തിരുവനന്തപുരം: നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയില്ലെന്ന് മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറയുമ്പോഴും രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) അമർഷത്തിൽ തന്നെ. അതിശക്തമായ തീരുമാനങ്ങൾ പാർട്ടി എടുത്തേക്കും. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും അവഗണന ഇടതുപക്ഷം തുടർന്നാൽ ആർ ജെ ഡി കളം മാറി ചവിട്ടും. നിയമസഭാ തിരിഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം കഴിഞ്ഞ തവണ കിട്ടിയില്ല. ഒരു എംഎൽഎയുള്ള മറ്റെല്ലാം പാർട്ടിക്കും ഇടതുപക്ഷത്ത് മന്ത്രിസ്ഥാനം കിട്ടി. എന്നാൽ ആർജെഡിക്ക് മാത്രം നൽകിയില്ല. ഈ സാഹചര്യത്തിലാണ് ആർജെഡി പ്രതിഷേധം.

ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിൽ എത്തിയതെന്നാണ് ഇടതു കൺവീനർ പറയുന്നത്. എൽഡിഎഫിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബോർഡ് കോർപ്പറേഷൻ പദവികൾ തിരിച്ചുനൽകാൻ ആർജെഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം. എന്നാൽ കൺവീനർ പറയും പോലെയല്ല കാര്യങ്ങളെന്ന് ആർ ജെ ഡി പറയുന്നു. ആർജെഡി ദേശീയ നേതൃത്വവും ഗൗരവത്തോടെയാണ് ഇത് കാണുന്നത്. ലാലു പ്രസാദ് യാദവിനേയും തേജ്വസി യാദവിനേയും എല്ലാം ആർജെഡി സംസ്ഥാന അധ്യക്ഷൻ ശ്രേയംസ് കുമാർ അറിയിച്ചിട്ടുണ്ട്.

മന്ത്രിസ്ഥാനം നൽകിയില്ല. ഇപ്പോഴും ജനതാദൾ എസ് പ്രതിനിധി കെ കൃഷ്ണൻകുട്ടി മന്ത്രിയാണ്. ജെഡിഎസ് ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ്. എൻസിപിയുടെ ഔദ്യോഗിക വിഭാഗമായ അജിത് പവാറും ബിജെപിക്കൊപ്പം. ഈ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ ഇപ്പോഴും മന്ത്രി. ബിജെപിക്കൊപ്പം ദേശീയ തലത്തിലുള്ള രണ്ട് ഘടകകക്ഷികൾ ഇടതു മുന്നണിയിൽ മന്ത്രി സ്ഥാനത്തിന് അർഹർ. സോഷ്യലിസ്റ്റ് ചിന്ത ഉയർത്തുന്ന എൽജെഡി ലയിച്ചത് ബിജെപി വിരുദ്ധ പാർട്ടിയായ ആർജെഡിയിൽ. ഇനിയും നേരിടുന്നത് അവഗണനയാണ്. ഈ സാഹചര്യത്തിൽ ബീഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ സീറ്റുകളൊന്നും സിപിഎമ്മിന് കൊടുക്കരുതെന്ന ആവശ്യം ദേശീയ നേതൃത്വത്തിന് മുന്നിൽ ആർജെഡി സംസ്ഥാന അധ്യക്ഷൻ ശ്രേയംസ് കുമാർ വയ്ക്കും.

രാജ്യസഭാ സീറ്റുമായാണ് എൽജെഡി ഇടതുപക്ഷത്ത് എത്തിയത്. ഇപ്പോൾ അതുമില്ല. ഇതിനൊപ്പമാണ് ലോക്‌സഭയിലെ സീറ്റ് നിഷേധം. ആർജെഡിയുടെ ഈ പ്രതിഷേധത്തെ തണുപ്പിക്കാനാണ് സിപിഎം ശ്രമം. മുന്നണി കൺവീനർ ഇപി ജയരാജൻ ശ്രമിക്കുന്നതും അതിന് വേണ്ടിയാണ്. 'സീറ്റ് വിഭജനംവരുമ്പോൾ ഒരോ പാർട്ടിക്കകത്തും അണികളുടെ സമ്മർദ്ദമുണ്ടാകും. മുന്നണിയിൽ പാർട്ടികൾ അവരവരുടെ പ്രശ്നങ്ങൾ ഉന്നയിക്കും. തീരുമാനമെടുത്ത് കഴിഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കുക എന്നുള്ളതാണ് ഇടതുമുന്നണിയുടെ നിലപാട്. കേരളത്തിൽ 16 സീറ്റുകളിലായിരുന്നു സിപിഎം മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് -എമ്മിനായി ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് ഞാനാണ് എൽഡിഎഫ് യോഗത്തിൽ നിർദ്ദേശംവെച്ചത്. അത് എല്ലാവരും അംഗീകരിച്ചു' -ഇ.പി പറഞ്ഞു.

ഇടതുപക്ഷമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് ആർജെഡി നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്നവരാണ് കോവൂർ കുഞ്ഞുമോന്റെ പാർട്ടി. അവർക്കും മന്ത്രിസ്ഥാനമോ ലോക്സഭാ സീറ്റോ നൽകിയിട്ടില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ആർജെഡിക്ക് ആരെങ്കിലും സീറ്റ് വാദ്ഗാനം നൽകിയിരുന്നോ എന്ന ചോദ്യത്തിന്, അത് ഇപ്പോഴത്തെ എൽഡിഎഫ് കൺവീനറായിരിക്കണമെന്നില്ലെന്ന് ജയരാജൻ പറഞ്ഞു. അതേ സമയം ആർജെഡി സീറ്റ്ചോദിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കോൺഗ്രസ് ലീഗിനെ അവഗണിക്കുന്നത് പോലെയല്ല ഇടതുമുന്നണി. എല്ലാവർക്കും തുല്യപരിഗണനയാണ് എൽഡിഎഫിൽ. കോൺഗ്രസ് സീറ്റ് കൊടുത്ത് ലീഗ് മത്സരിക്കേണ്ട അവസ്ഥയുണ്ടോയെന്ന് ചിന്തിക്കണം. 1952-ൽ മദിരാശി സംസ്ഥാനത്ത് അഞ്ച് എംഎൽഎമാരും ഒരു എംപിയും ലീഗിനുണ്ടായിരുന്നു. 1962-ലും തനിച്ച് മത്സരിച്ച് രണ്ട് എംപിമാരുണ്ടായിരുന്നു. അവർക്കിപ്പോഴും രണ്ട് സീറ്റാണ്. ലീഗ് തനിച്ച് മത്സരിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ സീറ്റ് നേടുകയും കോൺഗ്രസ് ഗതികേടിലാകുകയും ചെയ്യും'ജയരാജൻ പറഞ്ഞു.