തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തിരുത്തുമെന്നാണ് സിപിഎം ആവർത്തിക്കുന്നത്. എങ്ങനെയാണ് തിരുത്തുക എന്നു ചോദിച്ചാൽ അതിന് 'ഉത്തമ മാതൃക' പത്തനംതിട്ടയിലെ തിരുവല്ലയിൽ നിന്നുമെത്തി. പീഡന കേസിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി മാറ്റി നിർത്തിയ നേതാവിനെ തിരികെ പാർട്ടിയിൽ എത്തിച്ചാണ് സിപിഎമ്മിന്റെ 'തിരുത്തൽ' ഉണ്ടായിരിക്കുന്നത്.

തിരുവല്ല കോട്ടാലിൽ ലോക്കൽ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് പാർട്ടിയിലേക്ക് തിരികെ എടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎൻഎ പരിശോധനയിൽ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. 2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി നൽകി നഗ്‌ന വിഡിയോ ചിത്രീകരിച്ചെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. മുൻപ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. എന്നാൽ, പുറത്താക്കൽ നടപടി കൺട്രോൾ കമ്മീഷൻ റദ്ദാക്കിയതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്.

2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം സജിമോൻ ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയിൽ കൃത്രിമം നടത്താൻ സഹായിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിരുന്നു. സജിമോനെതിരെ പാർട്ടി നടപടിയെടുത്തു. രണ്ടു വർഷത്തിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തി. 2022ൽ വനിതാ നേതാവിന്റെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ചതായി പരാതിയുയർന്നു. അന്വേഷണത്തിനുശേഷം പാർട്ടി പുറത്താക്കി.

കൺട്രോൾ കമ്മിഷന്റെ തീരുമാനപ്രകാരമാണ് ഇപ്പോൾ തിരിച്ചെടുക്കുന്നത്. ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടികാണിച്ചാണ് കമ്മീഷൻ പുറത്താക്കൽ നടപടി റദ്ദാക്കിയത്. തിരുവല്ലയിലെ പാർട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാൻ ചരട് വലിച്ചത്. തിരുവല്ലയിലെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ സമ്മർദ്ദമാണ് സജിമോനെ തിരികെ എടുക്കാൻ കാരണമായിരിക്കുന്നത്. സംഭവത്തിൽ പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പ് ശക്തമാണ്.