- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു; രണ്ട് നിർദേശങ്ങളും ഞാൻ നിരസിച്ചു; യുഡിഎഫിനെ പ്രതിസന്ധി ഒഴിവാക്കാൻ മുഖ്യമന്ത്രി പദവിയിൽ അവകാശവാദം ഉന്നയിച്ചില്ല; വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: 2011ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ, രണ്ടു നിർദേശങ്ങളും താൻ നിരസിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല. പിന്നീട് ഇതേ മന്ത്രിസഭയിൽ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും താനും മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ മന്ത്രിസഭയെ ആരു നയിക്കുമെന്ന് പല തരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി.
കഷ്ടിച്ച് 72 എംഎൽഎമാരുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന അന്നത്തെ യു.ഡി.എഫിൽ ഉമ്മൻ ചാണ്ടിയും താനും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ യു.ഡി.എഫ് വലിയ പ്രതിസന്ധിയിലെത്തുമായിരുന്നു. ഇതൊഴിവാക്കാൻ താനാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഉമ്മൻ ചാണ്ടിയുടെ പേര് നിർദേശിച്ചത്. എല്ലാവരും ഐകകണ്‌ഠ്യേന അത് അംഗീകരിക്കുകയും ചെയ്‌തെന്നും ചെന്നിത്തല മനസ്സ് തുറക്കുന്നു. മാധ്യമപ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ 'രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും' എന്ന പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
പാമോലിൻ കേസിൽ കോടതി വിധി എതിരാണെങ്കിൽ താൻ രാജിവെക്കുമെന്ന് സത്യപ്രതിജ്ഞക്കു മുമ്പേ ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്റായിരുന്ന തന്നെ അറിയിച്ചിരുന്നു. എന്നാൽ, വിധി എതിരായപ്പോൾ ബെന്നി ബഹനാനെയും കൂട്ടി താൻ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയെ അതിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു. 2014ൽ ആഭ്യന്തര മന്ത്രിയായി ചേർന്നത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനപ്രകാരമാണെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടവെന്നും രമേശ് ചെന്നിത്തല പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.
ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാൻഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടന്നു എന്നും ചെന്നിത്തല ആരോപിച്ചു. അതിന് പാർട്ടിയിലെ ചിലരുടെ പ്രോത്സാഹനവും ലഭിച്ചെന്നും കോൺഗ്രസിന്റെ കേരളത്തിലെ മുതിർന്ന നേതാവായിട്ടും സമുദായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയിട്ടുണ്ട് എന്നും ചെ്‌നിത്‌ല പറയുന്നു. 2016-21 കാലത്ത് ഒന്നാം എൽ ഡി എഫ് സർക്കാരിന്റെ അഴിമതികൾ ഓരോന്നായി വെളിച്ചത്തുകൊണ്ടുവന്ന് തിരുത്തിച്ചു.
എന്നാൽ അപ്പോഴും പാർട്ടി പിന്തുണച്ചില്ല എന്ന വിമർശനവും ചെന്നിത്തല ഉയർത്തുന്നു. പദവിയല്ല പാർട്ടിയാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പക്ഷേ ആ വിശ്വാസം തനിക്ക് രാഷ്ട്രീയമായി നഷ്ടങ്ങൾ ഉണ്ടാക്കി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കവേ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ കുറിച്ചും ചെന്നിത്തല പുസ്തകത്തിൽ വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് കേരളത്തെ വിഴുങ്ങാനെത്തിയ രാക്ഷസ കമ്പനിയാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന പി.ഡബ്ല്യു.സി. ഈ കൺസൾട്ടൻസി കമ്പനി നടത്തിയ എത്രയെത്ര തട്ടിപ്പുകളാണ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നത്. പ്ലസ്ടു യോഗ്യത മാത്രമുള്ള സ്വപ്ന സുരേഷിനെ പ്രതിമാസം 85,000 രൂപ ശമ്പളനിരക്കിൽ സർക്കാർ സ്ഥാപനമായ സ്പെയ്സ് പാർക്കിൽ നിയമിക്കാൻ ശുപാർശ ചെയ്തത് പി.ഡബ്ല്യു.സി. ആയിരുന്നു. തിരുവനന്തപുരത്തെ മൊബിലിറ്റി ഹബ്, കെ ഫോൺ, കെ റെയിൽ, എ.ഐ ക്യാമറ തുടങ്ങി അടുത്തകാലത്ത് സംസ്ഥാനസർക്കാർ നടപ്പാക്കുകയോ നടപ്പാക്കാൻ ആലോചിക്കുകയോ ചെയ്ത പല പദ്ധതികളുടെയും പിന്നിൽ ഈ ബ്രിട്ടീഷ് കൺസൾട്ടൻസി കമ്പനിയുണ്ട്.
