- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുത്തൽവാദം' തെറ്റായിപ്പോയി; അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയിൽ നിന്നാണു തിരുത്തൽ വാദം ഉടലെടുത്തത്; അതിൽ പശ്ചാത്തപിക്കുന്നു; ഒടുവിൽ തുറന്നു പറച്ചിലുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഒരുകാലത്ത് കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളായിരുന്നു ജി കാർത്തികേയനും രമേശ് ചെന്നിത്തലയും. ഇവരുടെ തിരുത്തൽവാദ ലൈൻ കോൺഗ്രസിൽ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. അന്ന് കോൺഗ്രസിന്റെ എല്ലാമെല്ലാമായിരുന്ന ലീഡർ കെ കരുണാകരന് എതിരായാണ് ഈ തിരുത്തൽവാദം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ, അന്നത്ത ആ സംഭവത്തിൽ ഇപ്പോൾ മാപ്പു പറഞ്ഞു രംഗത്തു വന്നിരിക്കയാണ് ചെന്നിത്തല.
കെ.കരുണാകരനെതിരെ താനടക്കം ഉള്ളവർ നയിച്ച തിരുത്തൽ വാദം തെറ്റായിപ്പോയെന്നാണ് ചെന്നിത്തല ഇപ്പോൾ വെളിപ്പെടുത്തുന്നത്. അന്നത്തെ തന്റെ പ്രവർത്തിയിൽ പശ്ചാത്തപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയിൽ നിന്നാണു തിരുത്തൽ വാദം ഉടലെടുത്തത്. കേരളീയ സമൂഹം അന്നു മക്കൾ രാഷ്ട്രീയത്തിന് എതിരായിരുന്നു. ഇന്ന് അതല്ല സ്ഥിതി. മക്കൾ രാഷ്ട്രീയം സാർവത്രികമാണ്. അതിൽ ആരും തെറ്റു കാണുന്നില്ല.
മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ 'രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും' എന്ന പുതിയ പുസ്തകത്തിലാണ് ചെന്നിത്തല ഈ വീണ്ടുവിചാരം പ്രകടിപ്പിച്ചത്. താൻ എന്നും പാർട്ടിക്കു വിധേയനായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. എന്നാൽ പലപ്പോഴും പാർട്ടി തന്നോടു നീതി കാണിച്ചില്ല.
ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാൻഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടന്നു. അതിനു പാർട്ടിയിലെ ചിലരുടെ പ്രോത്സാഹനവും ലഭിച്ചു. പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാവായിട്ടും സമുദായത്തിന്റെ പേരുപറഞ്ഞു മാറ്റിനിർത്തിയിട്ടുണ്ട്. പാർട്ടിശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ സംരക്ഷിക്കാൻ പാർട്ടി വരാത്തതിലും ദുഃഖമുണ്ട്.
2016-21 കാലത്ത് ഇടതു സർക്കാരിന്റെ അഴിമതികൾ ഓരോന്നായി വെളിച്ചത്തു കൊണ്ടുവന്നു തിരുത്തിച്ചപ്പോഴും പാർട്ടി പിന്തുണച്ചില്ല. പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ആളാണു താൻ. പക്ഷേ, ആ വിശ്വാസം തനിക്കു രാഷ്ട്രീയമായ നഷ്ടങ്ങൾ ഉണ്ടാക്കി. 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ മുറുകിയപ്പോൾ വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം താൻ വേണ്ടെന്നു വച്ചതാണ്. പിന്നീട് സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ആഭ്യന്തരമന്ത്രിയായതെന്നും ചെന്നിത്തല പുസ്തകത്തിൽ പറയുന്നു.
സേവാദളിന്റെ സാരഥിയായി കെ.മുരളീധരൻ ഭരണത്തിന്റെ മുഖ്യകാര്യക്കാരനയതോടെയാണ് കോൺഗ്രസിൽ തിരുത്തൽവാദം ഉലെടുത്തത്. കാർത്തികേയൻ, രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ് എന്നിവർക്ക് പരിഗണന ലഭിക്കാതെ വന്നതോടെയാണ് തിരുത്തൽവാദ മുദ്രാവാക്യം ഉടലെടുത്തത്.




