കോഴിക്കോട്: രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ തീർത്തും തഴഞ്ഞ സിപിഎമ്മിനെതിരെ തുറന്നടിച്ച് ആർജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടിയില്ലെന്ന് ശ്രേയംസ് വിമർശിച്ചു. ഇത് സംബന്ധിച്ച് മുന്നണിയിൽ ചർച്ച പോലും ഉണ്ടായില്ല. എൽഡിഎഫിലേക്ക് വലിഞ്ഞ കയറിവന്നവരല്ല ആർജെഡിയെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

കേരളത്തിൽ ജെഡിഎസ് എൽഡിഎഫിനൊപ്പം കേന്ദ്രത്തിൽ എൻഡിഎയ്ക്കൊപ്പം, എന്നിട്ടും ഇടതുമുന്നണി നേതൃത്വത്തിന് അത് ഒരു പ്രശ്നമല്ലെന്നു ശ്രേയാംസ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി എൽഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. ഒരിടത്ത് പോലും ആരും തങ്ങളുടെ പ്രവർത്തകർ പ്രവർത്തിച്ചിട്ടില്ലെന്ന് പരാതി പറഞ്ഞിട്ടില്ല. പാർട്ടി സഖാക്കൾ അവരുടെ കൈയിൽ നിന്ന് പണം ചെലവഴിച്ചാണ് തെരഞ്ഞടുപ്പ് പ്രവർത്തനം നടത്തിയത്. ആരോടും സഹായം ചോദിച്ചിട്ടില്ല. അവർക്ക് നിരാശതന്നെയാണ് ഇപ്പോഴും പ്രതിഫലമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

തുടക്കം മുതൽ ആവശ്യപ്പെട്ട മന്ത്രി സ്ഥാനത്തിന് അർഹതപ്പെട്ട ഞങ്ങളെ പരിഗണിച്ചില്ല. രണ്ടരവർഷം കഴിഞ്ഞിട്ടും ലഭിച്ചില്ല. എന്തിന്റെ പേരിലാണ് തങ്ങളെ മാറ്റിനിർത്തുന്നതെന്ന് മനസിലായില്ല. ഇതിൽ പാർട്ടി അണികളിൽ കടുത്ത അതൃപ്തിയുണ്ട്. ജെഡിഎസിന് എഴുപതോളം സ്ഥാനങ്ങൾ കിട്ടി. തങ്ങൾക്ക് ലഭിച്ചത് ആറോ എഴോ സ്ഥാനങ്ങൾ മാത്രം. ത്രിതല പഞ്ചായത്തിലും വേണ്ടരീതിയിൽ പരിഗണന ലഭിച്ചിട്ടില്ല. ഈ ആവഗണ മാറ്റി അർഹമായ അംഗീകാരം നൽകണം. പലതവണ കത്തുനൽകി. രണ്ടുതവണ ഉഭയകക്ഷി ചർച്ച നടത്തി. എന്നിട്ടുപോലും പരിഗണന ലഭിച്ചില്ല. സാധാരണ അണികളോട് പറയാൻ ഞങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് യോഗത്തിന് പതിനൊന്നാമതായിട്ടാണ് വിളിക്കാറ്. എന്തിനാണ് തങ്ങളോട് അത്ര അവഗണന തങ്ങൾ വലിഞ്ഞുകയറി വന്നതല്ല. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ട് വന്നതാണ്. ഞങ്ങളെക്കാൾ ചെറിയ പാർട്ടിക്ക് പോലും വലിയ അംഗീകാരം നൽകി. ഞങ്ങൾ പറയുന്ന കാര്യം മുഖവിലയ്ക്ക് എടുക്കണം. ഇത് മുന്നറിയിപ്പോ ഭീഷണിയോ അല്ലെന്നും ശ്രേയാംസ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാസീറ്റ് നൽകിയിരുന്നു. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് യു.ഡി.എഫ്. വിട്ട് എൽ.ഡി.എഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാർട്ടിയെ സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്നതാണെന്ന് ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ. മാണി മുഖ്യമന്ത്രിയെയും സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിരുന്നു.

രാജ്യസഭാസീറ്റിൽ ഘടകകക്ഷികൾക്കുവേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന രീതി സിപിഎം. സാധാരണ സ്വീകരിക്കാറില്ല. 2000-ത്തിൽ ആർ.എസ്‌പി.ക്ക് രാജ്യസഭാസീറ്റ് നൽകിയതാണ് ഇതിലൊരുമാറ്റമുണ്ടായത്. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചത്. ഒരു കാബിനറ്റ് പദവി കേരള കോൺഗ്രസിന് വാഗ്ദാനംചെയ്തുള്ള അനുനയ നീക്കമായിരുന്നു സിപിഎമ്മിന്റെ ആദ്യ പരിഗണനയിലുണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിക്കുപിന്നാലെ ഒരു കാബിനറ്റ് പദവി സൃഷ്ടിക്കുന്നത് ജനവികാരം എതിരാക്കുമെന്ന ബോധ്യത്തിലാണ് സിപിഎം പിന്നിലേക്ക് പോയതെന്നാണ് വിവരം.

അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയിൽ ഒരുകക്ഷിക്ക് 'ബ്ലോക്ക്' ആയി നിൽക്കാനുള്ള പരിഗണന ലഭിക്കൂ. കേരളത്തിലെ രാജ്യസഭാസീറ്റിലൊന്ന് ഉപേക്ഷിച്ചാൽ രാജ്യസഭയിൽ ഈ പരിഗണന സിപിഎമ്മിന് നഷ്ടമാകും. എല്ലാവരും കൂടിച്ചേർന്ന് രണ്ട് പാർട്ടികൾക്കും സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള അംഗീകാരം നൽകിയെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. മുന്നണിയെ മുന്നോട്ട് നയിക്കാൻ ഏറ്റവും സവിശേഷമായ നിലപാടാണ് സിപിഎം. സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.