പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടൻ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചു കൊണ്ടാണ് ഫേസ്‌ബുക്കിലൂടെ അദ്ദേഹം പ്രതികരണം നടത്തിയത്.

'നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവർത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും', പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പാലക്കാട് കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർത്ഥി വരുമെന്നു പറഞ്ഞായിരുന്നു പിഷാരടിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നത്. പാലക്കാട് സ്വദേശി കൂടിയായതു കൊണ്ടാണ് പിഷാരടിക്കാണ് സ്ഥാനാർത്ഥിത്വത്തിൽ പ്രഥമ പരിഗണനയെന്നായിരുന്നു വാർത്ത. ലോക്‌സഭാ തിരഞ്ഞെടുപ്പിലുൾപ്പടെ കോൺഗ്രസ് പ്രചാരണത്തിൽ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോൺഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. ഷാഫി പറമ്പിലുമായി ആത്മബന്ധമുള്ള വ്യക്തി കൂടിയാണ് പിഷാരടി.

പാലക്കാട് എംഎ‍ൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ രമേഷ് പിഷാരടി മുൻനിരയിൽത്തന്നെയുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് തന്നെയാണ് സ്ഥാനാർത്ഥിയായി മുൻതൂക്കം ഉള്ളത്. മറ്റ് പേരുകൾ ഉയരുന്നുണ്ടെങ്കിലും ഷാഫിക്ക് താൽപ്പര്യം രാഹുലിനോട്തന്നെയാണ്.