- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി ജയരാജൻ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; ചെന്നിത്തല
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപി ജയരാജനെതിരെ സിപിഎമ്മിൽ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് ഇ പി ജയരാജനെ ഭയമാണ്. ഒരു നടപടിയുമുണ്ടാകില്ല. അങ്കം ജയിച്ച ചേകവനെപ്പോലെയാണ് ഇപി ജയരാജൻ ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ടതെന്നും രമേശ് ചെന്നിത്തല പരിഹാസ്യ രൂപേണ പറഞ്ഞു.
ഇത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പൊളിറ്റിക്കൽ ഡീൽ ആണ്. അഴിമതിക്കേസുകൾ ഇല്ലാതാക്കാനും അഴിമതിക്കേസിൽ നിന്നും രക്ഷപ്പെടുന്നതിനുമുള്ള ഡീൽ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ബിജെപിയുമായി സിപിഎം ഈ ഡീൽ തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ്. തുടർഭരണമെന്നത് ബിജെപിയുടെ സംഭാവനയാണ്. ബിജെപിയുടെ നാലു ശതമാനം വോട്ടു കുറഞ്ഞപ്പോഴാണ് തുടർഭരണം ഉണ്ടായത്.
അതുകൊണ്ട് ഇപി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ഇപിക്കെതിരെ നടപടി ഉണ്ടാകും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിപ്പോയി എന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് കെ സുധാകരൻ മടങ്ങി വരുന്നത് സംബന്ധിച്ച് മെയ് നാലിന് നടക്കുന്ന സംസ്ഥാന കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമുണ്ടായേക്കും. അതിൽ അഭിപ്രായ വ്യത്യാസമുണ്ടാകില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് വരെയാണ് എംഎം ഹസ്സന് ചാർജ് നൽകിയിരുന്നത്. വളരെ നല്ല രീതിയിലാണ് ഹസ്സൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോയത്. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. തിരുവനന്തപുരത്ത് മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ സംഘർഷത്തിൽ, പൊതുപ്രവർത്തകർ ശ്രദ്ധിച്ച് പെരുമാറേണ്ടതാണ്. പാവപ്പെട്ട ഒരു ഡ്രൈവറെ ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംഎൽഎ, മേയർ തുടങ്ങിയവർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട ആളുകളാണ്. ഇത്തരം പെരുമാറ്റങ്ങൾ സമൂഹത്തിൽ പൊതുപ്രവർത്തകരെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കാനേ സഹായിക്കൂ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
വടകരയിൽ ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിതമാണ് എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ഷാഫിക്കെതിരെ സിപിഎം വളരെ മോശമായ, തരംതാണ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ നീച പ്രവർത്തനങ്ങളും സിപിഎം നടത്തി. അതിനെയെല്ലാം അതിജീവിച്ച് ഷാഫി മികച്ച വിജയം നേടുമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് തെറ്റായ പ്രചാരണം അവർ അഴിച്ചു വിടുന്നത്. ഇടതു കോട്ടകളിൽപ്പോലും ഷാഫി വലിയ മുന്നേറ്റമുണ്ടാക്കും. വടകരയിൽ വർഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചത് സിപിഎമ്മാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ ജാവഡേക്കർ വിവാദത്തിൽ ഇപി ജയരാജനെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ജയരാജൻ സിപിഎമ്മിന്റെ അഴിമതിക്കൊട്ടാരം കാത്ത് സൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണെന്നും കെപിസിസി പ്രസിഡന്റ് സുധാകരനും പറഞ്ഞിരുന്നു. ജയരാജനെ തൊടാൻ എല്ലാവർക്കും പേടിയാണ്. തൊട്ടാൽ അഴിമതിക്കൊട്ടാരം കത്തുമെന്നും സുധാകരൻ പ്രതികരിച്ചു. ജയരാജനെ നോവിക്കാൻ സിപിഎം നേതൃത്വം ഒരിക്കലും തയ്യാറാവില്ല. ഇത് തുടക്കം മുതലേ താൻ പറയുന്ന കാര്യമാണ്. സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് സെഞ്ച്വറിയടച്ച ക്രിക്കറ്റ് കളിക്കാരൻ പോവുന്ന രീതിയിലാണ് ജയരാജൻ പോയതെന്നും സുധാകരൻ പറഞ്ഞു.