗാന്ധി കോൺഗ്രസിൽ ചേരുമ്പോൾ തന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുകയാണ്. പ്രിയങ്ക, രാഹുൽ, സോണിയാ ഗാന്ധി എന്നിവർ പ്രധാന നേതാക്കാളായി തുടരുമ്പോൾ 'ഞാൻ പ്രസിഡന്റായി നിൽക്കാം എന്റെ മകന് കർണാടകയിൽ മന്ത്രിസ്ഥാനം നൽകണം, മരുമകന് ലോക്സഭാ ടിക്കറ്റ് വേണം' എന്നതാണ് മല്ലികാർജുൻ ഖാർഗേയുടെ നിലപാട്," അദ്ദേഹം പറഞ്ഞു.
നേതൃബിംബങ്ങളെ കൊണ്ടുനടക്കുന്നതും കുടുംബാധിപത്യമുള്ള പാർട്ടികളുമാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലുള്ളതെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടൻ രാഷ്ട്രീയത്തിൽ കുടുംബമില്ലെന്നും രാഷ്ട്രീയ ബിംബങ്ങളിലെന്നുമുള്ള താരതമ്യവും അദ്ദേഹം നടത്തുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ, സിവിൽ സർവീസ്, പൊലീസ് എല്ലാം കോംപ്രമൈസ് ചെയ്യുന്നുവെന്ന് പറഞ്ഞ രാമചന്ദ്ര ഗുഹ സുസ്ഥിരമായ വികസന സങ്കൽപം നമുക്കില്ലെന്നും കൂട്ടിച്ചേർത്തു. സാമ്പത്തികവും ലിംഗപരവുമായ അസമത്വമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.
പത്തു വർഷത്തെ മോദി ഭരണകൂടത്തിലെ മാത്രം പോരായ്മകളെ കുറിച്ചും അദ്ദേഹം പ്രത്യേകം എടുത്തുപ്പറയുന്നുണ്ട്. മോദി ഭരണകൂടത്തിന്റെ സൃഷ്ടിയാണ് ഹിന്ദുമേധാവിത്വമെന്നും ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാൻ ആക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികമായ അസമത്വമുണ്ടാക്കുന്ന നയങ്ങളെക്കുറിച്ചും ഗുഹ ഓർമിപ്പിക്കന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഭാഷാപരമായും സാംസ്‌കാരികവുമായ എല്ലാ ധാരകളെയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്," അദ്ദേഹം പറയുന്നു.