ആലത്തൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് പിടിച്ചെടുത്ത ഇടതുകോട്ടയാണ് ആലത്തൂർ. മന്ത്രി കെ രാധാകൃഷ്ണനെയാണ് ഇത്തവണ എൽഡിഎഫ് ഗോദായിൽ ഇറക്കിയിരിക്കുന്നത്. പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തന്റെ പാതി കരിഞ്ഞ ഫ്‌ളക്‌സിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

രമ്യയുടെ കുറിപ്പ് :

' മനുഷ്യനാകണം.. മനുഷ്യനാകണം..
ഉയർച്ച താഴ്ചകൾക്കതീതമായ സ്‌നേഹമേ..
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്‌സിസം.. '

പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..

'സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല' എന്നുമായിരുന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ 2019 ൽ എ വിജയരാഘവന്റെ വാക്കുകൾ. അന്ന് ഈ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. 2014ൽ 44.34 ശതമാനം വോട്ട് വിഹിതം നേടിയിരുന്ന പി കെ ബിജു കഴിഞ്ഞ തവണ 36.8ലേക്ക് ചുരുങ്ങിയത് വിജയരാഘവന്റെ പ്രസ്താവനയുടെ പ്രത്യാഘാതം കൂടിയായിരുന്നു.

2009ൽ 20,960 വോട്ടിനും 2014ൽ 37,312 വോട്ടുകൾക്കും സിപിഎമ്മിലെ പി കെ ബിജു വിജയിച്ച ലോക്‌സഭ മണ്ഡലമാണ് ആലത്തൂർ. എന്നാൽ വിവാദങ്ങൾ നിറഞ്ഞ 2019ലെ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് 1,58,968 വോട്ടുകളുമായി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. 10,19,376 സമ്മതിദായകർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് 533,815 വോട്ടുകൾ നേടിയപ്പോൾ സിറ്റിങ് എംപിയായ പി കെ ബിജു 3,74,847 വോട്ടുകളിലൊതുങ്ങി. എൻഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസിന്റെ ടി വി ബാബു 89,837 വോട്ടും നേടി.