അവർക്ക് തിരുവനന്തപുരം ഗവണ്മെന്റ് സെക്രട്ടറിയേറ്റിൽ പിൻവാതിൽ ഓഫീസ് തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുത്തു. കേരളത്തിലെ മിടുക്കരായ അഭ്യസ്തവിദ്യരിൽനിന്ന് പി.എസ്.സി. കണ്ടെത്തി നിയമിക്കുന്ന കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥർക്കു പകരം സ്വപ്ന സുരേഷിനെപ്പോലുള്ള അനർഹരെ അടയിരുത്തുന്നതായിരുന്നു പി.ബ്ല്യു.സിയുടെ സമാന്തര ഓഫീസ്. ഈ സമാന്തര ഓഫീസിനെക്കുറിച്ച് കേരളത്തോട് ആദ്യം പറഞ്ഞത് സർവ്വീസ് സംഘടനകളല്ല, അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു.
നിങ്ങളൊക്കെ ഏതു ലോകത്താണു ജീവിക്കുന്നതെന്നും ഇതു വല്ലതും ഇവിടെ നടക്കുമോ എന്നുമായിരുന്നു രമേശിന്റെ ആരോപണത്തോട് ആദ്യം മുഖ്യമന്ത്രി പ്രതികരിച്ചത്. രമേശ് ചെന്നിത്തല കള്ളം പറയുകയാണെന്നും അദ്ദേഹത്തിന്റെ മനോനില തകരാറിലാണെന്നും പിണറായി പരിഹസിച്ചു. പക്ഷേ, ചെന്നിത്തലയുടെ മനോനിലയല്ല, പിണറായി വിജയന്റെ ഇരട്ടച്ചങ്കിനാണു കുഴപ്പമെന്നു കാലം തെളിയിച്ചു.
സെക്രട്ടറിയേറ്റിൽ പി.ഡബ്ല്യു.സിക്ക് ഓഫീസ് തുടങ്ങാൻ നിർദ്ദേശിക്കുന്ന ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ കുറിപ്പ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. മാധ്യമങ്ങൾ അതേറ്റെടുത്തു. വിദഗ്ദ്ധ ജോലികൾ ചെയ്യാനുള്ള കാര്യക്ഷമത സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് ഇല്ലാത്തതിനാൽ അവിടെ വിദഗ്ദ്ധരായ കൺസൾട്ടൻസി കമ്പനികളുടെ ഓഫീസ് തുറക്കാൻ അനുമതി നൽകണമെന്നായിരുന്നു ഗതാഗത സെക്രട്ടറിയുടെ ശുപാർശ. 2018 സെപ്റ്റംബർ 27നാണ് അദ്ദേഹം കുറിപ്പ് നൽകിയത്.
ഈ കുറിപ്പ് പുറത്തുവരുന്നതിന് ഏതാനും ദിവസം മുമ്പ് സെക്രട്ടറിയേറ്റിൽ പി.ഡബ്ല്യു.സി. (പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്) എന്ന കൺസൾട്ടിങ് ഏജൻസിക്ക് ഓഫീസ് തുറക്കാനുള്ള ഫയൽ അന്തിമഘട്ടത്തിലാണെന്നു രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നതോടെ സെക്രട്ടറിയേറ്റ് ജീവനക്കാരടക്കം പ്രതിഷേധം കടുപ്പിച്ചു. കുറിപ്പ് പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഈ ശുപാർശ തള്ളി. രമേശ് ചെന്നിത്തലയുടെ മനോനിലയല്ല, പിണറായി വിജയന്റെ നിഗൂഢമായ നീക്കമാണ് പരിശോധിക്കേണ്ടതെന്നു ജനങ്ങൾ വിധിയെഴുതി...
അടുത്തത്, മൊബിലിറ്റി പദ്ധതിയാണ്. 2030 ഓടെ 4,500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സർക്കാർ പദ്ധതിയായിരുന്നു മൊബിലിറ്റി. ഈ നീക്കത്തിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നു രമേശ് ചെന്നിത്തല കണ്ടെത്തി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനായിരുന്നു ഇതിന്റെയും കൾസൾട്ടൻസി കരാർ. ഈ കരാർ നൽകിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 6000 കോടി രൂപ ചെലവിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഒരു മത്സരവും കൂടാതെ ഹെസ് എന്ന വിദേശകുത്തക കമ്പനിയെ അരിയിട്ടുവാഴിച്ച ഹൈക്ലാസ് അഴിമതിയായിരുന്നു മൊബിലിറ്റി ഹബ് എന്ന് പിന്നീടു ലോകം തിരിച്ചറിഞ്ഞു. അവർ രമേശ് ചെന്നിത്തലയ്ക്കു നന്ദി പറഞ്ഞു.
ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയുള്ള നീക്കമാണ് മൊബിലിറ്റിയിൽ നടത്തുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഹെസ് എന്ന വിദേശ കമ്പനിയെ വഴിവിട്ട് സഹായിക്കാനും കമ്മീഷനടിക്കുന്നതിനുമുള്ള പദ്ധതിയാണിതെന്നും രമേശേ് കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് ഒമ്പതു ചോദ്യങ്ങളാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്.




