തിരുവനന്തപുരം: തന്നെ നായർ നേതാവായി ബ്രാൻഡ് ചെയ്യുന്നതിൽ പരിഭവം തുറന്നു പറഞ്ഞ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നായർ സമുദായത്തിൽ ജനിച്ചുപോയത് തന്റെ കുറ്റമല്ലെന്നും, അതൊരു അപരാധമായി കണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനിച്ചത് ഈ സമുദായത്തിലാണെന്നും എല്ലാവരും ഓരോ സമുദായത്തിലാണ് ജനിക്കുന്നതെന്നും അതൊരു തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിിത്തല.

നായർബ്രാന്റ് വല്ലാതെ പിന്തുടരുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് തനിച്ചുപോയത് ഒരു സമുദായത്തിലാണ്. എല്ലാവരും ഓരോ സമുദായങ്ങളിലാണ് ജനിക്കുന്നത്. അതൊരു കുറ്റമായിട്ടൊന്നും ഞാൻ കാണുന്നില്ല. നമ്മൾ ഏതെങ്കിലും ജാതിയിൽ ജനിക്കുന്നത് നമ്മുടെ കുറ്റമാണോ?, പക്ഷെ അതിന്റെ അടിസ്ഥാനത്തിൽ എന്നെ അളക്കരുത് എന്ന അഭിപ്രായം പണ്ടുതൊട്ടേ എനിക്കുണ്ട്. എന്റെ പ്രവർത്തനം നോക്കി വേണം കാര്യങ്ങൾ തീരുമാനിക്കാൻ. അതിൽ എനിക്കൊരു പ്രതിസന്ധിയുണ്ടാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പ്രതിസന്ധിയുണ്ടാക്കുന്നുമുണ്ട്- രമേശ് ചെന്നിത്തല പറഞ്ഞു.

ഈ ഒരു ബ്രാന്റിന്റെ പേരിൽ അർഹിക്കുന്ന പലതും കിട്ടാതെ പോയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രമേശ് ചെന്നിത്തല അതെ എന്നാണ് മറുപടി നൽകിയത്. പലരും ബോധപൂർവം അങ്ങനെ ചെയ്തിട്ടുണ്ടെന്നും നായർ കമ്യൂണിറ്റിയിൽ ജനിച്ചുപോയത് അപരാധമായിട്ടൊന്നും താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെല്ലാവരും ഓരോ സമുദായത്തിൽ ജനിച്ചവരല്ലേ എന്നും ചോദിക്കുന്ന ചെന്നിത്തല അതിലൊന്നും തെറ്റുണ്ടെന്ന് താൻ കരുതുന്നില്ലെന്നും പറഞ്ഞു. പക്ഷെ അതിന്റെ പേരിൽ തന്നെ ഒതുക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും, അതൊന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം തന്നെ ജനങ്ങൾക്കറിയാമെന്നും താൻ വിഭാഗീയമായോ ജാതീയമായോ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കി തന്നെ വിലയിരുത്തട്ടേ എന്നും അദ്ദേഹം പറഞ്ഞു. താൻ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടാണ് കെപിസിസി. പ്രസിഡന്റായിരുന്നപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴും പ്രവർത്തിച്ചത് എന്നും രമേശ് ചെന്നിത്തല അഭിമുഖത്തൽ പറഞ്ഞു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കൂടുതൽ പേർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന സൂചനയും ചെന്നിത്തല നൽകുന്നു. വടകരയിൽ വീണ്ടും മത്സരിക്കാനില്ലെന്ന കെ മുരളീധരന്റെ നിലപാടിന് പിന്നാലെ ഹൈബിയും, കെ മുരളീധരനും അടക്കമുള്ളവർ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കയാണ്. ഇതേക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ചെന്നിത്തല രംഗത്തുവന്നത്.

അടൂർ പ്രകാശിനെയും മുരളിയേയും ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയെന്നും കോന്നിയും വട്ടിയൂർകാവും പോയത് നഷ്ടമായെന്നും ചെന്നിത്തല അഭിമുഖത്തിൽ പറഞ്ഞു. താൻ ലോക്‌സഭയിലേക്ക് മത്സരിക്കില്ല. കേരളം തന്റെ പ്രവർത്തന മണ്ഡലമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തന്നെ നായർ ബ്രാൻഡാക്കി കാണുന്നതിൽ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പ്രവർത്തകസമിതിയിലെ അവഗണനയിൽ വില്ലൻ കെസി വേണുഗോപാൽ അല്ല. തനിക്ക് പ്രവർത്തിക്കാൻ പദവി പ്രശ്‌നമല്ല. പരാതി ഹൈക്കമാണ്ടിനെ നേരിട്ട് അറിയിക്കും. പരസ്യ പോരിന് ഇല്ല. പാർട്ടി എന്നും 'അമ്മ'യാണ്. വിഡി സതീശനുമായി ഇപ്പോൾ നല്ല ബന്ധമാണ്. നേരത്തെ ചില പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി ഡയറിയിൽ തന്റെ പേരുള്ളത് പ്രശ്‌നം അല്ല. പണം വാങ്ങിയത് പാർട്ടിക്ക് വേണ്ടിയാണ്. രാഷ്ട്രീയക്കാർ സംഭാവന വാങ്ങുന്നത് പോലെയല്ല വീണയുടെ മാസപ്പടി. സോളാർ അടിയന്തര പ്രമേയത്തിൽ പിഴവ് ഇല്ല. അടിയന്തിര പ്രമേയം കൊണ്ട് വന്നില്ലെങ്കിൽ വിമർശനം വരുമായിരുന്നു. സോളാർ ഗൂഡലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.